ഗസ്സയിലെ സഹായ വിതരണ കേന്ദ്രത്തിന്റെ സുരക്ഷാ ചുമതല മുസ്‌ലിം വിരുദ്ധ നിലപാടുള്ള യുഎസ് ബൈക്കർ ക്ലബിന്

2006ലെ ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത യുഎസ് സൈനികരാണ് ഇൻഫിഡൽസ് മോട്ടോർസൈക്കിൾ ക്ലബ് രൂപീകരിച്ചത്

Update: 2025-09-12 12:03 GMT

ഗസ്സ: ഗസ്സയിലെ ജനങ്ങൾക്കുള്ള സഹായ വിതരണ കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്നത് കടുത്ത മുസ്‌ലിം വിരുദ്ധ നിലപാടുള്ള യുഎസ് ബൈക്കർ ക്ലബ് അംഗങ്ങൾ. അമേരിക്കൻ സന്നദ്ധ സംഘടനയായ ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ജിഎച്ച്എഫ്) സഹായ വിതരണ കേന്ദ്രത്തിന്റെ സുരക്ഷാ ചുമതല യുജി സൊല്യൂഷൻസ് എന്ന സ്വകാര്യ കരാർ കമ്പനിക്കാണ് നൽകിയിരിക്കുന്നത്. യുജി സൊല്യൂഷൻസിന് വേണ്ടി ഗസ്സയിൽ പ്രവർത്തിക്കുന്നവരിൽ ഭൂരിഭാഗവും ഇൻഫിഡൽസ് മോട്ടോർ സൈക്കിൾ ക്ലബിലെ അംഗങ്ങളാണെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

ഇവരിൽ ഭൂരിഭാഗവും മുൻ യുഎസ് സൈനികരും മുസ്‌ലിം വിരുദ്ധരുമാണ്. ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ കേന്ദ്രങ്ങളിൽ സഹായത്തിനായി വരിനിൽക്കുന്നതിനിടെ നിരവധി പേരാണ് വെടിയേറ്റും ഇസ്രായേൽ വ്യോമാക്രമണത്തിലും കൊല്ലപ്പെട്ടത്. ഈ കേന്ദ്രങ്ങളെല്ലാം യുഎസ് പ്രസിഡന്റ് ട്രംപിന്റെയും ഇസ്രായേലിന്റെയും പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്.

Advertising
Advertising

യുജി സൊല്യൂഷൻസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇൻഫിഡൽ മോട്ടോർസൈക്കിൾ ക്ലബിന്റെ ഭാഗമായ 10 പേരെ തങ്ങൾ തിരിച്ചറിഞ്ഞതായി ബിബിസി റിപ്പോർട്ടിൽ പറയുന്നു. ഇവരിൽ ഏഴുപേർ സീനിയർ പോസ്റ്റുകളിലാണ് പ്രവർത്തിക്കുന്നത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ ജീവനക്കാരെ പിന്തുണച്ച് യുജി സൊല്യൂഷൻസ് രംഗത്തെത്തി. സ്‌ക്രീൻ ചെയ്തും അഭിരുചി നോക്കിയുമല്ല ആളുകളെ ജോലിക്ക് തിരഞ്ഞെടുക്കുന്നതെന്നാണ് കമ്പനിയുടെ വാദം. വിദ്വേഷത്തോടെയും വിവേചനപരമായും പെരുമാറുന്നവരോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് ജിഎച്ച്എഫ് സ്വീകരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.

2006ലെ ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത യുഎസ് സൈനികരാണ് ഇൻഫിഡൽസ് മോട്ടോർസൈക്കിൾ ക്ലബ് രൂപീകരിച്ചത്. മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചാരണത്തിന് പേരുകേട്ടവരാണ് ഈ സംഘം. സോഷ്യൽ മീഡിയയിലൂടെ മുസ്‌ലിം വിരുദ്ധ പ്രഭാഷണങ്ങളും പരാമർശങ്ങളും പ്രചരിപ്പിക്കുന്നത് സംഘത്തിന്റെ പ്രധാന ഹോബിയാണ്. പുണ്യമാസമായ റമദാനെതിരെ പന്നി ഫെസ്റ്റ് നടത്തിയാണ് ബൈക്കർ ക്ലബ് പ്രതിഷേധിച്ചത്.

സഹായ വിതരണ കേന്ദ്രത്തിന്റെ സുരക്ഷാ ചുമതലയിൽ ഇത്തരം സംഘത്തിലുള്ളവരെ നിയമിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സുരക്ഷാ ചുമതല ഇൻഫിഡൽസ് ബൈക്കർ ക്ലബ് അംഗങ്ങൾക്ക് നൽകിയത് അസംബന്ധമാണെന്ന് അമേരിക്കൻ- ഇസ്‌ലാമിക് റിലേഷൻസ് കൗൺസിലിന്റെ ഡെപ്യൂട്ടി ഡയറക്ടർ എഡ്വേർഡ് അഹമ്മദ് മിച്ചൽ കുറ്റപ്പെടുത്തി.

സഹായ വിതരണ കേന്ദ്രങ്ങളിൽ സംഘർഷങ്ങളും വെടിവെപ്പും പതിവാകുന്നതും പലവിധ സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ആൾക്കൂട്ടത്തെ പിരിച്ചുവിടാനെന്ന പേരിൽ സഹായത്തിന് എത്തുന്നവർക്ക് നേരെ വെടിയുതിർത്ത നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഈ ആരോപണം യുജി സൊല്യൂഷൻസ് നിഷേധിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News