മാസ്‌ക് ധരിക്കാത്തതിന് പൊലീസ് യുവാവിന്റെ കൈകാലുകളില്‍ ആണിയടിച്ചു കയറ്റി

തിങ്കളാഴ്ച രാത്രിയാണ് യുവാവിനെ പൊലീസ് പിടിച്ചുകൊണ്ടുപോയതെന്ന് അമ്മ പറയുന്നു

Update: 2021-05-26 14:57 GMT

മാസ്‌ക് ധരിക്കാത്തതിന് പൊലീസ് യുവാവിന്റെ കൈകാലുകളില്‍ ആണിയടിച്ചുകയറ്റിയതായി പരാതി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. മൂന്ന് പൊലീസുകാര്‍ വന്ന് തന്റെ മകനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് യുവാവിന്റെ അമ്മ പറഞ്ഞു. മകനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ മകന്‍ അവിടെയില്ലെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് ഏറെ നേരത്തെ തിരച്ചിലിന് ശേഷം കണ്ടെത്തുമ്പോള്‍ ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ കൈകാലുകളില്‍ ആണി അടിച്ചുകയറ്റിയ അവസ്ഥയിലായിരുന്നു എന്ന് അമ്മ പറഞ്ഞു.

തിങ്കളാഴ്ച രാത്രി 10 മണിയോടെ വീടിന് പുറത്ത് റോഡില്‍ നില്‍ക്കുമ്പോള്‍ അവിടെയെത്തിയ പൊലീസുകാര്‍ മാസ്‌ക് എവിടെയെന്ന് ചോദിച്ച് മകനെ കയ്യേറ്റം ചെയ്‌തെന്ന് അമ്മ പറഞ്ഞു. മകനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും യുവാവിന്റെ അമ്മ പൊലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം പൊലീസ് സംഭവം നിഷേധിച്ചു. യുവാവ് നിരവധി കേസുകളില്‍ പ്രതിയാണ് എസ്.പി രോഹിത് സജ്‌വാന്‍ പറഞ്ഞു. കേസില്‍ നിന്ന് രക്ഷപ്പെടാനാണ് പൊലീസിനെതിരെ ആരോപണമുന്നയിക്കുന്നത്. ആരോപണം തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News