തെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ അറബ് പാര്‍ട്ടി സഖ്യമായ ജോയിന്റ് ലിസ്റ്റ് പൂർണ്ണമായി രംഗത്തുണ്ടാകുമെന്ന് നേതാവ് യൂസഫ് ജബരീൻ.
നിലവിലെ സർക്കാർ രാജ്യത്തെ അറബ് പൗരന്മാരുടെ ജീവിതം ദുരിതപൂർണ്ണമാക്കിയെന്ന് ഒരു ഇസ്രായേലി പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ സ്വാധീനവും കരുത്തും ഫലപ്രദമായ രീതിയില്‍ വിനിയോഗിക്കും, ബദല്‍ സർക്കാറുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും യൂസഫ് ജബരീൻ വ്യക്തമാക്കി.
നെതന്യാഹു, ബെൻ-ഗ്വിർ, സ്മോട്രിച്ച് എന്നിവരുടെ സർക്കാരിനെ പുറത്താക്കി അവരെ വീട്ടിലേക്ക് അയക്കുന്നതിനുള്ള വഴി ഒരുക്കാൻ ഞങ്ങൾ തയ്യറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രായേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജോയിന്റ് ലിസ്റ്റ് 13 സീറ്റുകളിൽ വിജയിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. മറ്റു അറബ് പാർട്ടികൾ കൂടി ചേരുമ്പോൾ ആകെ 19 സീറ്റുകൾ വരെ നേടാനാകുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ അറബ് പാർട്ടികൾ നിർണായക ശക്തിയാകുമെന്ന് ഉറപ്പായി.
85 ശതമാനം വോട്ടെണ്ണിയപ്പോൾ നെതന്യാഹുവിന്റെ സഖ്യം 54സീറ്റുകൾ നേടി. പ്രതിപക്ഷസഖ്യത്തിന് 49 സീറ്റാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്. നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യവും പ്രതിപക്ഷ സഖ്യവും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്.
അറബ് പാര്‍ട്ടി സഖ്യങ്ങളായ ജോയിന്റ് ലിസ്റ്റും യുണൈറ്റഡ് അറബ് ലിസ്റ്റും ചേര്‍ന്ന് നിര്‍ണായക സീറ്റുകള്‍ നേടുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ഇസ്രായേലിലെ അറബ് നഗരങ്ങളില്‍ ആഹ്ലാദപ്രകടനങ്ങള്‍ നിറഞ്ഞിരുന്നു. പാര്‍ട്ടി അനുകൂലികള്‍ കഫിയ ഉയര്‍ത്തി ആഘോഷമായി നീങ്ങിയിരുന്നു. ഇസ്രയേലിലെ വോട്ടർമാരിൽ ഏകദേശം 20% വരുന്നത് അറബ് ജനവിഭാഗമാണ്.