'ഈ വൃത്തികെട്ട ഇന്ത്യാക്കാരനെ പുറത്താക്കൂ എന്ന് ആക്രോശിച്ച് ബോധം കെടുന്നതുവരെ അവര്‍ എന്നെ അടിച്ചു'; ആസ്ത്രേലിയയിൽ ഇന്ത്യൻ വിദ്യാര്‍ഥിക്ക് നേരെ വംശീയ ആക്രമണം

സംഭവം ആസ്ത്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ ഞെട്ടിച്ചിട്ടുണ്ട്

Update: 2025-07-23 07:54 GMT
Editor : Jaisy Thomas | By : Web Desk

സിഡ്നി: ആസ്ത്രേലിയയിലെ അഡ്‍ലെയ്ഡിൽ 23കാരനായ ഇന്ത്യൻ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. വംശീയ ആക്രമണമെന്ന് സംശയിക്കുന്നതായി 9 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം ആസ്ത്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ ഞെട്ടിച്ചിട്ടുണ്ട്.

ജൂലൈ 19 ശനിയാഴ്ച, പ്രാദേശിക സമയം ഏകദേശം രാത്രി 9.22 ഓട് കൂടിയാണ് സംഭവം. ചരൺപ്രീത് സിംഗും ഭാര്യയും ഇല്ല്യൂമിനേറ്റ് ലൈറ്റ് ഇൻസ്റ്റാളേഷനുകൾ കാണാൻ നഗരഹൃദയത്തിലെ കിന്റോർ അവന്യൂവിന് സമീപം എത്തിയതായിരുന്നു. ഈ സമയം അഞ്ച് പേരടങ്ങുന്ന ഒരു സംഘമെത്തി സിങ്ങിനോട് കാര്‍ അവിടെ നിന്നും മാറ്റാൻ ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെ അക്രമികൾ സിങ്ങിനെ വംശീയമായിഅധിക്ഷേപിക്കുകയും 'ഈ വൃത്തികെട്ട ഇന്ത്യാക്കാരനെ പുറത്താക്കൂ' എന്ന് ആക്രോശിക്കുകയും ചെയ്തു. തുടര്‍ന്ന് കാറിന്‍റെ വിൻഡോയിലൂടെ സിങ്ങിനെ ഇടിച്ചു കയറ്റി. ചവിട്ടുകയും ആയുധങ്ങൾ ഉപയോഗിച്ചും മുഷ്ടി ചുരുട്ടിയും ആക്രമിച്ചു."ഞാൻ തിരിച്ചടിക്കാൻ ശ്രമിച്ചു, പക്ഷേ എന്‍റെ ബോധം കെടുന്നതുവരെ അവർ എന്നെ അടിച്ചു." സിങ്ങിന്‍റെ വാക്കുകളെ ഉദ്ധരിച്ച് 9 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Advertising
Advertising

ഗുരുതരമായി പരിക്കേറ്റ സിങ്ങിനെ റോയൽ അഡലെയ്ഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിൽ സിങ്ങിന്‍റെ തലച്ചോറിന് പരിക്കേറ്റിട്ടുണ്ട്. മുഖത്ത് ഒന്നിലധികം ഒടിവുകൾ ഉണ്ടായിട്ടുണ്ട്. മൂക്കിന് ഒടിവ് സംഭവിച്ചതായും, കണ്ണിന് ഗുരുതരമായ പരിക്കുകൾ ഏറ്റതായും പരിശോധനയിൽ കണ്ടെത്തി. സിങ്ങിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി റിപ്പോര്‍ട്ടിൽ പറയുന്നു. ശനിയാഴ്ച സിങ്ങിനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയതായി സൌത്ത് ആസ്ത്രേലിയ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച, എൻഫീൽഡിൽ നിന്നും 20 വയസുള്ള ഒരാളെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയു ചെയ്തു. ബാക്കിയുള്ള നാല് അക്രമികൾക്കായി അധികൃതർ തിരച്ചിൽ തുടരുന്നതിനിടെ പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ആക്രമണം നടന്ന പ്രദേശത്ത് നിന്നുള്ള സിസി ടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. "ഇതുപോലുള്ള കാര്യങ്ങൾ സംഭവിക്കുമ്പോൾ, നിങ്ങൾ തിരികെ പോകണമെന്ന് തോന്നും... നിങ്ങളുടെ ശരീരത്തിൽ എന്തും മാറ്റാൻ കഴിയും, പക്ഷേ നിറം മാറ്റാൻ കഴിയില്ല." സിങ് 9 ന്യൂസിനോട് പറഞ്ഞു. സൗത്ത് ഓസ്‌ട്രേലിയൻ പ്രീമിയർ പീറ്റർ മാലിനോസ്‌കാസ് അക്രമത്തെ ശക്തമായി അപലപിച്ചു. സംഭവം ഞെട്ടിപ്പിച്ചുവെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്ത് വംശീയമായ ആക്രമണങ്ങൾക്ക് സ്ഥാനമില്ലെന്ന് ഊന്നിപ്പറയുകയും ചെയ്തു.

അതേസമയം ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 40കാരനായ ഇന്ത്യാക്കാരനാണ് മര്‍ദനമേറ്റത്. വംശീയ ആക്രമണത്തിനിരയായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ ആവശ്യപ്പെട്ടു. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ യുവാവ് ഏതാനും ആഴ്ചകൾക്ക് മുമ്പ് അയർലണ്ടിൽ എത്തിയപ്പോഴാണ് ശനിയാഴ്ച വൈകുന്നേരം ടാലയിലെ പാർക്ക്ഹിൽ റോഡിൽ വെച്ച് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News