ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 95 പേർ കൂടി കൊല്ലപ്പെട്ടു; ഗസ്സ പൂർണമായും പിടിച്ചെടുക്കുമെന്ന പ്രഖ്യാപനത്തിൽ ഉറച്ച് നെതന്യാഹു
ഗസ്സ പിടിച്ചടക്കി നിയന്ത്രണം സമ്പൂർണമാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു
ഗസ്സസിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ മാത്രം ഗസ്സയിൽ കൊല്ലപ്പെട്ടത് 95പേർ. ഗസ്സയിൽ ആക്രമണം വിപുലീകരിക്കാനുള്ള പദ്ധതിയിൽ മാറ്റമില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.
20ാം മാസത്തിലേക്ക് കടക്കുന്ന ഗസ്സ അധിനിവേശം കൂടുതൽ വിപുലപ്പെടുത്താൻ ഇസ്രായേൽ ഒരുങ്ങുന്നതിനിടെ, ഇന്നലെ മാത്രം കൊന്നുതള്ളിയത് 95 ഫലസ്തീനികളെ. ഇവരിൽ നല്ലൊരു പങ്കും സ്ത്രീകളും കുട്ടികളുമാണ്.
ദെയ്ർ അൽബലഹിൽ നൂറുകണക്കിന് പേർ താമസിച്ച അഭയാർഥി ക്യാമ്പിലെ ബോംബിങ്ങിൽ ഒമ്പത് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 27 പേരുടെ മരണം സ്ഥിരീകരിച്ചു. ഗസ്സ സിറ്റിയിലെ സമാന ആക്രമണത്തിൽ 19 പേരും കൊല്ലപ്പെട്ടു.
ഗസ്സ പിടിച്ചടക്കി നിയന്ത്രണം സമ്പൂർണമാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വൻ ആക്രമണം. പദ്ധതി നടപ്പാക്കാൻ ആയിരക്കണക്കിന് റിസർവ് സൈനികരെ കണ്ടെത്തുന്ന നടപടിയും ഇസ്രായേൽ ആരംഭിച്ചു. ഇതിനിടെ ഗസ്സയിൽ ഹമാസുമായി വെടിനിർത്തൽ സാധ്യത ഇസ്രായേൽ തള്ളി.
ശക്തമായ ആക്രമണ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. അതേസമയം ഗസ്സ വെടിനിർത്തൽ ചർച്ച സംബന്ധിച്ച സുപ്രധാന തീരുമാനം അടുത്ത 24 മണിക്കൂറിനകം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. ഹമാസ് കസ്റ്റഡിയിലുള്ള 59 ഇസ്രായേലി ബന്ദികളിൽ 21 പേർ മാത്രമാണ് ജീവനോടെയുള്ളതെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു.