മുഖത്തും കഴുത്തിലും രണ്ട് നിറം, കൈകളിൽ മേക്കപ്പ്; ട്രംപിനെ ചുറ്റി പുതിയ വിവാദം
ട്രംപിന്റെ രാത്രികാല സോഷ്യൽ മീഡിയ പോസ്റ്റുകളും പെരുമാറ്റരീതികളും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകളും വിദഗ്ദ്ധർ പരാമർശിക്കുന്നുണ്ട്
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖത്തും കൈകളിലും മേക്കപ്പ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വീണ്ടും ചർച്ചയാകുന്നു. മുഖത്തെ നിറവ്യത്യാസവും കൈകളിലെ ചതവുകൾ മറയ്ക്കാൻ മേക്കപ്പ് ഉപയോഗിക്കുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
മുഖത്തെയും കഴുത്തിലെയും ടാൻ ചെയ്ത നിറങ്ങൾ തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടായിരുന്നുവെന്നും മേക്കപ്പ് പുരട്ടിയ ഭാഗം അവസാനിക്കുന്ന ഭാഗം എടുത്തുകാണിക്കുന്നുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടാനിങ് ഉൽപ്പന്നങ്ങൾ, ബ്രോൺസർ, മേക്കപ്പ് എന്നിവ ഉപയോഗിച്ചാണ് ട്രംപ് പതിവായി ടാൻ ചെയ്ത രൂപം നിലനിർത്തുന്നതെന്നാണ് റിപ്പോർട്ടിലെ പരാമർശം.
ട്രംപിന്റെ കൈകളിൽ പതിവായി കാണപ്പെടുന്ന ചതവുകൾ മറയ്ക്കാൻ കട്ടിയുള്ള മേക്കപ്പ് ഉപയോഗിക്കുന്നതായും റിപ്പോർട്ടിലുണ്ട്. കൈകളിലെ നിറവ്യത്യാസം മറയ്ക്കാൻ കൺസീലർ പുരട്ടിയതായാണ് റിപ്പോർട്ട്. കൈകളിലെ ചതവുകൾ പതിവായി ശ്രദ്ധയിൽപ്പെടുന്നതും ആരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.
ആസ്പിരിൻ ഉപയോഗവും നിരന്തരമായ ഹസ്തദാനവുമാണ് കൈകളിലെ ചതവുകൾക്ക് കാരണമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. എന്നാൽ ചില ആരോഗ്യവിദഗ്ധർ ഈ വിശദീകരണത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കൈകളിലെ ചതവുകൾ രക്തപരിശോധനയ്ക്കോ ചികിത്സയ്ക്കോ വിധേയനാകുന്നതിന്റെ സൂചനയായിരിക്കാമെന്ന തരത്തിലുള്ള ആശങ്കകളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
ട്രംപിന്റെ മാനസികാരോഗ്യത്തെക്കുറിച്ചും പരാമർശം
ട്രംപിന്റെ രാത്രികാല സോഷ്യൽ മീഡിയ പോസ്റ്റുകളും പെരുമാറ്റരീതികളും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകളും വിദഗ്ദ്ധർ പരാമർശിക്കുന്നുണ്ട്. മുൻ ടഫ്റ്റ്‌സ് സർവകലാശാലാ സൈക്യാട്രിസ്റ്റ് ഡോ. ഹെൻറി എബ്രഹാം ട്രംപിന്റെ രാത്രികാല പെരുമാറ്റത്തെ 'മാനിയ'യുമായി ബന്ധപ്പെടുത്തി അഭിപ്രായപ്പെട്ടതായി ആൾട്ടർനെറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ഫോറൻസിക് സൈക്കോളജിസ്റ്റ് ഡോ. അലൻ ഡി. ബ്ലോട്ട്കി മറ്റൊരു വിലയിരുത്തലാണ് മുന്നോട്ടുവെക്കുന്നത്. ട്രംപിന്റെ ചില പെരുമാറ്റങ്ങൾ മാനസികരോഗത്തിന്റെ ലക്ഷണങ്ങളാണെന്ന് വ്യാഖ്യാനിക്കുന്നതിനുപകരം അവയെ നാർസിസിസവുമായി ബന്ധപ്പെട്ട പെരുമാറ്റങ്ങളായി കാണാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.