നൈജീരിയയിൽ കൂട്ടക്കുരുതി: 100ഓളം പേരെ വെടിവെച്ചു കൊലപ്പെടുത്തി; നിരവധി പേരെ കാണാതായി

വെള്ളിയാഴ്ച രാത്രി മുതൽ ഇന്നലെ പുലർച്ചെ വരെയാണ് ആക്രമണം നടന്നത്

Update: 2025-06-15 06:50 GMT
Editor : നബിൽ ഐ.വി | By : Web Desk

അബുജ: നൈജീരിയയിലെ വടക്കന്‍ സംസ്ഥാനമായ മധ്യ ബെനുവിൽ നടന്ന വെടിവെപ്പില്‍ 100 പേര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ നൈജീരിയ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രി മുതൽ ഇന്നലെ പുലർച്ചെ വരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്.

യെലെവാട്ടയില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണമാണ് ഇത്രയധികം പേരുടെ മരണത്തിനിടയാക്കിയത്. 'നിരവധി ആളുകളെ ഇപ്പോഴും കാണാനില്ല. ഡസൻ കണക്കിന് പേർക്ക് പരിക്കേറ്റു, പലർക്കും മതിയായ വൈദ്യസഹായം ലഭിച്ചില്ല. നിരവധി കുടുംബങ്ങളെ കിടപ്പുമുറികൾക്കുള്ളിൽ പൂട്ടിയിട്ട് കത്തിച്ചു. തിരിച്ചറിയാന്‍ കഴിയാത്തവിധം നിരവധി മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞെന്നും' ആംനസ്റ്റി ഇന്റർനാഷണൽ എക്സിൽ കുറിച്ചു.

Advertising
Advertising

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. യെലെവാട്ടയില്‍ ആക്രമണം നടന്നതായി ബെനുവയിലെ പൊലീസ് വക്താവ് ഉദേമെ എഡെറ്റ് സ്ഥിരീകരിച്ചു. എന്നാൽ എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

നൈജീരിയയിലെ മിഡില്‍ ബെല്‍റ്റില്‍ സ്ഥിതി ചെയ്യുന്ന ബെനുവിന്റെ വടക്കന്‍ പ്രദേശങ്ങളിൽ മുസ്‌ലിം ഭൂരിപക്ഷവും തെക്ക് ഭാ​ഗത്ത് ക്രിസ്ത്യാനികളുമാണ് കൂടുതലായുള്ളത്. ഭൂവിനിയോഗത്തെച്ചൊല്ലി പ്രദേശത്ത് നിരന്തരമായ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കന്നുകാലികള്‍ക്ക് മേച്ചില്‍സ്ഥലം തേടുന്ന ഇടയന്മാരും കൃഷിക്ക് ഭൂമി ആവശ്യമുള്ള കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷങ്ങളും ഇവിടെ നിലനില്‍ക്കുന്നുണ്ട്. വംശീയവും മതപരവുമായ സംഘര്‍ഷങ്ങളാല്‍ ഈ തര്‍ക്കങ്ങള്‍ പലപ്പോഴും വഷളാകുന്നു.

2019 മുതൽ ഈ ഏറ്റുമുട്ടലുകളിലായി 500ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഏകദേശം 2.2 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി ഗവേഷണ സ്ഥാപനമായ എസ്‌ബി‌എം ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News