Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഗസ്സ: ഗസ്സയുടെ തെക്കൻ നഗരമായ ഖാൻ യൂനിസിൽ ഇന്നലെ നടന്ന വ്യോമാക്രമണത്തിൽ 50 ലധികം പേർ കൊല്ലപ്പെട്ടു. തുടർച്ചയായ രണ്ടാം ദിവസമാണ് ഇസ്രായേൽ പ്രദേശത്ത് ആക്രണമണം നടത്തുന്നത്. കഴിഞ്ഞ ദിവസം വടക്കൻ, തെക്കൻ ഗസ്സയിൽ നടന്ന വ്യോമാക്രമണങ്ങളിൽ ഏകദേശം രണ്ട് ഡസനോളം കുട്ടികൾ ഉൾപ്പെടെ 70 പേർ കൊല്ലപ്പെട്ടതിന് ശേഷമുള്ള രണ്ടാമത്തെ കനത്ത ബോംബാക്രമണമാണിത്.
ഖാൻ യൂനിസിൽ ഇന്നലെ രാത്രിയിൽ പത്ത് വ്യോമാക്രമണമെങ്കിലും നടന്നതായും നിരവധി മൃതദേഹങ്ങൾ കഷ്ണങ്ങളായി നഗരത്തിലെ നാസർ ആശുപത്രിയിലെ മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടതായും ഒരു അസ്സോസിയേറ്റ് പ്രസ് ക്യാമറാമാൻ വെളിപ്പെടുത്തി. 54 പേർ കൊല്ലപ്പെട്ടതായി ആശുപത്രി മോർച്ചറി സ്ഥിരീകരിച്ചു. ഖത്തർ മാധ്യമമായ അൽ അറബി ടിവിയുടെ ഒരു പത്രപ്രവർത്തകനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പശ്ചിമേഷ്യ സന്ദർശിക്കുന്നതിനിടയിലാണ് ഗസ്സയിൽ ഇസ്രായേൽ തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നത്. ഇസ്രയേലിനെ ഒഴിവാക്കിയാണ് ട്രംപിന്റെ പശ്ചിമേഷ്യ സന്ദർശനം. ട്രംപിന്റെ സന്ദർശനം ഒരു വെടിനിർത്തൽ കരാറിന് വഴിയൊരുക്കുമെന്നും ഗസ്സയിലേക്കുള്ള മാനുഷിക സഹായം പുതുക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ഹമാസ് നേതാവ് മുഹമ്മദ് സിൻവറിനെ വധിക്കാനെന്ന വ്യാജേന ഇന്നലെ ഖാൻ യൂനുസിലെ യൂറോപ്യൻ ഹോസ്‌പിറ്റലിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 65 പേർ കൊല്ലപ്പെട്ടിരുന്നു. ഖാൻ യൂനിസിലെ യൂറോപ്യൻ ഗസ്സ ആശുപത്രിക്ക് അടിയിലുള്ള ഹമാസിന്റെ 'കമാൻഡ് ആൻഡ് കൺട്രോൾ കോമ്പൗണ്ട്' ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യവും ഷിൻ ബെറ്റും സംയുക്ത പ്രസ്‌താവനയിൽ അവകാശപ്പെട്ടു.