വെടിനിർത്തൽ കരാർ ചർച്ച ചെയ്യാൻ ഇസ്രായേലിൽ കൂടിയാലോചനാ യോഗം; പൂർണ സൈനിക പിന്മാറ്റം ആവശ്യപ്പെട്ട് ഹമാസ്
ബന്ദികളുടെ മോചനം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്ന നെതന്യാഹുവിന്റെ നീക്കം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തെൽ അവിവിൽ പ്രകടനം
ഗസ്സസിറ്റി: ആഭ്യന്തര സമ്മർദം രൂക്ഷമായിരിക്കെ, വെടിനിർത്തൽ കരാറിൽ തീരുമാനം കൈക്കൊള്ളാൻ ഇന്ന് കൂടിയാലോചനാ യോഗം വിളിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.
താൽക്കാലിക വെടിനിർത്തലുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി ദോഹയിൽ തുടർന്ന വെടിനിർത്തൽ ചർച്ച വഴിമുട്ടിയിരിക്കെയാണ് ഇസ്രായേൽ സുരക്ഷാ വിഭാഗങ്ങളുടെയും മറ്റും ഉന്നതതല യോഗം ഇന്ന് നെതന്യാഹു വിളിച്ചു ചേർത്തിരിക്കുന്നത്. ദോഹയിൽ തുടരാനാണ് ഇസ്രായേൽ സംഘത്തോട് നെതന്യാഹു നിർദേശിച്ചിരിക്കുന്നത്.
അതേസമയം പൂർണ യുദ്ധവിരാമവും സൈനിക പിൻമാറ്റവും സംബന്ധിച്ച് വ്യക്തമായ ഉറപ്പില്ലാതെ താൽക്കാലിക വെടിനിർത്തലുമായി യോജിക്കാൻ കഴിയില്ലെന്ന് ഹമാസ് അറിയിച്ചു.
അതിനിടെ, ബന്ദികളുടെ മോചനം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്ന നെതന്യാഹുവിന്റെ നീക്കം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തെൽ അവിവിൽ ഇന്നലെ രാത്രി വന്‍ റാലി നടന്നു. ഹമാസുമായി ഉടൻ കരാർ രൂപപ്പെടുത്തി മുഴുവൻ ബന്ദികളെയും തിരിച്ചെത്തിക്കണമെന്ന് ബന്ധുക്കളും പ്രതിപക്ഷവും ആവശ്യപ്പെട്ടു. വെടിനിർത്തൽ പ്രഖ്യാപനം നടത്താതെ അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ നെതന്യാഹുവിനെതിരെ ബന്ദികളുടെ ബന്ധുക്കള്‍ ശക്തമായി രംഗത്തുവന്നു. രാഷ്ട്രീയ താൽപര്യം മുൻനിർത്തിയുള്ള യുദ്ധം മാത്രമാണിതെന്നും അവർ കുറ്റപ്പെടുത്തി.
അതേസമയം ഖാൻ യൂനുസ് ഉൾപ്പെടെ ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ വ്യാപക വ്യോമാക്രമണങ്ങളിലൂടെ നൂറിലേറെ പേരെയാണ് ഇസ്രായേൽ സേന കൊന്നുതള്ളിയത്. ഭക്ഷ്യവിതരണ കേന്ദ്രത്തിനു സമീപം നടന്ന വെടിവെപ്പിലും നിരവധി പേർ കൊല്ലപ്പെട്ടു. ഖാൻ യൂനുസ്, ശുജാഇയ എന്നിവിടങ്ങളിൽ ഹമാസ് നടത്തിയ പ്രത്യാക്രമണങ്ങളിൽ നിരവധി സൈനികർക്ക് പരിക്കേറ്റു. ഗസ്സ മുനമ്പിലെ ഇന്ധനക്ഷാമം രൂക്ഷമാണെന്നും യുദ്ധത്തിൽ തകർന്ന ഫലസ്തീൻ പ്രദേശത്തെ ദുരിതം ഇതോടെ കൂടുതൽ വർധിക്കുമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി.