മനുഷ്യനെപ്പോലെ വെള്ളത്തിൽ കൈയിട്ടടിക്കുന്ന മുതല; അഭിനയിച്ച് ഇരയെ പിടിക്കാനെന്ന് നെറ്റിസൺസ്- സത്യാവസ്ഥ എന്ത്?

വർഷം തോറും നൂറുകണക്കിന് മുതലയാക്രമണങ്ങളാണ് ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്

Update: 2025-01-13 10:30 GMT

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇൻസ്റ്റ​ഗ്രാമിലും എക്സിലുമെല്ലാം കിടന്ന് വട്ടം കറങ്ങുന്ന ഒരു വീഡിയോയുണ്ട്. വെള്ളത്തിൽ മനുഷ്യനെ പോലെ കൈയിട്ടടിക്കുന്ന മുതലയുടെ വീഡിയോ ആണത്. ഇതിനകം 50 മില്യണിലധികം ആളുകളാണ് ആ വീഡിയോ കണ്ടത്. മനുഷ്യനെ വെള്ളത്തിലേക്കിറക്കി, പിടിച്ച് ഭക്ഷിക്കാൻ, മുതല മനുഷ്യനായി അഭിനയിക്കുകയാണെന്നാണ് വീഡിയോക്ക് താഴെയുള്ള കമൻ്റുകൾ മുഴുവൻ. മുതല പരിക്കേറ്റു പിടയുന്നതാവാമെന്നും കമൻ്റുകളുണ്ട്.

എന്നാൽ എന്തായിരിക്കും ഇതിൻ്റെ സത്യാവസ്ഥ? മനുഷ്യനെ പോലെ അഭിനയിച്ച് ഇരയെ പിടിക്കാൻ മാത്രം മുതലെയക്കൊണ്ടാകുമോ? പരിശോധിക്കാം.

Advertising
Advertising

വർഷം തോറും നൂറുകണക്കിന് മുതലയാക്രമണങ്ങളാണ് ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വീഡിയോയിൽ കാണുന്ന മുതല ഏത് വർ​ഗത്തിൽപ്പെട്ടതാണെന്ന് വ്യക്തമല്ല. മുതലകൾ പൊതുവെ ബുദ്ധിമാന്മാരായ വേട്ടക്കാരെന്നാണ് അറിയപ്പെടുന്നത്. എന്നാൽ വീഡിയോയിൽ കാണുന്ന മുതല ഇരപിടിക്കാൻ വേണ്ടി ശ്രമിക്കുന്നതല്ല എന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. നിരവധി വി​​ദ​​ഗ്ധരുടെ അഭിപ്രായങ്ങൾ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

'മുതല മനുഷ്യനെ ആകർഷിക്കാൻ ശ്രമിച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അത്തരം പെരുമാറ്റ രീതി അത്ഭുതമാണ്. ഇരയെ കണ്ടെത്താൻ അവക്ക് ഇത്തരം നീക്കങ്ങൾ നടത്തേണ്ട ആവശ്യമില്ല.'- ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബയോളജിക്കൽ സയൻസ് വിഭാഗത്തിലെ പ്രൊഫസറായ ഗ്രിഗറി എറിക്സൺ അഭിപ്രായപ്പെട്ടു. മുതലക്ക് നീന്താൻ സാധിക്കാതെ കിടന്ന് പിടഞ്ഞതാകാമെന്നാണ് ജന്തുശാസ്ത്രജ്ഞനായ ഗ്രഹാം വെബ്ബ് അഭിപ്രായപ്പെടുന്നത്. മനുഷ്യ-മുതല സംഘർഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ​ഗവേഷകനായ ബ്രാൻഡൻ സിഡ്‌ലിയോ, 'മുതലയുടെ വായിൽ ഇര ഉണ്ടായിരുന്നിരിക്കാമെന്നും അതാവാം അതിൻ്റെ ചലനം തടസ്സപ്പെട്ടതെ'ന്നും അഭിപ്രായപ്പെടുന്നു.

തെറ്റായ വാദങ്ങൾ ​ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വി​ദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതിലൂടെ മുതലകളുടെ ജീവൻ വരെ അപകടത്തിലാവാമെന്നും ഇവർ പറയുന്നു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News