ഈ രണ്ട് രാജ്യങ്ങളിൽ വിവാഹമോചനം നിയമവിരുദ്ധം; കാരണമിതാണ്!

പൂർണമായ വിവാഹമോചനം തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചർച്ചകളും തർക്കങ്ങളും ഇപ്പോഴും തുടരുകയാണ്

Update: 2026-10-28 09:16 GMT

മനില: മിക്ക ലോകരാജ്യങ്ങളിലും വിവാഹമോചനം ഇപ്പോൾ നിയമപരമായ ഒരു ഓപ്ഷനാണ്. ഒരുമിച്ച് പോകാൻ കഴിയാത്ത ദമ്പതികൾക്ക് നിയമപരമായി വേര്‍പിരിയാൻ ഈ നിയമം അനുവദിക്കുന്നു. എന്നാൽ വിവാഹമോചനം നിയമപരമല്ലാത്ത ചില രാജ്യങ്ങളുമുണ്ട്.

ഇവിടെ അപ്രതീക്ഷിതമായ മറ്റൊരു ട്വിസ്റ്റ് കൂടിയുണ്ട്. ഈ രാജ്യങ്ങളിലൊന്നിൽ പണ്ട് വിവാഹമോചന നിയമം നിലവിലുണ്ടായിരുന്നു. എന്നാൽ പിന്നീട് അത് അവരുടെ നിയമസംവിധാനത്തിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. ഇന്ന് പോലും, അവിടുത്തെ ദമ്പതികൾക്ക് വിവാഹബന്ധം റദ്ദാക്കൽ , നിയമപരമായ വേർപിരിയൽ ഉൾപ്പെടെയുള്ള മറ്റ് നിയമപരമായ വഴികൾ ലഭ്യമാണ്, എന്നാൽ ഇവയൊന്നും പൂർണമായ ഒരു വിവാഹമോചനത്തിന് തുല്യമല്ല.

Advertising
Advertising

ഫിലിപ്പീൻസ്: ഒരിക്കൽ വിവാഹമോചനം അനുവദിച്ചിരുന്ന രാജ്യം

ഫിലിപ്പീൻസിന് വിവാഹമോചനവുമായി ബന്ധപ്പെട്ട് വളരെ രസകരമായ ഒരു ചരിത്രമുണ്ട്. പലരും കരുതുന്നതിന് വിരുദ്ധമായി ഒരുകാലത്ത് ഇവിടെ നിയമപരമായി വിവാഹമോചനം അനുവദിച്ചിരുന്നു.

1917-ൽ പാസാക്കിയ ആക്ട് നമ്പർ 2710 അനുസരിച്ച്, ഭാര്യയുടെ പരപുരുഷ ബന്ധം/വ്യഭിചാരം, അല്ലെങ്കിൽ ഭർത്താവിന്റെ പരസ്ത്രീ ബന്ധം തുടങ്ങിയ കാരണങ്ങളാൽ വിവാഹമോചനം അനുവദിച്ചിരുന്നു. എങ്കിലും, കുറ്റക്കാരനായ പങ്കാളിയുടെ തെറ്റ് ക്രിമിനൽ നടപടികളിലൂടെ തെളിയിക്കണം എന്നത് ഉൾപ്പെടെയുള്ള നിരവധി കർശന നിബന്ധനകൾ ഈ നിയമം മുന്നോട്ടുവെച്ചിരുന്നു.

എന്നാൽ, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആ രാജ്യത്തിന്റെ നിയമപരമായ സമീപനത്തിൽ മാറ്റമുണ്ടായി. 1950-ൽ പ്രാബല്യത്തിൽ വന്ന യുദ്ധാനന്തര സിവിൽ കോഡിൽ നിന്ന് പൂർണമായ വിവാഹമോചനം ഒഴിവാക്കപ്പെട്ടു. നിലവിലുള്ള ഫാമിലി കോഡ് അനുസരിച്ച് സാധാരണ രീതിയിലുള്ള പൂർണമായ വിവാഹമോചനത്തിന് വ്യവസ്ഥയില്ല.

