Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
വാഷിംഗ്ടൺ: ഇസ്രായേൽ ഗാർഡുകൾ തന്നോടും മറ്റ് തടവുകാരോടും ക്രൂരമായി പെരുമാറിയതായി അമേരിക്കൻ മാധ്യമപ്രവർത്തകയും ജൂത വംശജയുമായ നോവ അവിഷാഗ് ഷ്‌നാൽ. ഗസ്സ സമുദ്ര അതിർത്തിയിലെ ഉപരോധം ഭേദിക്കുന്നതിനും ആവശ്യവസ്തുക്കൾ എത്തിക്കുന്നതിനുമായി പുറപ്പെട്ട കോൺസൈൻസ് ഫ്രീഡം ഫ്ലോട്ടില്ലയിൽ നോവയും ഉൾപ്പെട്ടിരുന്നു. അന്താരാഷ്ട്ര ജലാശയത്തിൽ നിന്ന് ഇസ്രായേൽ സൈന്യം അവരെ പിടികൂടി. തുടർന്ന് ബലാത്സംഗ ഭീഷണി മുഴക്കിയതായും ക്രൂരമായി മർദിച്ചതായും അവർ വെളിപ്പെടുത്തി.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വിഡിയോയിൽ അന്താരാഷ്ട്ര ജലാശയത്തിൽ വെച്ച് ഇസ്രായേൽ ഗാർഡുകൾ തന്നോട് ക്രൂരമായി പെരുമാറിയതായും പലതവണ വസ്ത്രം അഴിച്ച് പരിശോധിച്ചതായും നോവ ആരോപിച്ചു. മനുഷ്യത്വരഹിതമായാണ് ഇസ്രായേലി ഗാർഡുകൾ തങ്ങളോട് പെരുമാറിയതെന്നും അവർ കൂട്ടിച്ചേർത്തു. താനടക്കം ഫ്ലോട്ടില്ലയിലുണ്ടായിരുന്ന 150 ആക്ടിവിസ്റ്റുകളോടും ഇസ്രായേലി ഗാർഡുകൾ മോശമായി പെരുമാറിയതായി നോവ ആരോപിച്ചു. തടവുകാരെ കൈകൾ ബന്ധിച്ചു, കണ്ണുകൾ കെട്ടി പിടിച്ചുവെച്ചതായും നോവ പറഞ്ഞു.
ഫ്ലോട്ടില്ല യാത്രക്കാരുടെ സാധനങ്ങൾ പരിശോധനക്കിടെ ആസൂത്രിതമായി കൊള്ളയടിച്ചതായും വെള്ളം, വൈദ്യസഹായം തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിച്ചെന്നും നോവ കൂട്ടിച്ചേർത്തു. കഴിഞ്ഞ വാരാന്ത്യത്തിൽ ഇസ്താംബൂളിൽ എത്തിയ നാടുകടത്തപ്പെട്ട ആക്ടിവിസ്റ്റുകളും സമാനമായ സംഭവങ്ങൾ പങ്കുവെച്ചിരുന്നു. 'അവർ ഞങ്ങളെ മുഖം താഴ്ത്തി മുട്ടുകുത്തി മർദിച്ചു.' ഇറ്റാലിയൻ റീജിയണൽ കൗൺസിലറായ പൗലോ റൊമാനോ പറഞ്ഞു. നോവ ഷ്‌നാലും മറ്റ് ഫ്ലോട്ടില്ല യാത്രക്കാരും ഉന്നയിച്ച ആരോപണങ്ങൾക്ക് ഇസ്രായേൽ സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.