സ്വാതന്ത്ര്യത്തിന്റെ 200 വര്‍ഷങ്ങള്‍: ചക്രവര്‍ത്തിയുടെ എംബാം ചെയ്ത ഹൃദയം പ്രദര്‍ശനത്തിന് വയ്ക്കാന്‍ ബ്രസീല്‍

സാവോ പോളോയില്‍ ഒരു ഭൂഗര്‍ഭ അറയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

Update: 2022-08-22 13:44 GMT

ബ്രസീലിയ: പോര്‍ച്ചുഗലില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 200ാം വാര്‍ഷികാഘോഷത്തില്‍ ആദ്യ ചക്രവര്‍ത്തി പെഡ്രോ ഒന്നാമന്റെ എംബാം ചെയ്ത ഹൃദയം പ്രദര്‍ശിപ്പിക്കാനൊരുങ്ങി ബ്രസീല്‍. നിലവില്‍ പോര്‍ച്ചുഗലിലുള്ള ഹൃദയം മിലിറ്ററി വിമാനം വഴി ബ്രസീലിലെത്തിക്കും.

ഫോര്‍മാല്‍ഡീഹൈഡ് ലായനിയില്‍ സൂക്ഷിച്ചിരിക്കുന്ന ഹൃദയം മിലിട്ടറി ബഹുമതികളോടെ ആദരിച്ച ശേഷമായിരിക്കും വിദേശകാര്യ മന്ത്രാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കുക. പ്രദര്‍ശനത്തിന് ശേഷം ഹൃദയം തിരികെ പോര്‍ച്ചുഗലിലെത്തിക്കും.

രാജ്യത്തിന്റെ തലവന്‍ എന്ന നിലയില്‍ ഹൃദയം ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനമെന്നും ചക്രവര്‍ത്തി ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ എങ്ങനെയാണോ സത്കരിക്കുക അതുപോലെ ആദരിക്കുമെന്നും പോര്‍ട്ടോ മെയര്‍ റൂയി മൊറെയ്‌റ അറിയിച്ചു. കാനോണ്‍ സല്യൂട്ട്, ഗാര്‍ഡ് ഓഫ് ഓണര്‍ തുടങ്ങിയ ഔദ്യോഗിക പരിപാടികളെല്ലാം ചടങ്ങിലുണ്ടാവും. പെഡ്രോ ഒരുക്കിയ ദേശീയ ഗാനവും സ്വാതന്ത്ര്യ ഗാനവും ചടങ്ങില്‍ ആലപിക്കും.

Advertising
Advertising

പോര്‍ച്ചുഗലിലെ രാജകുടുംബത്തില്‍ 1798ലായിരുന്നു പെഡ്രോയുടെ ജനനം. ആ സമയം പോര്‍ച്ചുഗലിന് കീഴിലെ ഒരു കോളനിയായിരുന്നു ബ്രസീല്‍. 1821ല്‍ പിതാവ് ജോണ്‍ ആറാമന്‍ രാജാവ് ബ്രസീലിന്റെ ഭരണം പെഡ്രോയെ ഏല്‍പിച്ചു. ഒരു വര്‍ഷത്തിന് ശേഷം ബ്രസീലിനെ കോളനിയായിത്തന്നെ കണക്കാക്കാനുള്ള പോര്‍ച്ചുഗീസ് പാര്‍ലമെന്റിന്റെ തീരുമാനത്തെ വെല്ലുവിളിച്ച് സെപ്റ്റംബര്‍ 7ന് പെഡ്രോ ബ്രസീലിന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും സ്വതന്ത്ര ബ്രസീലിന്റെ ആദ്യ ചക്രവര്‍ത്തിയായി സ്ഥാനമേല്‍ക്കുകയും ചെയ്തു.

പെഡ്രോയുടെ ആഗ്രഹപ്രകാരമാണ് ഹൃദയം പോര്‍ട്ടോ സിറ്റിയിലെ ചര്‍ച്ച ഓഫ് അവര്‍ ലേഡി ഓഫ് ലാപയുടെ അള്‍ത്താരയില്‍ എംബാം ചെയ്ത് സൂക്ഷിച്ചത്.1972ല്‍ 150ാമത്‌ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ചക്രവര്‍ത്തിയുടെ മൃതദേഹം ബ്രസീലിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയില്‍ ഒരു ഭൂഗര്‍ഭ അറയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News