കോവിഡിന് അതിര്‍ത്തികളില്ല, യാത്രാവിലക്ക് അന്യായം: ഐക്യരാഷ്ട്രസഭ

പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട രാജ്യങ്ങളെ കൂട്ടത്തോടെ ശിക്ഷിക്കരുതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

Update: 2021-12-02 03:13 GMT
Advertising

കോവിഡ് വകഭേദമായ ഒമിക്രോണ്‍ ഭീതിക്കിടെ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെതിരെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്. യാത്രാ വിലക്കുകള്‍ അന്യായമാണെന്നും ഫലപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു.

"അതിരുകളില്ലാത്ത വൈറസാണിത്. ഏതെങ്കിലും ഒരു രാജ്യത്തെയോ പ്രദേശത്തെയോ ഒറ്റപ്പെടുത്തുന്ന യാത്രാ നിയന്ത്രണങ്ങൾ അന്യായം മാത്രമല്ല, ഫലപ്രദവുമല്ല. പകരം യാത്രക്കാർക്കുള്ള പരിശോധനകള്‍ വർധിപ്പിക്കുകയാണ് വേണ്ടത്"- യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം നിരവധി രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് യുഎന്‍ സെക്രട്ടറി ജനറലിന്‍റെ പ്രതികരണം.

പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട രാജ്യങ്ങളെ കൂട്ടത്തോടെ ശിക്ഷിക്കരുത്. യാത്രക്കാരുടെ പരിശോധന വര്‍ധിപ്പിക്കുന്നതിനൊപ്പം കാര്യക്ഷമമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്ന് അന്‍റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു.

നെതർലാൻഡ്‌സ് മുതൽ ബ്രിട്ടൻ വരെയും കാനഡ മുതല്‍ ഹോങ്കോങ് വരെയും സ്ഥിരീകരിച്ച വകഭേദത്തെ ആദ്യം തിരിച്ചറിഞ്ഞതിന് തങ്ങൾ ശിക്ഷിക്കപ്പെടുകയാണെന്ന് ദക്ഷിണാഫ്രിക്കന്‍ അധികൃതര്‍ പറഞ്ഞു. ആഫ്രോ ഫോബിയ ആണിതെന്ന് മലാവിയുടെ പ്രസിഡന്‍റ് ലസാറസ് ചക്‌വേര ആരോപിച്ചു.

"ഞങ്ങളുടെ രാജ്യത്തിനും മറ്റു സഹോദര രാജ്യങ്ങൾക്കും യാത്രാ നിരോധനം ഏർപ്പെടുത്തിയ എല്ലാ രാജ്യങ്ങളോടും അവരുടെ തീരുമാനങ്ങൾ അടിയന്തരമായി പിൻവലിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു. യാത്രാനിരോധനത്തിലൂടെ ചെയ്യുന്ന ഒരേയൊരു കാര്യം, ദുരിതബാധിത രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ തകർക്കുകയും പകർച്ചവ്യാധിയില്‍ നിന്ന് കരകയറാനുള്ള അവരുടെ കഴിവിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു എന്നുള്ളതാണ്. നിയന്ത്രണങ്ങള്‍ രാജ്യത്തോട് കാണിക്കുന്ന അനീതിയാണ്"- ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റമഫോസ പറഞ്ഞു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News