ബംഗ്ലാദേശിൽ ബിഎൻപി നേതാവിന്റെ വീട് ആക്രമിച്ച് തീയിട്ടു; ഏഴ് വയസുകാരി മകൾ കൊല്ലപ്പെട്ടു
മാതാവിന്റെ നിലവിളി കേട്ട് മകനും കുടുംബവും ഉണർന്നെങ്കിലും തീ ആളിപ്പടർന്നിരുന്നു.
ധാക്ക: ബംഗ്ലാദേശിൽ തുടരുന്ന സംഘർഷങ്ങൾക്കിടെ ഏഴ് വയസുകാരിയുടെ ജീവനെടുത്ത് അജ്ഞാതരുടെ ആക്രമണം. ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി നേതാവിന്റെ വീട് ആക്രമിച്ച് അക്രമികൾ തീയിട്ടു. തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ഏഴ് വയസുകാരിയായ മകൾക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
ബിഎൻപി ഭവാനിഗഞ്ച് യൂണിയൻ അസി. ഓർഗനൈസിങ് സെക്രട്ടറിയും വ്യാപാരിയുമായ ബിലാൽ ഹുസൈന്റെ വീടാണ് ആക്രമിച്ചത്. ആക്രമണത്തിൽ ബിലാലിന്റെ ഇളയ മകളായ ഐഷ അക്തറാണ് മരിച്ചത്. മറ്റ് പെൺമക്കളായ സൽമ അക്തർ (16), സാമിയ അക്തർ (14) എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു.
അർധരാത്രി ശബ്ദം കേട്ട് ഉണർന്ന ബിലാലിന്റെ മാതാവാണ് വീടിന് തീപിടിക്കുന്നത് കണ്ടത്. പിൻവാതിലിലൂടെ പുറത്തിറങ്ങി മുന്നിലെത്തിയ മാതാവ് കാണുന്നത് വാതിൽ പുറത്തുനിന്ന് പൂട്ടിയിരിക്കുന്നതാണ്. മാതാവിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് മകനും കുടുംബവും ഉണർന്നെങ്കിലും തീ ആളിപ്പടർന്നിരുന്നു. രക്ഷപെടാനായി ബിലാൽ ഹുസൈൻ വാതിൽ ചവിട്ടിപ്പൊളിക്കുകയും ഭാര്യ നസ്മയും നാല് മാസം പ്രായമുള്ള കുഞ്ഞും ആറ് വയസുള്ള മകനും പുറത്തിറങ്ങുകയും ചെയ്തു.
എന്നാൽ ബിലാലിന്റെ മറ്റ് മൂന്ന് പെൺമക്കളും മറ്റൊരു മുറിയിലായിരുന്നു ഉറങ്ങിയിരുന്നത്. തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഇവരെ ബിലാലിന് രക്ഷിക്കാനായില്ല. പിന്നീട് വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് തീകെടുത്തിയത്. അപ്പോഴേക്കും ഐഷ മരണത്തിന് കീഴടങ്ങിയിരുന്നു. പൊള്ളലേറ്റ രണ്ട് പെൺകുട്ടികളും ബിലാൽ ഹുസൈനും ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
'ഞങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഒരു കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയും പൊള്ളലേറ്റ മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്'- ലക്ഷ്മിപൂർ ഫയർ സർവീസിലെ സ്റ്റേഷൻ ഓഫീസർ രഞ്ജിത് കുമാർ ദാസ് പറഞ്ഞു. ആരാണ് ആക്രമണം നടത്തിയതെന്നും അതിന് പിന്നിലെ ലക്ഷ്യമെന്താണെന്നും അന്വേഷിച്ചുവരികയാണെന്ന് സ്ഥലം സന്ദർശിച്ച ലക്ഷ്മിപൂർ സദർ മോഡൽ താനയിലെ ഓഫീസർ-ഇൻ-ചാർജ് (ഒസി) എംഡി വാഹിദ് പർവേസ് പറഞ്ഞു.