'ഇമ്രാൻ ഖാൻ പൂർണ ആരോഗ്യവാൻ'; അഡിയാല ജയിൽ നിന്ന് മാറ്റുമെന്ന അഭ്യൂഹങ്ങൾ തള്ളി അധികൃതർ
2023 ആഗസ്റ്റിലാണ് അഴിമതി അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഇമ്രാൻ ഖാനെ ജയിലിലടച്ചത്
കറാച്ചി: തഹ്‌രീകെ ഇൻസാഫ് പാർട്ടി സ്ഥാപകനും പാകിസ്താൻ മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ പൂർണ ആരോഗ്യവാനാണെന്ന് അഡിയാല ജയിൽ അധികൃതർ. ഇമ്രാന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾ ജയിൽ അധികൃതർ പൂർണമായും തള്ളി.
ഇമ്രാനെ അഡിയാല ജയിലിൽ നിന്ന് മാറ്റിയതായുള്ള വാർത്തകൾ തെറ്റാണെന്ന് ജയിൽ അധികൃതർ പറഞ്ഞു. അദ്ദേഹം ഇപ്പോഴും അഡിയാലയിൽ തുടരുകയാണ്. ആവശ്യമായ ചികിത്സ ജയിലിൽ നൽകുന്നുണ്ട്. ജയിൽ മാറ്റം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.
ഇമ്രാൻ ഖാൻ ജയിലിൽ ഉണ്ടെന്നും അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും എഎജി ന്യൂസ് സ്റ്റാഫ് റിപ്പോർട്ടർ ഫഹദ് ബഷീർ പറഞ്ഞു. അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇമ്രാൻ ഖാൻ ജയിലിൽ മരിച്ചതായി പാകിസ്താനിലെ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം നടന്നിരുന്നു. പിന്നാലെ അദ്ദേഹത്തെ കാണാൻ അനുമതി തേടി സഹോദരിമാരും തഹ്‌രീകെ ഇൻസാഫ് പാർട്ടി പ്രവർത്തകരും ജയിലിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിൽ അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. 2023 ആഗസ്റ്റിലാണ് അഴിമതി അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഇമ്രാൻ ഖാനെ ജയിലിലടച്ചത്.