ഇന്ത്യക്കുള്ള 21 മില്യൺ ഡോളർ ധനസഹായം റദ്ദാക്കി അമേരിക്ക

ഇലോൺ മസ്കിന്‍റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പിന്‍റേതാണ്​ നടപടി

Update: 2025-02-17 06:22 GMT

വാഷിങ്​ടൺ: ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾക്കുള്ള ദശലക്ഷക്കണക്കിന് ഡോളറിന്‍റെ ധനസഹായം റദ്ദാക്കി അമേരിക്ക. ഇന്ത്യയിലെ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാനായുള്ള 21 മില്യൺ ഡോളറിന്‍റെ (ഏകദേശം 182 കോടി രൂപ) ധനസഹായം റദ്ദാക്കുന്നതായി ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പ് (DOGE) പ്രഖ്യാപിച്ചു.

യുഎസ് നികുതിദായകരുടെ പണം വിവിധ ഇനങ്ങൾക്കായി ചെലവഴിക്കുന്നുണ്ട്​. അവയെല്ലാം റദ്ദാക്കുകയാണെന്ന്​ വകുപ്പ് വ്യക്​തമാക്കി. ബംഗ്ലാദേശിന്‍റെ രാഷ്ട്രീയ മേഖല ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 29 മില്യൺ ഡോളറിന്‍റെ പദ്ധതി, മൊസാംബിക്കിനുള്ള 10 മില്യൺ ഡോളറിന്‍റെ ധനസഹായം, നേപ്പാളിലെ സാമ്പത്തിക ഫെഡറലിസത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനുമുള്ള 39 മില്യൺ ഡോളറിന്‍റെ ധനസഹായം എന്നിവയും റദ്ദാക്കി.

Advertising
Advertising

കൂടാതെ ലൈബീരിയക്കുള്ള 1.5 മില്യൺ ഡോളർ, മാലിയിൽ സാമൂഹിക ഐക്യം വർധിപ്പിക്കാനുള്ള 14 മില്യൺ ഡോളർ, ദക്ഷിണാഫ്രിക്കക്കുള്ള 2.5 മില്യൺ ഡോളർ, ഏഷ്യയിലെ പഠന ഫലങ്ങൾ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ള 47 മില്യൺ ഡോളർ ധനസഹായം എന്നിവയും ഇലോൺ മസ്​കിന്‍റെ വകുപ്പ്​ റദ്ദാക്കിയവയിൽ ഉൾപ്പെടും.

കഴിഞ്ഞദിസം പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിച്ചപ്പോൾ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നവീകരണം, ബഹിരാകാശ പര്യവേക്ഷണം, കൃത്രിമബുദ്ധി, സുസ്ഥിര വികസനം എന്നിവയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്യുകയുണ്ടായി.

അതേസമയം, 21 മില്യൺ ഡോളർ ധനസഹായം റദ്ദാക്കിയതിനെ അനുകൂലിച്ചുകൊണ്ട്​ ബിജെപി ഐടി സേൽ മേധാവി അമിത്​ മാളവ്യ രംഗത്തുവന്നു. ‘വോട്ടർമാരുടെ എണ്ണം വർധിപ്പിക്കാൻ 21 മില്യൺ ഡോളർ? ഇത് തീർച്ചയായും ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ബാഹ്യ ഇടപെടലാണ്. ഇതിൽനിന്ന് ആർക്കാണ് നേട്ടം? തീർച്ചയായും ഭരണകക്ഷിക്കല്ല’ -അമിത്​ മാളവ്യ ‘എക്സി’ൽ പോസ്റ്റ്​ ചെയ്തു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News