ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തില്‍ തീയും പുകയും; എമർജൻസി എക്സിറ്റിലൂടെ ഇറങ്ങിയോടി യാത്രക്കാര്‍, ദൃശ്യങ്ങള്‍ വൈറല്‍

173 യാത്രക്കാരെയും ആറ് ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചെന്ന് അമേരിക്കൻ എയർലൈൻസ് അറിയിച്ചു

Update: 2025-07-27 08:47 GMT
Editor : Lissy P | By : Web Desk

വാഷിങ്ടണ്‍: ടേക്ക് ഓഫിന് തൊട്ടുമുന്‍പ് അമേരിക്കൻ എയർലൈൻസ് വിമാനത്തില്‍ നിന്ന് തീയും പുകയുമുയര്‍ന്നു.ശനിയാഴ്ച ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിന് മുമ്പായിരുന്നു സംഭവം. ഉടന്‍ തന്നെ യാത്രക്കാരെ എമര്‍ജന്‍സി എക്സിറ്റിലൂടെ പുറത്തിറക്കി.  

അമേരിക്കൻ എയർലൈൻസ് വിമാനമായ AA3023 ലെ  173 യാത്രക്കാരെയും ആറ് ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചെന്ന് അധികൃതര്‍ അറിയിച്ചു. ഒരാൾക്ക് നിസാര പരിക്കേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് അഞ്ച് പേർക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

Advertising
Advertising

ഡെൻവർ വിമാനത്താവളത്തിൽ നിന്ന് മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് തീയും പുകയുമയര്‍ന്നത്.പ്രാദേശിക സമയം ഉച്ചയ്ക്ക് 2:45 ഓടെ റൺവേയിൽ പുക ഉയരുന്നതിനിടെ പരിഭ്രാന്തരായ യാത്രക്കാർ ബോയിംഗ് വിമാനത്തിന്റെ എമർജൻസി എക്സിറ്റിൽ നിന്ന് താഴേക്ക് വീഴുന്ന വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ലാൻഡിങ് ഗിയറിന് തകരാർ സംഭിച്ചതു കൊണ്ടാണ് വിമാനം റദ്ദാക്കിയതെന്ന് യുഎസ് വ്യോമയാന നിരീക്ഷണ ഏജൻസിയായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും എഫ്എഎ അറിയിച്ചു.

 'ഡെൻവർ ഇന്റർനാഷണൽ എയർപോർട്ടിൽ (DEN) ടേക്ക് ഓഫിനിടെ അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 3023 ന്  മെക്കാനിക്കൽ തകരാർ സംഭവിച്ചു. എല്ലാ യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഇറങ്ങി.ഞങ്ങളുടെ ടീം അംഗങ്ങളുടെ പ്രൊഫഷണലിസത്തിന് നന്ദി പറയുന്നു.യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നു'.ഫോക്സ് ബിസിനസിന് നൽകിയ പ്രസ്താവനയിൽ അമേരിക്കൻ എയർലൈൻസ് അറിയിച്ചു. വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ മിയാമിയിലേക്ക് കൊണ്ടുപോകുമെന്നും അധികൃതര്‍ അറിയിച്ചു. തീയും പുകയും ഉയര്‍ന്നതോടെ വിമാനത്തിലുണ്ടായിരുന്നവര്‍ ഭയന്ന് നിലവിളിച്ചതായി യാത്രക്കാരനായ  കെയ്റ്റ്ലിൻ ബർഡി പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News