മണ്ഡലമാകെ ഇളക്കി മറിച്ച് രാഹുല്‍; ആവേശത്തില്‍ വയനാട്ടിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍

മണ്ഡലത്തെ തൊട്ടറിഞ്ഞ് വികസന പ്രശ്നങ്ങളും ജനങ്ങളുടെ ആഗ്രഹങ്ങളുമൊക്കെ പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ രണ്ടാം ഘട്ട പര്യടനം.

Update: 2019-04-18 03:10 GMT
Advertising

മണ്ഡലമാകെ ഇളക്കി മറിച്ച് രാഹുല്‍ ഗാന്ധി മടങ്ങിയതോടെ ആവേശത്തിലാണ് വയനാട്ടിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. മണ്ഡലത്തിന്റെ ഭാഗമായ മൂന്ന് ജില്ലകളിലും രാഹുലെത്തിയതോടെ അവസാന വട്ട പ്രചാരണത്തില്‍ ബഹുദൂരം മുന്നിലെത്താനായെന്നാണ് യു.ഡി.എഫിന്റെ കണക്ക് കൂട്ടലുകള്‍. മണ്ഡലത്തെ തൊട്ടറിഞ്ഞ് വികസന പ്രശ്നങ്ങളും ജനങ്ങളുടെ ആഗ്രഹങ്ങളുമൊക്കെ പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ രണ്ടാം ഘട്ട പര്യടനം.

Full View

വയനാടിന്റെ ഹൃദയത്തില്‍‌ തൊട്ടായിരുന്നു ബത്തേരിയില്‍ നിന്നും തിരുമ്പാടി വഴി വണ്ടൂരിലേക്ക് രാഹുല്‍‌ പറന്നിറങ്ങിയത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ആരും കാര്യമായി ഉന്നയിക്കാതിരുന്ന മണ്ഡലത്തിലെ വികസന പ്രശ്നങ്ങള്‍ എണ്ണിപ്പറഞ്ഞ് നമുക്ക് കൂട്ടായി പരിഹരിക്കാമെന്ന രാഹുലിന്റെ വാക്കുകള്‍ കേട്ടു നിന്ന ജനത്തെയും കോരിത്തരിപ്പിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള മലയോരത്തെ സംഘര്‍ഷം മുതല്‍ രാത്രി യാത്ര നിരോധനവും വരെയുള്ള പ്രശ്നങ്ങള്‍ രാഹുല്‍ എണ്ണിപ്പറഞ്ഞു. വയനാടിന്റെ സൌന്ദര്യത്തെ കുറിച്ച് വാചാലനായി. ആ സൌന്ദര്യത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിയ്ക്കുമെന്ന വാഗ്ദാനവും നല്‍കി

തനിക്ക് വയനാട് നല്‍കേണ്ടത് ഹൃദയ ബന്ധമാണെന്ന് ഓരോയിടത്തും രാഹുല്‍ ആവര്‍ത്തിച്ചു. ഇതെല്ലാം കയ്യടിച്ച് ജനം സ്വീകരിച്ചത് യു.ഡി.എഫിന്റെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നു. അലയൊലികള്‍ വയനാട്ടില്‍ മാത്രം ഒതുങ്ങില്ലെന്ന് യു.ഡി.എഫ് ഉറച്ച് വിശ്വസിക്കുന്നു. രാഹുല്‍ പ്രചാരണ രംഗത്ത് സൃഷ്ടിച്ച മേല്‍‌കൈ കലാശകൊട്ട് ദിനത്തില്‍ പ്രിയങ്കയിലൂടെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് കോണ്‍ഗ്രസ് പാളയത്തിലെ കണക്ക് കൂട്ടല്‍.

Tags:    

Similar News