1971ലെ യുദ്ധ കുറ്റകൃത്യക്കേസിൽ എടിഎം അസ്ഹറുൽ ഇസ്‌ലാമിനെ കുറ്റവിമുക്തനാക്കി ബംഗ്ലാദേശ് സുപ്രിംകോടതി
ചീഫ് ജസ്റ്റിസ് സയ്യിദ് റിഫാത് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ചാണ് അസ്ഹറുൽ ഇസ്‌ലാമിനെ കുറ്റവിമുക്തനാക്കിയത്.
ധാക്ക: 1971ലെ വിമോചനപ്പോരാട്ടത്തിനിടെ യുദ്ധ കുറ്റകൃത്യങ്ങൾ നടത്തിയെന്ന കേസിൽ ജമാഅത്തെ ഇസ്‌ലാമി നേതാവ് എടിഎം അസ്ഹറുൽ ഇസ്‌ലാമിനെ ബംഗ്ലാദേശ് സുപ്രിംകോടതി കുറ്റവിമുക്തനാക്കി. ചീഫ് ജസ്റ്റിസ് സയ്യിദ് റിഫാത് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ചാണ് ഉത്തരവിട്ടത്.
അറസ്റ്റിന് പിന്നാലെ മാനവികതക്ക് എതിരായ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ ഒമ്പത് കുറ്റങ്ങളാണ് അസ്ഹറിനെതിരെ ചുമത്തിയിരുന്നത്. ബംഗ്ലാദേശിലെ രംഗപൂരിൽ 1256 പേരുടെ കൊലപാതകത്തിനും 17 പേരുടെ തട്ടിക്കൊണ്ടുപോകലിനും 13 സ്ത്രീകളെ ബലാത്സംഗം ചെയ്തതിനും അസ്ഹറുൽ ഇസ്‌ലാം ഉത്തരവാദിയാണ് എന്നായിരുന്നു കുറ്റപത്രത്തിലെ ആരോപണം. സാധാരണക്കാരെ മർദിച്ചതിനും നൂറുകണക്കിന് വീടുകൾ അഗ്നിക്കിരയാക്കിയതിനും അസ്ഹറുൽ ഇസ്‌ലാം കുറ്റക്കാരനാണെന്നും കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.
അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണൽ 2014 ഡിസംബർ 30ന് അസ്ഹറിന് വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ 2015 ജനുവരി 28ന് അസ്ഹർ അപ്പലേറ്റ് ഡിവിഷനിൽ ഹരജി നൽകി. 2020 ജൂലൈ 19ന് അപ്പലേറ്റ് ഡിവിഷനിൽ അദ്ദേഹം റിവ്യൂ ഹരജിയും നൽകിയിരുന്നു.