എല്ലാം മെസ്സിക്ക് വേണ്ടി; ആഡംബര ഹോട്ടലിൽ താമസം, സെൽഫിക്കായി സൈക്കിളിൽ പിന്തുടർന്ന് ചൈനീസ് ആരാധകൻ

ബസിന്റെ ബാക്ക് സീറ്റിലിരുന്ന മെസ്സിയെ വ്യക്തമായി കാണാൻ സാധിക്കുന്നില്ലെങ്കിലും ലിയുവിന് ഈ ഫോട്ടോ ധാരാളമായിരുന്നു

Update: 2023-06-12 13:13 GMT
Editor : banuisahak | By : Web Desk

ബീജിംഗ്: മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്.. ആഡംബര ഹോട്ടലിൽ വൻ തുക ചെലവഴിച്ച് താമസം, എല്ലാം ഒരു നിമിഷത്തിന് വേണ്ടിയായിരുന്നു. ലയണൽ മെസ്സിക്കൊപ്പം എടുത്ത സെല്ഫിയുമായി മടങ്ങുകയാണ് ചൈനീസ് ആരാധകൻ ലിയു യുഹാങ്. 

വ്യാഴാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനായാണ് അർജന്റീനിയൻ ഇതിഹാസം മെസ്സി ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ എത്തിയത്. പ്രിയ താരത്തെ കാണാനായി ഫുട്‍ബോൾ ആരാധകർ ദിവസങ്ങളായി ഇവിടെ തടിച്ചുകൂടിയിരുന്നു. ഇക്കൂട്ടത്തിൽ തന്നെയാണ് ലിയോണിംഗിൽ നിന്നുള്ള 26 കാരനായ കമ്പ്യൂട്ടർ പ്രോഗ്രാമർ ലിയു യുഹാങ് സ്ഥാനം പിടിച്ചിരുന്നത്. എന്നാൽ, എങ്ങനെയും മെസ്സിയെ കാണാനുള്ള അതിയായ ആഗ്രഹം കാരണം അയാൾ അടുത്തുള്ള ഒരു ആഡംബര ഹോട്ടലിൽ താമസം തുടങ്ങി

Advertising
Advertising

മെസ്സി ചൈനയിലേക്ക് വരുന്നുണ്ടെന്ന് കേട്ടപ്പോൾ തന്നെ തനിക്ക് വളരെ ആവേശമായിരുന്നുവെന്ന് ലിയു പറയുന്നു. അദ്ദേഹത്തെ കാണാൻ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ടെന്ന ബോധ്യം തുടക്കം തന്നെയുണ്ടായിരുന്നു. അർജന്റീന സ്ക്വാഡിന്റെ ഹോട്ടലിന് പുറത്ത് കാത്തുനിന്ന ആരാധകരുടെ കൂട്ടത്തോടൊപ്പമാണ് ലിയു ആദ്യം നിന്നത്. എന്നാൽ, താരത്തെ ശരിയായൊന്ന് കാണാൻ പോലും സാധിച്ചില്ല. 

തുടർന്ന് മെസ്സി താമസിക്കുന്ന അതേ ഹോട്ടലിൽ 280 ഡോളർ (ഏകദേശ 23,090.46 രൂപ) ഒരു രാത്രിയിലേക്ക് ചെലവഴിച്ച് ഒരു മുറിയെടുത്തു. എന്നാൽ, സുരക്ഷാ കാരണങ്ങൾ കാരണം മെസിയെ കാണാനുള്ള ചാൻസ് വീണ്ടും നഷ്ടമായി. ഒടുവിൽ പരിശീലനത്തിനായി ടീം അംഗങ്ങൾക്കൊപ്പം മെസ്സി പോകുന്നത് കണ്ടയുടൻ തന്നെ ലിയു തന്റെ ബൈസൈക്കിളിൽ ബസിനെ പിന്തുടർന്നു. ഏറെ നേരം പിന്തുടർന്നിട്ടും ഫലമുണ്ടായില്ല, ഒടുവിൽ റെഡ് സിഗ്നലാണ് തുണച്ചത്. 

ഉടൻ തന്നെ ഒരു സെൽഫി എടുക്കുകയും ചെയ്തു. ബസിന്റെ ബാക്ക് സീറ്റിലിരുന്ന മെസ്സിയെ വ്യക്തമായി കാണാൻ സാധിക്കുന്നില്ലെങ്കിലും ലിയുവിന് ഇത് ധാരാളമായിരുന്നു. ആ ഒരു നിമിഷം തനിക്കുണ്ടായ സന്തോഷത്തിന് അതിരുകൾ ഉണ്ടായിരുന്നില്ലെന്ന് ലിയു പറയുന്നു. ഈ ഒരു നിമിഷത്തിനായി ധാരാളം പണം ഞാൻ ചെലവഴിച്ചിരുന്നു. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ എനിക്കിപ്പോൾ ഖേദിക്കേണ്ടി വന്നേനെ എന്നും ലിയു പ്രതികരിച്ചു. 

പുതുതായി നവീകരിച്ച 68,000 വർക്കേഴ്‌സ് സ്റ്റേഡിയത്തിലാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ അർജന്റീനയുടെ സൗഹൃദ മത്സരം.580 മുതൽ 4,800 യുവാൻ വരെയാണ് (6,698 രൂപ മുതൽ 55,432 രൂപ വരെയാണ്) ടിക്കറ്റ് നിരക്ക്. പെട്ടെന്നാണ് ടിക്കറ്റുകൾ വിറ്റുതീർന്നത്. ലിയുവിനും ടിക്കറ്റ് എടുക്കാൻ സാധിച്ചിരുന്നില്ല. ടിക്കറ്റ് വാങ്ങാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ലെന്ന് ലിയു പറയുന്നു. ഇപ്പോൾ സുഹൃത്തുക്കളുമായി മത്സരം ഓൺലൈനിൽ സ്ട്രീം ചെയ്യാനുള്ള ഒരുക്കത്തിലാണ് ലിയു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News