'ലിഫ്റ്റ് അപ്രതീക്ഷിതമായി മുകളിലേക്ക് പൊങ്ങി, തല കുടുങ്ങി'; കുവൈത്തിൽ യുവാവിന്റെ മരണം വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ

ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഷാഫി വീട്ടിൽ വന്നുതിരിച്ചു പോയത്

Update: 2022-04-03 10:24 GMT
Editor : abs | By : Web Desk
Advertising

കുവൈത്ത് സിറ്റി: ലിഫ്റ്റിൽ കുടുങ്ങി മരിച്ച മലയാളി യുവാവിന്റെ വിയോഗത്തിൽ ഞെട്ടൽ വിട്ടുമാറാതെ സുഹൃത്തുക്കൾ. നോമ്പിന്റെ ആദ്യദിനമായ ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫി അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. മംഗഫ് ബ്ലോക് നാലിൽ ബഖാല ജീവനക്കാരനായ ഇദ്ദേഹം സാധനങ്ങൾ ഡെലിവറി ചെയ്യാനെത്തിയ കെട്ടിടത്തിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്. അഗ്നിശമന സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

ഇതേക്കുറിച്ച് കുവൈത്തിലെ സുഹൃത്ത് പറയുന്നതിങ്ങനെ;

'നോമ്പു തുറന്ന ശേഷം രാത്രി എട്ടു മണിയോടെയാണ് ഷാഫി ഓർഡറുമായി കെട്ടിടത്തിലെത്തിയത്. ട്രോളിയിൽ വച്ചാണ് സാധനം കൊണ്ടുപോയത്.  മൂന്നു നിലക്കെട്ടിടത്തിൽ പഴയ മോഡൽ ലിഫ്റ്റാണ്. പുറത്തുനിന്നുള്ള ഒറ്റ ഡോർ മാത്രമാണ് ലിഫ്റ്റിനുണ്ടായിരുന്നത്. ട്രോളി ലിഫ്റ്റിൽ കുടുങ്ങിയ വേളയിൽ ഷാഫി തല പുറത്തേക്കിട്ടു. ആ സമയം ലിഫ്റ്റ് മുകളിലേക്ക് പൊങ്ങി അപകടമുണ്ടാകുകയായിരുന്നു.'

ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഷാഫി വീട്ടിൽ വന്നുതിരിച്ചു പോയത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്.പിതാവ് തെക്കേവളപ്പിൽ മുഹമ്മദ് കുട്ടി. മാതാവ് ഉമ്മാച്ചു. ഖമറുന്നീസയാണ് ഭാര്യ. മക്കൾ: ഷാമിൽ (ഒമ്പത് വയസ്സ്), ഷഹ്‌മ (നാലു വയസ്സ്), ഷാദിൽ (മൂന്നു മാസം). സഹോദരങ്ങൾ: റിയാസ് ബാബു, ലൈല, റംല, റഹീം. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News