ഗസ്സ; യുഎന്നിൽ യുഎസ് പ്രതിനിധി സംസാരിക്കവെ പുറംതിരിഞ്ഞു നിന്ന് പ്രതിഷേധം

സമിതി അംഗങ്ങളിൽ ഭൂരിപക്ഷവും യുഎസിനെതിരെ പ്രതിഷേധമുയർത്തി

Update: 2023-10-19 06:44 GMT
Editor : abs | By : Web Desk

ജനീവ: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന് പിന്തുണ നൽകുന്ന യുഎസ് നിലപാടിൽ പ്രതിഷേധിച്ച് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയിൽ  പ്രതിഷേധം. യുഎസ് അംബാസഡർ മിഷേല ടെയ്‌ലർ സംസാരിക്കവെ പുറം തിരിഞ്ഞു നിന്നാണ് വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികൾ പ്രതിഷേധം അറിയിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സമിതിയില്‍ എത്തിച്ചേര്‍ന്ന ഭൂരിപക്ഷവും യുഎസിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി. രണ്ടു ദിവസം നീണ്ടു നിന്ന യോഗത്തിലെ സമാപന റിവ്യൂവിലാണ് ആക്ടിവിസ്റ്റുകളും അഭിഭാഷകരും അടങ്ങുന്ന സമൂഹം പുറംതിരിഞ്ഞ് എഴുന്നേറ്റുനിന്നത്. ഗസ്സയിൽ യുഎസ് സ്വീകരിക്കുന്ന നിലപാടിന് അന്താരാഷ്ട്ര പിന്തുണയില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു സമിതിയിലെ കാഴ്ചകൾ.

Advertising
Advertising

യുഎൻ മനുഷ്യാവകാശ ഉടമ്പടിയോടുള്ള യുഎസിന്റെ പ്രതിബദ്ധത അറിയപ്പെട്ടതാണെന്ന് പ്രസംഗത്തിൽ ടെയ്‌ലർ പറഞ്ഞു. 'ഞങ്ങളുടെ ജനാധിപത്യത്തിന്റെ ഹൃദയഭാഗത്തുള്ള ധാർമികമായ അനിവാര്യതയാണത്. പുതിയ വെല്ലുവിളികൾ നേരിടാൻ രണ്ടു ദിവസമായി പ്രത്യക്ഷമായ നിരവധി വഴികളെ കുറിച്ചാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. കൂടുതൽ കാര്യങ്ങൾ ചെയ്യാമെന്ന ഞങ്ങളുടെ പ്രതിജ്ഞയും നിങ്ങൾ കേട്ടു. ഇവിടെ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ഏറ്റവും വേദന നിറഞ്ഞതാണെന്ന് ഞാൻ അംഗീകരിക്കുന്നു' - എന്നിങ്ങനെയായിരുന്നു അവരുടെ പ്രസംഗം. ഈ വേളയിലാണ് പ്രതിനിധികൾ എഴുന്നേറ്റു നിന്ന് നിശ്ശബ്ദ പ്രതിഷേധത്തിന്റെ ഭാഗമായത്. 



അതിനിടെ, ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാ സമിതിയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയം യുഎസ് വീറ്റോ ചെയ്തു. റഷ്യൻ പിന്തുണയോടെ അവതരിപ്പിക്കപ്പെട്ട പ്രമേയം വിഷയത്തിലെ ആദ്യത്തെ അന്താരാഷ്ട്ര ഇടപെടലായിരുന്നു. 15 അംഗ സമിതിയിൽ യുഎസ് മാത്രമാണ് എതിർത്തു വോട്ടു ചെയ്തത്. 12 പേർ അനുകൂലിച്ചു. റഷ്യയും യുകെയും വിട്ടു നിന്നു. അമേരിക്ക വീറ്റോ ചെയ്തതോടെ പ്രമേയം പാസായില്ല. അഞ്ചംഗ സ്ഥിരസമിതിയിലെ ആരെങ്കിലും നോ വോട്ടു ചെയ്താൽ പ്രമേയം പാസാകില്ല എന്നാണ് ചട്ടം. ചൈന, ഫ്രാൻസ്, റഷ്യൻ ഫെഡറേഷൻ, യുകെ, യുഎസ് എന്നീ രാഷ്ട്രങ്ങളാണ് യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ. 

ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തെ കുറിച്ച് ഒന്നും പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസ് പ്രമേയത്തെ എതിർത്തത്. യുഎൻ ചാർട്ടറിലെ വകുപ്പ് 51 പ്രകാരം ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് യുഎസ് അംബാസഡർ ലിൻഡ തോമസ്-ഗ്രീൻഫീൽഡ് പറഞ്ഞു.

അതിനിടെ, ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കുതിച്ചുയരുകയാണ്. ഹമാസ് ആക്രമണത്തിൽ 1402 പേർ കൊല്ലപ്പെടുകയും 4475 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നതാണ് കണക്ക്. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 3448 പേരാണ്. 12000ത്തിലേറെ പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. വെസ്റ്റ് ബാങ്കിൽ 65 പേരും ലബനാനിൽ 21 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.  




Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News