ഉയർന്ന സാലറിയുണ്ടെങ്കിൽ പിന്നൊന്നും നോക്കാനില്ലെന്ന് കരുതുന്നവരായിരിക്കും അധികപേരും. എത്ര പ്രയാസമുള്ള ജോലിയാണെങ്കിലും സാലറിയുണ്ടെങ്കിൽ സന്തോഷം താനേ വന്നുചേരുമെന്ന് കരുതി പ്രഫഷണൽ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നവരാണ് മിക്കവാറും ചെറുപ്പക്കാരും. എന്നാൽ, എല്ലാവരുടെയും കാര്യത്തിൽ അതാണ് യാഥാർത്ഥ്യമെന്ന് കരുതിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. അങ്ങനെയല്ല കാര്യങ്ങൾ.
വലിയ സാലറിയുണ്ടെങ്കിലും ജീവിതത്തിൽ അത്രയൊന്നും സന്തോഷമോ സംതൃപ്തിയോയില്ലാതെ ദിവസങ്ങൾ തള്ളിനീക്കുന്ന, കോർപറേറ്റ് ചട്ടക്കൂടിനകത്ത് ഞെരുങ്ങിക്കഴിയുന്ന ചെറുപ്പക്കാരും ചില്ലറയല്ല. ജോലി ചെയ്ത് തുടങ്ങിയ സമയത്ത് ലഭിച്ചിരുന്ന നിസാരമായ സാലറിയിൽ താൻ അനുഭവിച്ചത്രയും സന്തോഷവും സമാധാനവും പിന്നീടുള്ള ജീവിതത്തിൽ തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ചെറുപ്പക്കാരന്‍റെ കുറിപ്പ്.
ചെറിയ സാലറിയുമായി ജീവിതം തള്ളിനീക്കുമ്പോൾ ചുറ്റിലും കുടുംബവും നാട്ടുകാരും കൂട്ടുകാരുമെല്ലാമുണ്ടായിരുന്നെന്നും എന്നാൽ, പിന്നീട് അതെല്ലാം പതിയ വിട്ടകന്നുപോയെന്നും ഇയാളുടെ എഴുത്തിലുണ്ട്. പോസ്റ്റ് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ, 'സന്തോഷമില്ലെങ്കിൽ എത്ര പണമുണ്ടായിട്ടെന്ത് കാര്യ'മെന്ന പഴയ ചർച്ചാവിഷയം പുനരുജ്ജീവിപ്പിക്കപ്പെട്ടിരിക്കുകയാണ്. നിരവധി പേരാണ് വ്യത്യസ്ത കമന്‍റുകളുമായി പോസ്റ്റിന് ചുറ്റും വട്ടംകൂടിയിരിക്കുന്നത്.
'രണ്ടര ലക്ഷം രൂപ പ്രതിമാസം നേടിയിട്ടെന്ത് കാര്യം. ഇത്രയും ദാരിദ്ര്യം ഞാൻ മുൻപെങ്ങും അനുഭവിച്ചിട്ടില്ല. ഇരുപതിനായിരം മാത്രം സാലറിയുണ്ടായിരുന്നപ്പോൾ ഇതിലും കൂടുതൽ സന്തോഷവാനായിരുന്നു ഞാൻ'. അയാൾ റെഡിറ്റിൽ കുറിച്ചു.
'ഒരിക്കൽ ഞാൻ വല്ലാതെ ആഗ്രഹിച്ച പദവിയിൽ തന്നെയാണുള്ളത്. അതിൽ തർക്കിക്കാനൊന്നുമില്ല. ഒരുപാട് ഉയർന്ന സാലറിയുള്ള ജോലിക്കാരനാകണമെന്നായിരുന്നു കുട്ടിക്കാലം മുതൽക്കേയുള്ള ആഗ്രഹം. ഇപ്പോഴത്തെ അവസ്ഥ ലളിതമായി പറയുകയാണെങ്കിൽ, പ്രതിമാസം രണ്ടര ലക്ഷം അക്കൌണ്ടിൽ കയറും. സമൂഹത്തിന് മുൻപിൽ ഇത്രയും സമ്പന്നൻ വേറെയില്ല. എന്നിട്ടെന്ത് കാര്യം? മോഹിച്ച കാര്യങ്ങൾക്ക് പിന്നാലെ പോകുന്നതിനിടെ പലതും നഷ്ടപ്പെടുത്തേണ്ടിവന്നു. വിജയത്തിലേക്കുള്ള ചവിട്ടുപടിയായി അവയെ കണക്കാക്കേണ്ടിവന്നു'. യുവാവ് വികാരധീനനായി എഴുതി.
