Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ദോഹ: ഖത്തറിന് നേരെയുണ്ടായ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് അറബ് രാജ്യങ്ങള്‍. പരമാധികാരത്തെ ചോദ്യം ചെയ്ത സാഹചര്യത്തില്‍ ഖത്തര്‍ എടുക്കുന്ന ഏത് തീരുമാനത്തിനും ഒപ്പമുണ്ടാകുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കി.
22 അറബ് രാജ്യങ്ങള്‍ ഉള്‍പ്പെട്ട അറബ് ലീഗും, ആറ് ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് സഹകരണ കൗണ്‍സിലും ഏക സ്വരത്തിലാണ് ഖത്തറിനെതിരായ ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ചത്.
ഇസ്രായേലിന്റേത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്ന് അവര്‍ കുറ്റപ്പെടുത്തി ഖത്തര്‍ അമീറിനെ ഫോണില്‍ വിളിച്ച യു.എ.ഇ പ്രസിഡന്റ്, സൗദി കിരീടാവകാശി, കുവൈത്ത് അമീര്‍ എന്നിവര്‍ക്ക് പുറമേ, ബഹ്‌റൈന്‍ ശൂറാ കൗണ്‍സിലും ഒമാന്‍ വിദേശകാര്യമന്ത്രാലയവും തങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി.
മധ്യസ്ഥരാജ്യമായ ഖത്തറിന് നേരയുള്ള ആക്രമണത്തെ ഈജിപ്തും ശക്തമായ ഭാഷയില്‍ അപലപിച്ചു. ആക്രമണത്തിന് തങ്ങളുടെ വ്യോമപാത അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ജോര്‍ദാന്‍ ആക്രമണത്തെ ഹീനമായ നടപടിയെന്നാണ് വിശേഷിപ്പിച്ചത്. നെതന്യാഹു സര്‍ക്കാറിന് ബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ പ്രതികരിച്ചു.
ഖത്തറിനും ഫലസ്തീനുമൊപ്പം തുര്‍ക്കി ശക്തമായി നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. അപകടകരമായ നീക്കമെന്ന് പറഞ്ഞ ഇറാന്‍ ഇസ്രായേല്‍ സകലനിയമങ്ങളും കാറ്റില്‍ പറത്തുകയാണെന്ന് വിമര്‍ശിച്ചു.
വേണമെങ്കില്‍ അറബ് രാജ്യങ്ങള്‍ ഇപ്പോള്‍ ഇടപടമെന്നായിരുന്നു ഹൂതികളുടെ പ്രതികരണം. ഒന്നിച്ചു നിന്നില്ലെങ്കില്‍ ദോഹയിലേത് എല്ലായിടത്തും സംഭവിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ഖത്തറിനെ ആക്രമിച്ചതിന് മറുപടിയെന്നോണം ഇന്നലെ രാത്രിയും യെമനില്‍ നിന്ന് ഹൂതികളുടെ മിസൈലുകള്‍ ഇസ്രായേല്‍ ലക്ഷ്യമിട്ട് എത്തിയിരുന്നു.