ഗസ്സയിൽ പാരച്യൂട്ട് വഴി വിതരണം ചെയ്ത ഭക്ഷണപാക്കറ്റ് തലയിൽ വീണ് 15-കാരന് ദാരുണാന്ത്യം

മധ്യ ഗസ്സയിലെ നസ്രത്തിലെ മുഹമ്മദ് ഈദ് എന്ന കുട്ടിയാണ് മരിച്ചത്.

Update: 2025-08-10 09:23 GMT

ഗസ്സ: ഗസ്സയിൽ പാരച്യൂട്ട് വഴി വിതരണം ചെയ്യുന്ന ഭക്ഷണപാക്കറ്റ് തലയിൽ വീണ് 15-കാരന് ദാരുണാന്ത്യം. മധ്യ ഗസ്സയിലെ നസ്രത്തിലെ മുഹമ്മദ് ഈദ് എന്ന കുട്ടിയാണ് മരിച്ചത്. വിമാനത്തിൽ നിന്ന് സഹായ പാക്കറ്റുകൾ താഴേക്കിടുമ്പോൾ അത് എടുക്കാൻ ഓടിച്ചെന്നതായിരുന്നു ഈദ് എന്ന സഹോദരൻ പറഞ്ഞു. ഇതിന് മുമ്പും ഇത്തരം മരണങ്ങൾ സംഭവിച്ചിട്ടുണ്ട്.

ഇസ്രായേലിന്റെ ഉപരോധത്തെ തുടർന്ന കടുത്ത ഭക്ഷ്യ ക്ഷാമം നേരിടുന്ന ഗസ്സയിൽ പട്ടിണി മൂലം 217 പേരാണ് മരിച്ചത്. അതിൽ 100 പേർ കുട്ടികളാണ്. ഭക്ഷണവിതരണ കേന്ദ്രത്തിൽ കാത്തുനിന്ന 21 പേർ അടക്കം 39 പേർ ഇന്നലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 491 പേർക്ക് പരിക്കേറ്റു.

Advertising
Advertising

10 ലക്ഷത്തോളം ഫലസ്തീനികളെ ബലമായി കുടിയൊഴിപ്പിച്ച് ഗസ്സ പിടിച്ചെടുക്കാനുള്ള ഇസ്രായേൽ നീക്കം ചർച്ച ചെയ്യാനായി യുഎൻ സുരക്ഷാ സമിതി അടിയന്തര യോഗം ചേരുന്നുണ്ട്. ഇസ്രായേൽ നീക്കത്തിനെതിരെ ലോകവ്യാപകമായി വലിയ പ്രതിഷേധമുയരുന്നുണ്ട്. ബ്യൂണസ് അയേഴ്‌സ്, ലണ്ടൻ, ഇസ്താംബൂൾ തുടങ്ങിയ നഗരങ്ങളിൽ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.

അതിനിടെ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈനികരുടെ മർദനത്തിൽ ഗുരുതര പരിക്കേറ്റ ഫലസ്തീൻ പൗരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വഫ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഹംസ മർവാൻ എന്ന ഫലസ്തീൻ പൗരൻ ഹാരിസ് നഗരത്തിലെ റോഡിൽ നിൽക്കുമ്പോൾ യാതൊരു പ്രകോപനവുമില്ലാതെ ഇസ്രായേൽ സൈനികർ മർദിക്കുകയായിരുന്നു.

ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 61,369 ആയി. 152,850 പേർക്ക് പരിക്കേറ്റു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News