ചെറിയ സാലറിക്ക് വേണ്ടി പണിയെടുക്കുമ്പോൾ ജീവിതത്തിന് നിലവിലുള്ളതിലും കൂടുതൽ അർത്ഥമുള്ളത് പോലെ തോന്നാറുണ്ടെന്നും ജീവനക്കാരൻ കുറിച്ചു. ഏറെ ഉയരത്തിലിരിക്കുമ്പോൾ സാധാരണ കാര്യങ്ങളായി തോന്നുന്ന പല സംഗതികളും പഴയകാലത്തെ ആഘോഷകാരണങ്ങളായിരുന്നെന്നും ചെറുപ്പക്കാരൻ കഷ്ടിച്ച് ഓർത്തെടുത്തു.
'ഇരുപതിനായിരം ശമ്പളം വാങ്ങിക്കുന്ന കാലത്ത് ചെറിയ വില കൊടുത്ത് സന്തോഷം വാങ്ങിക്കാറുണ്ടായിരുന്നു ഞാൻ. കഠിനാധ്വാനങ്ങൾക്ക് ശേഷമുള്ള കൊച്ചു ഡിന്നർ പാർട്ടികൾ സന്തോഷമുള്ളവയായിരുന്നു. ആഘോഷവേളകളിലേക്കുള്ള പുത്തൻ ഉടുപ്പുകൾ എടുക്കാനിറങ്ങുന്നത് അവിസ്മരണീയ മുഹൂർത്തങ്ങളായിരുന്നു.അന്ന് പണത്തിന് വലിയ വിലയുള്ളതിനാൽ തന്നെ, ജീവിതത്തിന് എന്തെല്ലാമോ അർത്ഥങ്ങളുണ്ടായിരുന്നു'. യുവാവിന്‍റെ കുറിപ്പ് നീണ്ടു.
'എന്നാൽ ഇന്ന് കാര്യങ്ങളെല്ലാം ആകെ മാറിമറിഞ്ഞിരിക്കുകയാണ്. ഇങ്ങനെയായിരുന്നില്ല പണ്ട്. മികച്ച ഭാവി കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തിനായി സമ്പാദ്യങ്ങൾ ഉണ്ടാക്കിവെക്കുകയെന്നത് മാത്രമാണ് നിലവിൽ ലക്ഷ്യം. ഇന്നത്തെ സന്തോഷം ഭാവിയിലെ സുരക്ഷിതത്വത്തിനായി പണയപ്പെടുത്തിവെക്കേണ്ട സാഹചര്യമാണുള്ളത്. ഇൻവെസ്റ്റ്മെൻഡ്സ്, മ്യൂച്ച്വൽ ഫണ്ട്സ്, എമർജൻസി റിസർവ്സ് തുടങ്ങിയവയ്ക്കായി ശമ്പളം നീക്കിവെക്കുകയാണ്.'
ആഴ്ചയിൽ 40 മണിക്കൂറുകളോളം പണിയെടുത്തിട്ടും സ്വന്തം ആസ്വാദനങ്ങൾക്ക് തുച്ഛമായ വിലയാണ് നീക്കിവെക്കാനാകുന്നതെന്നും ഇത്തരം കോർപറേറ്റ് ജീവിതമാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കിൽ എന്തിനും തയാറായിക്കോളൂവെന്നും ചൂണ്ടിക്കാട്ടിയാണ് യുവാവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
യുവാവിന്‍റെ കുറിപ്പ് അതിവേഗത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം നിരവധി പേരാണ് വ്യത്യസ്ത കമന്‍റുകളുമായെത്തിയത്. ധാരാളമായി ചിലവഴിക്കൂ, വിദേശയാത്രകൾ പോകൂ, ജീവിതം കൂടുതൽ സന്തോഷകരമായ ട്രാക്കിലേക്ക് തിരിച്ചുകൊണ്ടുവരൂ...ഒരാൾ കുറിച്ചു. പണം കൊണ്ട് സന്തോഷം വാങ്ങാനാവില്ലെന്ന ആ നഗ്നസത്യം താങ്കൾ തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് മറ്റൊരാൾ. സമാനമായ സാഹചര്യങ്ങൾ തങ്ങൾക്കും നേരിടേണ്ടിവന്നിട്ടുണ്ടെന്നാണ് മറ്റ് ചിലരുടെ കമന്‍റുകൾ.