രാജ്യത്ത് യാചകരില്ലെന്ന പ്രസ്താവന വിവാദമായി; ക്യൂബൻ തൊഴിൽ മന്ത്രി രാജിവച്ചു

രാജ്യത്ത് യാചകരില്ലെന്നും എളുപ്പത്തിൽ പണമുണ്ടാക്കുന്നതിന് വേണ്ടി യാചകരായി നടിക്കുന്നവരാണുള്ളതെന്ന മന്ത്രിയുടെ വാദം വിവാദമായിരുന്നു

Update: 2025-07-16 09:22 GMT

ക്യൂബ: കമ്യുണിസ്റ്റ് നിയന്ത്രണത്തിലുള്ള ക്യൂബൻ ദ്വീപിൽ യാചകരുടെ നിലനിൽപ്പിനെ നിഷേധിച്ച് പ്രസ്താവന നടത്തിയതിനെ തുടർന്ന് ക്യൂബൻ തൊഴിൽ മന്ത്രി മാർട്ട എലീന ഫീറ്റോ കാബ്രേര രാജിവെക്കാൻ നിർബന്ധിതയായി. ക്യൂബയിൽ 'ഭിക്ഷാടകർ' എന്നൊന്നില്ലെന്നും എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിന് വേണ്ടി ഭിക്ഷാടകരായി നടിക്കുന്നവരാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞത് വിവാദമായിരുന്നു. ക്യൂബയിൽ യാചകരില്ല യാചകരുടെ വേഷം ധരിച്ച ആളുകളാണ് എന്ന മന്ത്രിയുടെ വാദത്തിന് മറുപടിയായി 'മന്ത്രിമാരുടെ വേഷം ധരിച്ച ആളുകളും ഉണ്ടെന്ന് ഉറപ്പാണ്' എന്ന് ക്യൂബൻ സാമ്പത്തിക ശാസ്ത്രജ്ഞൻ പെഡ്രോ മോൺറിയൽ എക്‌സിൽ എഴുതി.

Advertising
Advertising

'ക്യൂബയിൽ യാചകരില്ല. എളുപ്പത്തിൽ പണം സമ്പാദിക്കാൻ വേണ്ടി യാചകരായി അഭിനയിക്കുന്നവരുണ്ട്.' ദേശീയ അസംബ്ലിയിൽ സംസാരിക്കവെ ഫെയ്റ്റോ കാബ്രേര പറഞ്ഞു. പാർലമെന്റ് സമ്മേളനത്തിൽ നടത്തിയ ഈ അഭിപ്രായങ്ങൾ സ്വദേശത്തും വിദേശത്തുമുള്ള ക്യൂബൻ ജനതക്കിടയിൽ വ്യാപകമായി വിമർശിക്കപ്പെട്ടു. ഇത് ദ്വീപിന്റെ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ പ്രതികരണത്തിന് കാരണമാവുകയും താമസിയാതെ മന്ത്രി രാജിവെക്കുകയും ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്യൂബയിൽ ദാരിദ്ര്യ നിലവാരവും ഭക്ഷ്യക്ഷാമവും രൂക്ഷമാണ്.

മന്ത്രിയുടെ പ്രസ്താവനയെ തുടർന്ന് നിരവധി ക്യൂബൻ ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളും അവരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കത്ത് പ്രസിദ്ധീകരിച്ചു. മന്ത്രിയുടെ പരാമർശങ്ങൾ ക്യൂബൻ ജനതയെ അപമാനിക്കുന്നതാണെന്നും മന്ത്രിക്കെതിരെ നടപടിയെടിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പ്രതിഷേധത്തെ തുടർന്ന് ക്യൂബൻ പ്രസിഡന്റ് പാർലമെന്റ് സമ്മേളനത്തിൽ ഫെയ്റ്റോ കാബ്രേരയെ വിമർശിച്ചു. അവരുടെ പേര് പരാമർശിച്ചില്ലെങ്കിലും നേതൃത്വത്തിന് 'ആദരവോടെ പെരുമാറാൻ' സാധിക്കണമെന്ന് പ്രസിഡന്റ് ഉണർത്തി. ഫെയ്റ്റോ കാബ്രേരയുടെ രാജി ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും സർക്കാരും അംഗീകരിച്ചു. ക്യൂബൻ സർക്കാർ യാചകരുടെ എണ്ണത്തെക്കുറിച്ചുള്ള ഔദ്യോഗിക കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ലെങ്കിലും ദ്വീപിലെ ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധിക്കിടയിൽ അവരുടെ എണ്ണത്തിലുണ്ടായ വർധന മിക്ക ക്യൂബക്കാർക്കും സ്വയം വ്യക്തമാണ്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News