കോവിഡ് വാക്‌സിനുകൾ ഹലാൽ; മൃഗോൽപന്നങ്ങൾ അടങ്ങിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

"ശരീഅത്ത് രീതി പ്രകാരമുള്ള ചർച്ചയിൽ വാക്സിനുകൾ എടുക്കുന്നത് അനുവദനീയമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്"

Update: 2021-07-25 01:56 GMT
Editor : Shaheer | By : Web Desk

കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച വാക്‌സിനുകൾ മുസ്‍ലിംകൾക്ക് മതവിധി പ്രകാരം അനുവദനീയം (ഹലാൽ) ആണെന്ന് ലോകാരോഗ്യ സംഘടന. ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിലാണ്‌ കോവിഡുമായി ബന്ധപ്പെട്ട പുതിയൊരു വിവരം പങ്കിടുന്നുവെന്നു പറഞ്ഞ് ഡബ്ല്യുഎച്ച്ഒ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കോവിഡ് വാക്‌സിനുകളിൽ പന്നി അടക്കമുള്ള മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയതായുള്ള പ്രചാരണങ്ങള്‍ ഡബ്ല്യുഎച്ച്ഒ തള്ളി. പന്നി, നായ എന്നീ മൃഗങ്ങളുടെ മാംസവും അനുബന്ധ ഉൽപ്പന്നങ്ങളും ഉപയോഗിക്കൽ ഇസ്‍ലാമിക മതവിധി പ്രകാരം നിഷിദ്ധം (ഹറാം) ആണ്. വാക്‌സിനുകളിൽ മൃഗങ്ങളില്‍നിന്നുള്ള ഉൽപന്നങ്ങൾ അടങ്ങിയിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ലോകമെങ്ങുമുള്ള മുസ്‍ലിംകൾ അനുഷ്ഠിക്കുന്ന ശരീഅത്ത് രീതി പ്രകാരമുള്ള ചർച്ചയിൽ വാക്സിനുകൾ എടുക്കുന്നത് അനുവദനീയമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ലോകാരോഗ്യസംഘടന കൂട്ടിച്ചേർക്കുന്നു.  എന്നാൽ, കർമശാസ്ത്ര ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കുറിപ്പിൽ പുറത്തുവിട്ടിട്ടില്ല. കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ഡബ്ല്യുഎച്ച്ഒ വെബ്സൈറ്റിലും ഫേസ്ബുക്ക് കുറിപ്പിന്‍റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ചേര്‍ത്തിട്ടില്ല.

Advertising
Advertising

Full View

അതേസമയം, പോസ്റ്റിനെ വിമർശിച്ചും അനുകൂലിച്ചും ചർച്ചകൾ കൊഴുക്കുകയാണ്. ഡബ്ല്യുഎച്ച്ഒ പോലുള്ള ഒരു സംഘടന, മതപരമായ നിഷിദ്ധാനിഷിദ്ധം സംബന്ധിച്ച ഇത്തരമൊരു കുറിപ്പിടുന്നതിന്റെ സാംഗത്യത്തെക്കുറിച്ച് ചോദ്യങ്ങളുയർന്നിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു കുറിപ്പ് ലോകാരോഗ്യ സംഘടന പങ്കുവച്ചിരിക്കുന്നതെന്നാണ് ഒരാൾ ചോദിക്കുന്നത്. ലോകജനസംഖ്യയിൽ നാലിൽ ഒന്നോളം വരുന്ന മുസ്‍ലിംകളെ സംബന്ധിച്ചിടത്തോളം ഇത് പ്രധാനമാണെന്നും ഹലാൽ എന്നാൽ അനുവദനീയം എന്നുമാത്രമേ അർത്ഥമാക്കേണ്ടതുള്ളൂ എന്നും മറ്റൊരാൾ ചൂണ്ടിക്കാട്ടുന്നു. ഇതുപോലെ മാംസം കഴിക്കാത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും പങ്കുവെക്കുമോയെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

കർമങ്ങളിലെ ഹലാലും ഹറാമും മുഖവിലക്കെടുത്തു കൊണ്ടാണ് ലോക മുസ്‍ലിം ജനസംഖ്യയിലെ വലിയൊരളവോളം ആളുകളും വ്യക്തിജീവിതം നയിക്കുന്നത്. സാധാരണ ജീവിതത്തിലെ ഹലാൽ - ഹറാം മാനദണ്ഡങ്ങള്‍ രോഗം അടക്കമുള്ള അടിയന്തര സാഹചര്യങ്ങളിൽ വ്യത്യാസപ്പെടാമെന്നും വ്യക്തികളുടെ ജീവൻ സംരക്ഷിക്കേണ്ട ഘട്ടത്തിൽ ഇളവുകൾ ഉപയോഗപ്പെടുത്താമെന്നും കർമശാസ്ത്ര പണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്. 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News