ആക്രമണം തുടരുന്നു; മരിയുപോളിൽ തിയറ്ററിനു നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ 300 പേർ കൊല്ലപ്പെട്ടു

മരിച്ചവരെ കുഴിമാടങ്ങളിൽ കൂട്ടമായി അടക്കം ചെയ്യേണ്ട സാഹചര്യമാണ്

Update: 2022-03-25 10:16 GMT
Advertising

യുക്രൈനിലെ തുറമുഖ നഗരമായ മരിയുപോളിൽ തിയറ്ററിനു നേരെയുണ്ടായ റഷ്യയുടെ ആക്രമണത്തിൽ 300 പേർ കൊല്ലപ്പെട്ടു. സ്ഥലത്ത് കനത്ത ഷെല്ലാക്രമണം തുടരുകയാണ്. മരിച്ചവരെ കുഴിമാടങ്ങളിൽ കൂട്ടമായി അടക്കം ചെയ്യേണ്ട സാഹചര്യമാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം പതിനാറിന് മരിയൂപോളിലെ ഒരു തിയേറ്ററിൽ റഷ്യൻ സൈന്യം ശക്തമായ ബോംബാക്രമണം നടത്തിയിരുന്നു. കുട്ടികളടക്കം ആയിരത്തിലധികം പേരായിരുന്നു തിയറ്ററിൽ അഭയം പ്രാപിച്ചത്.

അതേസമയം യുക്രൈനിൽ റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന വാദവുമായി വ്‌ളാദിമർ സെലൻസ്‌കി രംഗത്തു വന്നിരുന്നു. ആക്രമണത്തിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടെന്നും സെലൻല്കി പറഞ്ഞു.

റഷ്യ യുക്രൈനിൽ സൈനികനീക്കം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഈ ഘട്ടത്തിൽ നാറ്റോ യുക്രൈന് സൈനിക സഹായം നൽകണമെന്നാണ് സെലൻസ്‌കിയുടെ അഭ്യർഥന. റഷ്യ മുഴുവൻ ആയുധശേഖരവും നിയന്ത്രണങ്ങളില്ലാതെ യുക്രൈനെതിരെ ഉപയോഗിക്കുകയാണ്. യുക്രൈനെ രക്ഷിക്കാൻ സൈനിക സഹായം കൂടിയേ തീരുവെന്ന് സെലൻസ്‌കി പറഞ്ഞു.

ഫെബ്രുവരി 24നാണ് യുക്രൈന് മേൽ റഷ്യ ആക്രമണം ശക്തമാക്കിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് നേരിട്ട ഏറ്റവും വലിയ ആക്രമണം ഇപ്പോഴും തുടരുകയാണ്. തലസ്ഥാനമായ കിയവ് പിടിക്കാനുള്ള റഷ്യൻ ശ്രമം വിഫലമായി തന്നെ തുടരുകയാണ്. തെക്കൻ തുറമുഖ നഗരമായ മരിയുപോളിൽ റഷ്യൻ ബോംബാക്രമണം ഇപ്പോഴുമുണ്ട്. ഏകദേശം 100,000 ആളുകൾ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. മരിയുപോളിൽ മാത്രം 2,300 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.

121 കുട്ടികളാണ് യുക്രൈനിൽ കൊല്ലപ്പെട്ടത്. 14,000 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈൻ അവകാശപ്പെടുന്നുണ്ട്. റഷ്യയുടെ അധിനിവേശത്തിൽ പ്രതിഷേധിച്ച് ലോകമെമ്പാടുമുള്ള പൗരന്മാരോട് തെരുവിലിറങ്ങാൻ സെലൻസ്‌കി അഭ്യർഥിച്ചു

യുക്രൈനായുള്ള 800 മില്ല്യൺ ഡോളറിന്റെ ആയുധസഹായം വേഗത്തിൽ എത്തിക്കുമെന്ന് യുഎസ് പ്രതിരോധ സേന വ്യക്തമാക്കി. കിഴക്കൻ യൂറോപ്പിൽ നാറ്റോ സേനാവിന്യാസം കൂട്ടുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. സ്ലൊവാക്യ, ഹംഗറി, ബൾഗേറിയ, റൊമാനിയ എന്നിവിടങ്ങളിലേക്ക് നാല് പുതിയ യുദ്ധസംഘങ്ങളെ അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈനിൽ റഷ്യൻ സൈന്യം യുദ്ധക്കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News