വരാനിരിക്കുന്നത് കോവിഡ് സുനാമി: ലോകാരോഗ്യ സംഘടന

രോഗികളുടെ എണ്ണം കുതിച്ചുയരാൻ സാധ്യതയുണ്ടെന്നും പല രാജ്യങ്ങളിലെയും ആരോഗ്യസംവിധാനങ്ങൾ പ്രതിസന്ധിയിലാകുമെന്നും ടെഡ്രോസ് അഡാനം

Update: 2021-12-30 01:24 GMT
Advertising

ഒമിക്രോൺ വ്യാപനത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് സുനാമിയാണ് വരാനിരിക്കുന്നതെന്നും ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ ഉയർത്തുന്ന ഭീഷണി വലുതാണെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഡാനം മുന്നറിയിപ്പ് നൽകി.

രോഗികളുടെ എണ്ണം കുതിച്ചുയരാൻ സാധ്യതയുണ്ടെന്നും പല രാജ്യങ്ങളിലെയും ആരോഗ്യസംവിധാനങ്ങൾ പ്രതിസന്ധിയിലാകുമെന്നും ടെഡ്രോസ് അഡാനം പറയുന്നു. ഒമിക്രോൺ വകഭേദം വാക്സിൻ എടുത്തവരെയും ഒരിക്കൽ രോഗം വന്നവരെയും ബാധിക്കുന്നുണ്ട്. വാക്സിൻ സ്വീകരിക്കാത്തവരിൽ മരണ നിരക്ക് കൂടുമെന്നും ടെഡ്രോസ് അഡാനം പറഞ്ഞു.

യൂറോപ്യൻ രാജ്യങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും ഉയർന്ന കണക്കിലേക്കെത്തി. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. വരും ദിവസങ്ങളിലെ രോഗികളുടെ എണ്ണം കണക്കിലെടുത്താകും കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുക.

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ചത്. പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റ് രാജ്യങ്ങളിലെല്ലാം ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചു. ഇപ്പോള്‍ ഡെല്‍റ്റയെ പോലെ തന്നെ രൂക്ഷമായ കോവിഡ് തരംഗത്തിന് ഒമിക്രോണ്‍ കാരണമാകുമോ എന്നാണ് ആശങ്ക.

വാക്സിന്‍റെ തുല്യവിതരണം എല്ലാ രാജ്യങ്ങളിലും ഉറപ്പാക്കാനാവാതിരുന്നത് വെല്ലുവിളിയായെന്ന് ടെഡ്രോസ് അഡാനം ചൂണ്ടിക്കാട്ടുന്നു. എല്ലാ രാജ്യത്തും ആകെ ജനസംഖ്യയുടെ 70 ശതമാനെങ്കിലും മുഴുവന്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. അതാണ് 2022ലെ വെല്ലുവിളിയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വാക്‌സിനേഷന് എതിരായ പ്രചാരണങ്ങളെ ചെറുക്കേണ്ടതിന്റെ ആവശ്യതകതയും ടെഡ്രോസ് അഡാനം ഊന്നിപ്പറഞ്ഞു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News