ട്രംപിൻ്റെ 15 ശതമാനം തീരുവ നിലനില്‍ക്കുമോ? സാധ്യത കുറവാണെന്ന് നീല്‍ കത്യാല്‍

സാമ്പത്തിക കമ്മി പരിഹരിക്കാന്‍ താല്‍ക്കാലികമായി സര്‍ചാര്‍ജ് ചുമത്താന്‍ പ്രസിഡൻ്റിനെ അനുവദിക്കുന്ന 1974ലെ വ്യാപാര നിയമത്തിലെ വ്യവസ്ഥ പ്രകാരമാണ് ട്രംപ് പുതിയതായി നികുതി പ്രഖ്യാപിച്ചത്

Update: 2026-02-22 10:53 GMT

വാഷിങ്ടണ്‍ ഡിസി: പകരം തീരുവയുമായി ഇതുവരെ ലോകരാജ്യങ്ങളോട് പോരാടിയിരുന്ന യുഎസ് പ്രസിഡന്റ് ഇപ്പോള്‍ സ്വന്തം രാജ്യത്തെ സുപ്രിംകോടതിയുമായാണ് തീരുവയുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന പകരം തീരുവ നിയമാനുസൃതല്ലെന്നു കാട്ടി സുപ്രിംകോടതി റദ്ദാക്കിയതാണ്. ഇതിന് പിന്നാലെ പ്രസിഡന്റിനുള്ള സവിശേഷാധികാരം ഉപയോഗിച്ച് ട്രംപ് ആഗോളതലത്തില്‍ 10 ശതമാനം അധികം തീരുവ പ്രഖ്യാപിച്ചു. ഒരു ദിവസം പിന്നിടും മുമ്പ് ഇത് 15 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്തു.

എന്നാല്‍, ട്രംപിന്റെ ഈ തീരുമാനത്തിന് നിയമപരമായി നിലനില്‍പ്പുണ്ടോ? സാമ്പത്തിക കമ്മി പരിഹരിക്കാന്‍ 150 ദിവസത്തേക്ക് താല്‍ക്കാലികമായി സര്‍ചാര്‍ജ് ചുമത്താന്‍ പ്രസിഡന്റിനെ അനുവദിക്കുന്ന 1974ലെ വ്യാപാര നിയമത്തിലെ വ്യവസ്ഥ പ്രകാരമാണ് ട്രംപ് പുതിയതായി നികുതി പ്രഖ്യാപിച്ചത്. നിയമപരമായി അനുവദനീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആദ്യം പ്രഖ്യാപിച്ച 10 ശതമാനം പിന്നീട് 15 ആക്കി വര്‍ധിപ്പിച്ചത്. അതേസമയം, ട്രംപിന്റെ ഈ നടപടിക്ക് നിയമപരമായ നിലനില്‍പ്പിനുള്ള സാധ്യത കുറവാണെന്നാണ് പകരം തീരുവയില്‍ നിയമപോരാട്ടം നടത്തിയ അമേരിക്കയിലെ മുന്‍ ആക്ടിങ് സോളിസിറ്റര്‍ ജനറലും ഇന്ത്യന്‍ വംശജനുമായ നീല്‍ കത്യാല്‍ പറയുന്നു. അമിതമായി ചുമത്തിയ പകരം തീരുവ റദ്ദാക്കുന്നതില്‍ പരാതിക്കാര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത് ഇദ്ദേഹമായിരുന്നു.

Advertising
Advertising

'വ്യാപാര നിയമത്തിലെ 122ാം വകുപ്പ് പ്രകാരം പ്രസിഡന്റ് ചുമത്തിയ 15 ശതമാനം നികുതി നിലനില്‍ക്കുമോയെന്നത് സംശയമാണ്. നേരത്തെയുള്ള കേസില്‍ നീതിന്യായ വകുപ്പ് കോടതിയില്‍ പറഞ്ഞത് ഇതിന് നേരെ വിപരീതമാണ്. ട്രംപിന് തീരുവ വര്‍ധിപ്പിക്കണമെങ്കില്‍, അമേരിക്കയുടെ രീതിയില്‍ കോണ്‍ഗ്രസില്‍ പാസ്സാകണം. അദ്ദേഹത്തിന്റെ തീരുവ നല്ല ആശയമാണെങ്കില്‍ കോണ്‍ഗ്രസിനെ ബോധിപ്പിക്കുന്നതില്‍ പ്രയാസമുണ്ടാകില്ലല്ലോ. അതാണ് ഭരണഘടനാപരമായി ചെയ്യേണ്ടത്' -നീല്‍ കത്യാല്‍ പറഞ്ഞു. ട്രംപിന്റെ തീരുവക്കെതിരെ ലിബര്‍ട്ടി ജസ്റ്റിസ് സെന്ററിന്റെ പിന്തുണയോടെ ചെറുകിട ബിസിനസുകാര്‍ ഫയല്‍ ചെയ്ത കേസിലാണ് നീല്‍ ഹാജരായത്. അമേരിക്കയില്‍ നികുതി ചുമത്താന്‍ പ്രസിഡന്റിനല്ല കോണ്‍ഗ്രസിന് മാത്രമാണ് അധികാരമെന്നാണ് അദ്ദേഹം കോടതിയില്‍ വാദിച്ചത്.

ദേശീയ അടിയന്തരാവസ്ഥകളില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള നിയമപ്രകാരമാണ് ട്രംപ് രാജ്യങ്ങള്‍ക്കുമേല്‍ ഭീമന്‍ തീരുവകള്‍ ചുമത്തിയതെന്ന് പകരം തീരുവ റദ്ദാക്കിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. യുഎസ് ഭരണഘടന പ്രസിഡന്റിന് അല്ല, കോണ്‍ഗ്രസിനാണ് നികുതികളും തീരുവകളും പുറപ്പെടുവിക്കാനുള്ള അധികാരം നല്‍കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ, എല്ലാ വ്യാപാര പങ്കാളികളിലും തീരുവ ചുമത്താന്‍ ട്രംപ് തയ്യാറായത് ഭരണഘടനയെ നിരാകരിക്കുന്നതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News