ഇസ്രായേല്‍ തെരഞ്ഞെടുപ്പ്; നെതന്യാഹു സഖ്യം 54 സീറ്റില്‍ മുന്നില്‍, പ്രതിപക്ഷ സഖ്യം 48 സീറ്റില്‍,
നിർണായക ശക്തിയായി അറബ് പാർട്ടികള്‍
തെല്‍ അവിവ്: ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ 76 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എക്‌സിറ്റ് പോളുകളില്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി നയിക്കുന്ന സഖ്യം മുന്നില്‍. ലിക്കുഡ് പാര്‍ട്ടി നയിക്കുന്ന സഖ്യം 54 സീറ്റിലാണ് മുന്നിലുള്ളത്. മുന്‍ ഇസ്രായേലി മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ് ഗാദി ഐസന്‍കോട്ടിന്റെ 'യഷാര്‍' പാര്‍ട്ടി നയിക്കുന്ന പ്രതിപക്ഷ സഖ്യം 48 സീറ്റിലാണ് മുന്നില്‍. നിര്‍ണായക സാന്നിധ്യമാകുന്ന അറബ് പാര്‍ട്ടികള്‍ 18 സീറ്റില്‍ മുന്നിലുണ്ട്. 120 അംഗങ്ങളുള്ള ഇസ്രായേല്‍ പാര്‍ലമെന്റായ ക്നെസ്സറ്റില്‍ 61 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. നിലവില്‍ ഒരു സഖ്യത്തിനും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ്.
ഇസ്രായേല്‍ ജനത മാറ്റത്തിന് അനുകൂലമായി വോട്ട് ചെയ്‌തെന്നും, അവിശ്വാസം രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു തോല്‍വി അംഗീകരിച്ച് പദവി ഒഴിയണമെന്നും പ്രതിപക്ഷ കക്ഷി നേതാവ് ഗാദി ഐസന്‍കോട്ട് ആവശ്യപ്പെട്ടു. 'ഇസ്രായേല്‍ ജനങ്ങള്‍ ഭരണമാറ്റത്തിനായി വോട്ട് ചെയ്തുകഴിഞ്ഞു. പരാജയപ്പെട്ട ഈ ഭരണസഖ്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. നെതന്യാഹു ഇനിയും പ്രധാനമന്ത്രിയായി തുടരുന്നതിനെതിരെയുള്ള ജനവിധിയാണിത്. ജനവിധി മാനിച്ച് അദ്ദേഹം സ്ഥാനം ഒഴിയണം' ഐസന്‍കോട്ട് ആവശ്യപ്പെട്ടു. തങ്ങളുടെ നേതൃത്വത്തില്‍ ഒരു സയണിസ്റ്റ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും ഐസന്‍കോട്ട് വ്യക്തമാക്കി.
അതേസമയം, ഒരു വലതുപക്ഷ സര്‍ക്കാര്‍ തന്നെ രാജ്യത്ത് അധികാരത്തില്‍ വരുമെന്ന് ബിന്യമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. എക്‌സിറ്റ് പോളുകള്‍ തൂക്കുസഭക്ക് സാധ്യത കല്‍പ്പിക്കുന്നുണ്ടെങ്കിലും, തങ്ങളുടെ ലിക്കുഡ് പാര്‍ട്ടിയാണ് രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന് നെതന്യാഹു അവകാശപ്പെട്ടു. അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നത് അനുവദിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. അറബ് പാര്‍ട്ടികളുമായുള്ള സഖ്യം നാണക്കേടും അപമാനവുമാണെന്നാണ് നെതന്യാഹുവിന്റെ വാദം.
'ഇസ്രയേലിനെ അപകടത്തിലാക്കുന്നതും സയണിസത്തെ എതിര്‍ക്കുന്നവരുമായ അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഒരിക്കലും അനുവദിക്കാനാവില്ല. അത് പാടില്ലാത്ത കാര്യമാണ്. അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നത് നാണക്കേടും അപമാനവുമാണ്'-നെതന്യാഹു പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍ നിര്‍ണായക സാന്നിധ്യമാകുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇസ്രയേലിലെ ഫലസ്തീന്‍ വംശജരായ പൗരന്മാരെ പ്രതിനിധീകരിക്കുന്ന ജോയിന്റ് ലിസ്റ്റ്, റാം എന്നീ രണ്ട് പാര്‍ട്ടികള്‍ക്ക് ഒരുമിച്ച് 19 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. ഇത് യാഥാര്‍ഥ്യമായാല്‍ ഇസ്രയേല്‍ പാര്‍ലമെന്റില്‍ അറബ് അംഗങ്ങളുടെ എണ്ണം റെക്കോര്‍ഡ് നിലയിലെത്തും.
77.07 ശതമാനം പോളിങ്ങാണ് ഈ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. 1999ന് ശേഷം ആദ്യമായാണ് ഇത്ര ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തുന്നത്. ഔദ്യോഗികമായ കണക്ക് പ്രസിദ്ധീകരിച്ചിട്ടില്ല. നിലവില്‍ വോട്ടെണ്ണല്‍ തുടരുകയാണ്. ആര് ഭരിക്കുമെന്ന് ഇന്നത്തോടെ അറിയുമെങ്കിലും നവംബര്‍ നാലിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാവുക.