ദാനിഷിന്റെ വീരസ്മരണയിൽ പുലിറ്റ്‌സർ സ്വീകരിച്ച് കുഞ്ഞു സാറയും കുഞ്ഞു യൂനുസും

2021 ജൂലൈയില്‍ അഫ്ഗാനിസ്താനിൽനിന്നുള്ള നാറ്റോ സൈന്യത്തിന്റെ പിന്മാറ്റം പകർത്തുന്നതിനിടെയാണ് ദാനിഷ് ദാരുണമായി കൊല്ലപ്പെടുന്നത്

Update: 2022-10-22 11:47 GMT
Editor : Shaheer | By : Web Desk

ന്യൂയോർക്ക്: അഫ്ഗാനിസ്താനിലെ യുദ്ധമുഖത്ത് കൊല്ലപ്പെട്ട വിഖ്യാത ഇന്ത്യൻ ഫോട്ടോജേണലിസ്റ്റ് ദാനിഷ് സിദ്ദീഖിക്കു വേണ്ടി പുലിറ്റ്‌സർ പുരസ്‌കാരം സ്വീകരിച്ച് മക്കൾ. നാലു വയസുള്ള സാറാ സിദ്ദീഖിയും ആറു വയസുകാരനായ യൂനുസ് സിദ്ദീഖിയും ചേർന്നാണ് ന്യൂയോർക്കിലെ മാൻഹാട്ടനിൽ നടന്ന ചടങ്ങിൽ പിതാവിനു വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്.

2021 ജൂലൈയില്‍ അഫ്ഗാനിസ്താനിൽനിന്നുള്ള നാറ്റോ സൈന്യത്തിന്റെ പിന്മാറ്റം പകർത്തുന്നതിനിടെയാണ് ദാനിഷ് ദാരുണമായി കൊല്ലപ്പെടുന്നത്. മരണത്തിനു പിന്നാലെയാണ് ദാനിഷ് ഉൾപ്പെടെയുള്ള റോയിട്ടേഴ്‌സ് സംഘത്തിന് പുലിറ്റ്‌സർ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ഇന്ത്യയിൽ കോവിഡ് മഹാമാരി വിതച്ച ദുരിതചിത്രം ലോകത്തിനു കാണിച്ചുകൊടുത്ത നടുക്കുന്ന ചിത്രങ്ങൾക്കായിരുന്നു പുരസ്‌കാരം. ദാനിഷിന്റെ രണ്ടാമത്തെ പുലിറ്റ്‌സർ പുരസ്‌കാരം കൂടിയാണിത്. റോഹിംഗ്യ അഭയാർത്ഥി പ്രതിസന്ധിയുടെ ദൈന്യത ഒപ്പിയെടുത്ത, ലോകമനഃസാക്ഷിയെ ഞെട്ടിച്ച ചിത്രങ്ങൾക്ക് 2018ലാണ് പുലിറ്റ്‌സർ ദാനിഷിനെ തേടിയെത്തുന്നത്.

Advertising
Advertising

കശ്മീരിൽനിന്നുള്ള സന്ന ഇർഷാദ് മാട്ടു, ഡൽഹി സ്വദേശിയായ അദ്നാൻ ആബിദി, അഹ്മദാബാദിൽനിന്നുള്ള അമിത് ദവേ എന്നിവർക്കൊപ്പമാണ് ഇത്തവണ ദാനിഷ് സിദ്ദീഖി പുരസ്‌കാരം പങ്കിട്ടത്. ഫീച്ചർ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് പുരസ്‌കാരം. മരണാനന്തര ബഹുമതിയായാണ് ദാനിഷിന് പുലിറ്റ്സർ നൽകിയത്. രണ്ടാം കൊവിഡ് തരംഗത്തിൽ മരണമടഞ്ഞവരുടെ ചിതകൾ ഡൽഹിയിൽ കൂട്ടത്തോടെ എരിയുന്ന ദാനിഷിന്റെ ചിത്രം ലോകത്തെ ഞെട്ടിച്ചിരുന്നു.

അദ്‌നാനും അമിതിനും ഒപ്പമാണ് ദാനിഷിന്റെ മക്കൾ പിതാവിനുള്ള അംഗീകാരം ഏറ്റുവാങ്ങിയത്. യാത്രാവിലക്കിനെ തുടർന്ന് സന്ന ഇർഷാദ് മാട്ടുവിന് ചടങ്ങിൽ പങ്കെടുക്കാനായില്ല. കാരണം വ്യക്തമാക്കാതെയാണ് ന്യൂയോർക്കിലേക്ക് പുറപ്പെടാനായി ഡൽഹി വിമാനത്താവളത്തിലെത്തിയ സന്നയെ അധികൃതർ തടഞ്ഞത്. ഇതു രണ്ടാം തവണയാണ് സന്നയ്ക്ക് വിദേശയാത്രാ വിലക്കേർപ്പെടുത്തുന്നത്.

Summary: The children of Reuters photojournalist Danish Siddiqui, who was killed covering the Afghan conflict in July last year, accepted the Pulitzer Prize on his behalf at a ceremony held in New York on October 20.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News