അയർലൻഡ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്ര ഇടത് നേതാവ് കാതറിൻ കൊനലിക്ക് വമ്പൻ ജയം

കടുത്ത ഫലസ്തീൻ അനുകൂലിയായ കാതറിൻ കൊനലി ഇസ്രായേലിനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു

Update: 2025-10-26 15:01 GMT

Catherine Connolly | Photo | Reuters

ലണ്ടൻ: അയർലൻഡ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രയും കടുത്ത ഇസ്രായേൽ വിമർശകയുമായ കാതറിൻ കൊനലിക്ക് ഉജ്ജ്വല ജയം. 63 ശതമാനം വോട്ട് നേടിയാണ് എതിരാളിയായ മധ്യ- വലത് ഫിനഗേൽ പാർട്ടി നേതാവ് ഹെദർ ഹംഫ്രീസിനെ കൊനലി പരാജയപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ടോടെ 43 നിയോജക മണ്ഡലങ്ങളിലെയും ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 68 കാരിയായ കൊനലിയെ വിജയിയായി പ്രഖ്യാപിച്ചു.

''ഞാൻ എല്ലാവരെയും കേൾക്കുകയും ചിന്തിക്കുകയും ആവശ്യമുള്ളപ്പോൾ സംസാരിക്കുകയും ചെയ്യുന്ന ഒരു പ്രസിഡന്റായിരിക്കും. എല്ലാവരെയും വിലമതിക്കുന്ന ഒരു പുതിയ റിപ്പബ്ലിക്കിനെ നമുക്ക് ഒരു നിർമിച്ചെടുക്കാം''- ഡബ്ലിൻ കാസിലിൽ നടത്തിയ പ്രസംഗത്തിൽ കൊനലി പറഞ്ഞു.

Advertising
Advertising

ഔദ്യോഗിക ഫലപ്രഖ്യാപനം പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ എതിരാളിയായ ഹെദർ ഹംഫ്രീസ് പരാജയം സമ്മതിച്ചു. ''കാതറിൻ നമ്മുടെയെല്ലാം പ്രസിഡന്റായിരിക്കും. അവർ എന്റെയും പ്രസിഡന്റായിരിക്കും. അവർക്ക് എല്ലാ ആശംസയും നേരുന്നു''- ഹെദർ പറഞ്ഞു. 29.5 ശതമാനം വോട്ട് ആണ് ഇവർക്ക് ലഭിച്ചത്. ഇടത് പാർട്ടികളായ സിൻഫീൻ, ലേബർ, സോഷ്യൽ ഡെമോക്രാറ്റ്‌സ് എന്നിവരുടെ പിന്തുണയോടെയാണ് കാതറിൻ മത്സരിച്ചത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റും അഭിഭാഷകയുമായി ജോലി നോക്കിയ ശേഷമാണ് കാതറിൻ രാഷ്ട്രീയത്തിലിറങ്ങിയത്.

ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ ശക്തമായ നിലപാടെടുത്ത നേതാവാണ് കാതറിൻ കൊനലി. ഹമാസ് ഫലസ്തീൻ ജനതയുടെ ഘടനയുടെ ഭാഗം തന്നെയാണെന്നും അവർ പറഞ്ഞിരുന്നു. ഗസ്സയിൽ നടക്കുന്നത് വംശഹത്യയാണെന്നും ഇസ്രായേൽ ഭീകര രാഷ്ട്രമാണെന്നും കൊനലി പറഞ്ഞിരുന്നു. ഇസ്രായേൽ ഒരു ഭീകര രാഷ്ട്രമാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ നമ്മൾ വലിയ പ്രശ്‌നത്തിലാണെന്ന് ഐറിഷ് നിയമസഭയുടെ അധോസഭയെ പരാമർശിച്ച് കഴിഞ്ഞ ജൂണിൽ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ കൊനലി പറഞ്ഞിരുന്നു. ഇറാന്റെ ആണവ പദ്ധതികൾക്കെതിരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെയും അവർ അപലപിച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News