'ഫാത്തിമ ഇവിടെ നമുക്കിടയിൽ ഉണ്ടാകേണ്ടതായിരുന്നു': ഗസ്സയിൽ കൊല്ലപ്പെട്ട ഫോട്ടോ ജേർണലിസ്റ്റിനെ അനുസ്മരിച്ച് കാൻ ചലച്ചിത്രമേള

ഫാത്തിമ ഹസ്സൗനയുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി കാൻ ചലച്ചിത്രമേളക്കൊപ്പം നടക്കുന്ന ഫ്രഞ്ച് സ്വതന്ത്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂർ പിന്നിടുന്നതിന് മുൻപാണ് ഫാത്തിമ ഗസ്സയിൽ കൊല്ലപ്പെട്ടത്

Update: 2025-05-15 07:00 GMT
Editor : സനു ഹദീബ | By : Web Desk

പാരിസ്: ഗസ്സയിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ് ഫാത്തിമ ഹസ്സൗനയെ ആദരിച്ച്  കാൻ ചലച്ചിത്ര മേള. ഫ്രഞ്ച് നടി ജൂലിയറ്റ് ബിനോച്ചെ ആണ് 77-ാമത് കാൻ ചലച്ചിത്രമേളയുടെ ഉദ്ഘാടന വേളയിൽ ഫാത്തിമ ഹസ്സൗനയെ അനുസ്മരിച്ചത്. ഫാത്തിമ ഹസ്സൗനയുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി കാൻ ചലച്ചിത്രമേളക്കൊപ്പം നടക്കുന്ന ഫ്രഞ്ച് സ്വതന്ത്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂർ പിന്നിടുന്നതിന് മുൻപാണ് ഫാത്തിമ ഗസ്സയിൽ കൊല്ലപ്പെട്ടത്."ഫാത്തിമ ഇന്ന് വൈകുന്നേരം നമുക്കിടയിൽ ഉണ്ടാകേണ്ടതായിരുന്നു," ജൂലിയറ്റ് ബിനോച്ചെ കാൻ വേദിയിൽ പറഞ്ഞു.

Advertising
Advertising

കഴിഞ്ഞ മാസമാണ് ഇസ്രായേലി വ്യോമാക്രമണത്തിൽ ഫാത്തിമ ഹസ്സൗനയും പത്ത് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒന്നരവർഷമായി ഗസ്സയിലെ ഇസ്രായേൽ ക്രൂരതകൾ തന്റെ ലെൻസിലൂടെ ഒപ്പിയെടുത്ത് ലോകത്തിന് മുൻപിൽ എത്തിച്ചിരുന്നു ഫാത്തിമ. വ്യോമാക്രമണങ്ങൾ, തന്റെ വീട് തകരുന്നതിന്റെയും പത്തിലധികം ബന്ധുക്കൾ കൊല്ലപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ എന്നിങ്ങനെ ഹൃദയഭേദകമായ വിവരണങ്ങളാണ് ഫാത്തിമ എപ്പോഴും രേഖപ്പെടുത്തിയത്.

ഹമാസ് പ്രവർത്തകരെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തിലാണ് ഫാത്തിമ കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. ഫാത്തിമയുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെയായിരുന്നു ഇസ്രായേലിന്റെ മിസൈൽ ആക്രമണം. ഗർഭിണിയായ ഫാത്തിമയുടെ സഹോദരിയും പത്ത് വയസുകാരനായ സഹോദരനും പിതാവും അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

ഫാത്തിമ അതിജീവിക്കുമെന്നാണ് താൻ അവസാന നിമിഷം വരെ കരുതിയതെന്ന് ഡോക്യൂമെന്ററിയുടെ സംവിധായിക സെപിദേ ഫാർസി എഎഫ്പിയോട് പറഞ്ഞു. കാനിൽ ചിത്രം പ്രീമിയർ ചെയ്യുന്നതിന് മുന്നോടിയായായിരുന്നു ഫാർസിയുടെ പ്രതികരണം.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News