വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിൽ വിജയാഹ്ലാദ പ്രകടനം
പുതിയ യുഗത്തിന്റെ തുടക്കമെന്ന് ഇറാൻ സൈനിക മേധാവി
തെഹ്‌റാൻ: വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിൽ വിജയാഹ്ലാദ പ്രകടനം. പ്രാദേശിക സമയം വൈകീട്ട് ആറിന് ഇങ്കിലാബ് സ്ക്വയറിലാണ് വിക്ടറി പരേഡ് അരങ്ങേറുക. പുതിയ യുഗത്തിന് തുടക്കമെന്ന് ഇറാൻ സൈനിക മേധാവി പറഞ്ഞു.
അതേസമയം ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിനുപിന്നാലെ തന്നെ ഇറാനില്‍ ആഘോഷം തുടങ്ങിയിരുന്നു. ഇറാന്റെ ശക്തി എന്താണെന്ന് കാണിക്കുന്നതാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനമെന്ന് വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ അരീഫ് പറഞ്ഞു. 'ഈ വിജയത്തോടെ അമേരിക്കയുടെയും പാശ്ചാത്യ ലോകത്തിന്റെയും കൊമ്പ് തകർത്തു. ഇറാന്റെ ശക്തി എന്താണെന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കാനായി'- അദ്ദേഹം പറഞ്ഞു.
ചരിത്രം സൃഷ്ടിച്ചൊരു വലിയ വിജയം എന്നാണ് പാർലമെന്റ് മേധാവിയും മുൻ ഐആർജിസി കമാൻഡറുമായ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ സഹായി മഹ്ദി മുഹമ്മദി വ്യക്തമാക്കിയത്. ഒരു പുതിയ യുഗം തന്നെ ആരംഭിച്ചെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. ഇറാനിയൻ ആണവ പദ്ധതിയെ ആർക്കും പിഴുതെറിയാൻ കഴിയില്ലെന്ന് മനസ്സിലായിക്കാണുമെന്ന് ഇറാനിയൻ ആറ്റോമിക് എനർജി ഓർഗനൈസേഷന്റെ വക്താവ് ബെഹ്‌റൂസ് കമൽവണ്ടി സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു.
അതേസമയം ഇറാനും ഇസ്രായേലും വെടിനിർത്തൽ ലംഘിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. വെടിനിർത്തൽ നടപ്പാക്കിയിട്ടും ഇറാനും ഇസ്രായേലും ബോംബിട്ടു. ഇസ്രായേൽ ഇനിയും ആക്രമിച്ചാൽ അത് ഗുരുതര നിയമലംഘനമാകും. എന്ത് തെമ്മാടിത്തമാണ് ഇരുവരും ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം ഇസ്രായേൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 610 പേരാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ വ്യക്തമാക്കി. മരിച്ചവരിൽ 49 സ്ത്രീകളും 13 കുട്ടികളുമുണ്ടെന്നും 971 പേർ പരിക്കുകളോടെ ആശുപത്രിയിൽ തുടരുകയാണെന്നും ഇറാന്‍ വ്യക്തമാക്കി.