''ബ്ലാ, ബ്ലാ, ബ്ലാ''; യുഎൻ കാലാവസ്ഥാ ഉച്ചകോടിയെ വിമർശിച്ചും പരിഹസിച്ചും വീണ്ടും ഗ്രേറ്റ തുൻബെർഗ്

ഇന്ത്യയുടെയും ചൈനയുടെയും എതിർപ്പിനെത്തുടർന്ന് കൽക്കരി സംബന്ധമായ തീരുമാനത്തിൽ വെട്ടിത്തിരുത്തലുകളോടെയാണ് കാലാവസ്ഥാ ഉച്ചകോടിയുടെ അന്തിമ പ്രമേയം പാസായത്

Update: 2021-11-14 11:39 GMT
Editor : Shaheer | By : Web Desk
Advertising

യുഎൻ ആഭിമുഖ്യത്തിൽ നടന്ന സിഒപി26 കാലാവസ്ഥാ ഉച്ചകോടിയെ വിമർശിച്ച് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ്. കഴിഞ്ഞ ദിവസം ഗ്ലാസ്‌ഗോയിൽ സമാപിച്ച ഉച്ചകോടിയെ 'ബ്ലാ, ബ്ലാ, ബ്ലാ' എന്നാണ് അവർ വിശേഷിപ്പിച്ചത്.

ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഗ്രേറ്റയുടെ പരിഹാസം കലർന്ന വിമർശനം. 'സിഒപി26 സമാപിച്ചിരിക്കുന്നു. (ഉച്ചകോടിയുടെ) ചെറുസംഗ്രഹം പറയാം: ബ്ലാ, ബ്ലാ, ബ്ലാ...' എന്നായിരുന്നു പരിഹാസം. ശരിക്കുമുള്ള പണി ഹാളുകൾക്ക് പുറത്ത് തുടരുകയാണെന്നും അത് നമ്മൾ ഒരിക്കലും ഉപേക്ഷിക്കാൻ പോകുന്നില്ലെന്നും ഗ്രേറ്റ വ്യക്തമാക്കി.

ഉച്ചകോടിക്കെതിരെ നേരത്തെയും ഗ്രേറ്റ വിമർശനമുന്നയിച്ചിരുന്നു. അടിയന്തരമായും സമൂലമായും അഭൂതപൂർവകമായും വാതകങ്ങളുടെ പുറന്തള്ളലിൽ കുറവ് വരുത്തുക എന്ന ലക്ഷ്യത്തിലെത്താനാകുന്നില്ലെങ്കിൽ കാലാവസ്ഥാ പ്രതിസന്ധിയുടെ കാര്യത്തിൽ നമ്മൾ പരാജയപ്പെടുകയാണെന്നാണർത്ഥമെന്ന് കഴിഞ്ഞ ദിവസവും അവർ പ്രതികരിച്ചിരുന്നു. 'യഥാർത്ഥ പാതയിലുള്ള ചെറിയ ചുവടുവയ്പ്പുകൾ', 'ചെറിയ തോതിലുള്ള പുരോഗതി', 'പതുക്കെയുള്ള വിജയം' എന്നൊക്കെപ്പറയുന്നത് പരാജയത്തിന് തുല്യമാണെന്നും അവർ ട്വീറ്റ് ചെയ്തു.

യുഎൻ ആഭിമുഖ്യത്തിൽ നടക്കുന്ന അന്താരാഷ്ട്രതലത്തിലുള്ള 26-ാമത് ഉച്ചകോടിയാണ് രണ്ടാഴ്ചയായി സ്‌കോട്ട്‌ലൻഡ് നഗരമായ ഗ്ലാസ്‌ഗോയിൽ നടന്നത്. കൽക്കരി അടക്കമുള്ള ജൈവ ഇന്ധന ഉൽപാദനം കുറയ്ക്കാനുള്ള തീരുമാനമായിരുന്നു ഇത്തവണത്തെ പ്രധാന തീരുമാനം. ഇന്ത്യയുടെയും ചൈനയുടെയും എതിർപ്പിനെത്തുടർന്ന് കൽക്കരി സംബന്ധമായ തീരുമാനത്തിൽ വെട്ടിത്തിരുത്തലുകളോടെയായിരുന്നു പ്രമേയം പാസാക്കിയത്. ഇതാദ്യമായാണ് ജൈവ ഇന്ധനോൽപാദനം കുറയ്ക്കാനുള്ള തീരുമാനം ആഗോള പരിസ്ഥിതി ഉച്ചകോടിയിൽ കൈക്കൊള്ളുന്നത്. ആഗോളതാപനത്തിന്റെ തോത് കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്.

Summary: ''COP26 is over, Here's a brief summary: Blah, blah, blah'', says Greta Thunberg

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News