‘ഉടൻ ഇസ്രായേൽ വിടണം’; പൗരന്മാർക്ക് മുന്നറിയിപ്പുമായി ചൈന

ഇസ്രായേലിലെ നിലവിലെ സുരക്ഷാ സാഹചര്യം സങ്കീർണ്ണവും പ്രവചനാതീതവുമാണെന്ന് ചൈന

Update: 2024-09-23 07:54 GMT

ജറുസലേം: ഹിസ്ബുല്ല- ഇസ്രായേൽ  വ്യോമാക്രമണം കനത്തതോടെ ഇസ്രായേലിലെ ചൈനീസ് പൗരന്മാരോട് ഉടൻ രാജ്യത്തേക്ക് മടങ്ങാൻ ഉത്തരവിട്ട് ചൈന. 'എത്രയും വേഗം' ഇസ്രായേൽ വിടണമെന്നാണ് ചൈനീസ് എംബസിയുടെ അറിയിപ്പിലുള്ളത്. പൗരന്മാർ തൽക്കാലം ഇസ്രായേലിലേക്ക് യാത്ര ചെയ്യരുതെന്നും ചൈനീസ് എംബസി കൂട്ടിച്ചേർത്തു.

നിലവിൽ, ഇസ്രായേൽ-ലബനാൻ അതിർത്തിയിലെ സ്ഥിതി വളരെ സംഘർഷഭരിതമാണ്. ഇസ്രായേലിലെ നിലവിലെ സുരക്ഷാ സാഹചര്യം സങ്കീർണ്ണവും പ്രവചനാതീതവുമാണ്. അതിനാൽ ചൈനീസ് പൗരന്മാർ എത്രയും വേഗം നാട്ടിലേക്ക് മടങ്ങണം. അല്ലെങ്കിൽ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറുകയോ വേണമെന്നാണ് അറിയിച്ചിരിക്കുന്നത്.

Advertising
Advertising

ഗസക്കെതിരെ ഇസ്രായേൽ യുദ്ധം ആരംഭിച്ചതുമുതൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ ആ​ക്രമണങ്ങളിൽ ഏർപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ചയോടെ സംഘർഷം രൂക്ഷമായി. പേജർ സ്ഫോടനങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കി.  നേരത്തെ ലബനാനിൽ നിന്ന് പൗരന്മാരോട് മടങ്ങാൻ ചൈന നിർദേശിച്ചിരുന്നു.

അതേസമയം, കിഴക്കൻ, തെക്കൻ ലബനൻ ലക്ഷ്യമാക്കി ഇസ്രായേൽ ഇന്നും വ്യോമാക്രമണം തുടരുകയാണ്. തെക്കൻ ലബനാനിലെ അൽ-തയ്‌രി, ബിൻത് ജബെയിൽ, ഹനീൻ മേഖലകൾ, ഷാര, ഹർബത്ത, ഹെർമൽ മേഖലകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ, ഷംസ്റ്റാർ, ടാരിയ പട്ടണങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയത്.   ഒരാൾ കൊല്ലപ്പെടുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തായി റിപ്പോർട്ടുണ്ട്. 


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News