എന്നിരുന്നാലും, ഒരു ഫിലിപ്പിനോ ദമ്പതികളുടെയും വിവാഹബന്ധം ഒരിക്കലും വേർപെടുത്താൻ കഴിയില്ല എന്ന് പറയുന്നത് ശരിയല്ല. അനുയോജ്യമായ കേസുകളിൽ ദമ്പതികൾക്ക് വിവാഹബന്ധം റദ്ദാക്കുന്നതിനോ , വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നതിനോ ഉള്ള നിയമവഴികൾ തേടാം. അതേസമയം, 'ലീഗൽ സെപ്പറേഷൻ' വഴി വിവാഹബന്ധം വേർപെടുത്താതെ തന്നെ പങ്കാളികൾക്ക് വേറിട്ട് താമസിക്കാനും സാധിക്കും. കൂടാതെ, മുസ്‍ലിം വ്യക്തിനിയമത്തിന് കീഴിലും വിദേശ രാജ്യങ്ങളിലെ വിവാഹമോചനങ്ങൾ അംഗീകരിക്കുന്ന ചില പ്രത്യേക സാഹചര്യങ്ങളിലും ഇതിന് അപവാദങ്ങളായ ചില ഇളവുകളുണ്ട്.

പൂർണമായ വിവാഹമോചനം തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചർച്ചകളും തർക്കങ്ങളും ഇപ്പോഴും തുടരുകയാണ്. ഇത് പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ബിൽ 2026 ജൂലൈയിൽ ഫിലിപ്പീൻസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിൽ സമർപ്പിച്ചിരുന്നു. നിലവിൽ പോപ്പുലേഷൻ ആന്റ് ഫാമിലി റിലേഷൻസ് കമ്മിറ്റിയുടെ പരിഗണനയിലാണ് ഈ ബിൽ.

വത്തിക്കാൻ സിറ്റി

വത്തിക്കാൻ സിറ്റിയിലെ സ്ഥിതി വ്യത്യസ്തമാണ്. ഇതിന് കത്തോലിക്കാ കാനോൻ നിയമവുമായി അടുത്ത ബന്ധമുണ്ട്. കത്തോലിക്കാ സഭയുടെ കാനൻ നിയമസംഹിത അനുസരിച്ച്, മാമ്മോദീസ സ്വീകരിച്ച വ്യക്തികൾ തമ്മിലുള്ള വിവാഹം ഒരു കൂദാശയാണ്, അതേസമയം ഐക്യവും അവിഭാജ്യതയും വിവാഹത്തിന്റെ അനിവാര്യ ഗുണങ്ങളായി കണക്കാക്കപ്പെടുന്നു.

മാമ്മോദീസ സ്വീകരിച്ച വ്യക്തികൾ തമ്മിലുള്ള വിവാഹം മനുഷ്യന് വേര്‍പെടുത്താൻ കഴിയില്ലെന്നും മരണത്തിലൂടെയല്ലാതെ വേര്‍പിരിയൽ സാധ്യമല്ലെന്നും വിശ്വാസം പഠിപ്പിക്കുന്നു. അതുകൊണ്ടാണ് സഭ സാധുവായ ഒരു കൂദാശപരമായ വിവാഹബന്ധം അവസാനിപ്പിക്കുന്നതിനുള്ള വഴിയായി വിവാഹമോചനത്തെ കാണാത്തത്.

എന്നിരുന്നാലും, ഒരു വിവാഹം ആരംഭത്തിൽ തന്നെ അസാധുവാണോ എന്ന് പരിശോധിച്ച് തിട്ടപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങളെ സഭ അംഗീകരിക്കുന്നുണ്ട്. ഇത് 'വിവാഹം അസാധുവായി പ്രഖ്യാപിക്കൽ' അല്ലെങ്കിൽ പൊതുവായി 'അനൽമെന്റ്' എന്നറിയപ്പെടുന്നു. ഇത് നിലവിലുള്ള ഒരു സാധുവായ വിവാഹത്തെ വെറുതെ റദ്ദാക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്നില്ല എന്നതിനാലാണ് സാധാരണ വിവാഹമോചനത്തിൽ നിന്ന് വേറിട്ടുനിൽക്കുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News