സിഎഎ ഇന്ത്യയിലെ മുസ്ലിംകളെ ബാധിക്കുന്നതില്‍ വലിയ ഉത്കണ്ഠയെന്ന് യു.എസ് സെനറ്റര്‍

പരിശുദ്ധ റമദാന്‍ മാസത്തില്‍ ഇത് നടപ്പാക്കിയത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Update: 2024-03-19 10:21 GMT
Editor : ദിവ്യ വി | By : Web Desk
Advertising

വാഷിങ്ടണ്‍: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതോടെ ഇന്ത്യയിലെ മുസ്ലിം വിഭാഗത്തിന്റെ കാര്യത്തില്‍ വലിയ ഉത്കണ്ഠയുണ്ടെന്ന് വ്യക്തമാക്കി യു.എസ് സെനറ്റ് അംഗം ബെന്‍ കാര്‍ഡിന്‍. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ വിവാദമായ പൗരത്വ ഭേദഗതി നിയമ വിജ്ഞാപനത്തിലും അത് ഇന്ത്യയിലെ മുസ്ലീം സമുദായത്തെ എങ്ങനെ ബാധിക്കുമെന്നതിലും വലിയ ഉത്കണ്ഠയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിശുദ്ധ റമദാന്‍ മാസത്തില്‍ ഇത് നടപ്പാക്കിയത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയും യുഎസും തമ്മില്‍ നല്ല പരസ്പര ബന്ധമാണുള്ളത്. എന്നാല്‍ ആ ബന്ധം മതപരമായ വേര്‍തിരിവുകളില്ലാതെ എല്ലാവരുടെയും മാനുഷിക മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നും ബെന്‍ കാര്‍ഡിന്‍ പറഞ്ഞു.

സിഎഎയില്‍ അമേരിക്ക മുന്‍പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സിഎഎ വിജ്ഞാപനത്തില്‍ ആശങ്കയുണ്ടെന്നും വിവാദ നിയമം നടപ്പാക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും യു.എസ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞിരുന്നു. ഈ നിയമം എങ്ങനെ നടപ്പാക്കുമെന്ന് ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും എല്ലാ സമുദായങ്ങള്‍ക്കും നിയമപ്രകാരം തുല്യ പരിഗണനയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളാണെന്നും മില്ലര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇന്ത്യയുടെ അഭ്യന്തരകാര്യത്തില്‍ അമേരിക്ക ഇടപെടേണ്ടെന്നും സിഎഎ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രസ്താവന, തെറ്റായതും തെറ്റായ വിവരമുള്ളതും അനാവശ്യവുമാണ് എന്നാണ് ഇന്ത്യ പ്രതികരിച്ചത്.

1955ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ സി.എ.എ അവതരിപ്പിച്ചത്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് 2014നുമുന്‍പ് ഇന്ത്യയിലെത്തുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം. 2016 ജൂലൈയിലാണ് ആദ്യമായി ബില്‍ ലോക്സഭയിലേത്തിയത്. 2019 ജനുവരി എട്ടിന് ലോക്സഭ പാസാക്കുകയും ചെയ്തു.

അതേസമയം രാജ്യ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും നിയമം പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സി.എ.എയുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു വിട്ടുവീഴ്ചയില്ലെന്നും രാജ്യത്തെ പൗരന്മാരുടെ അവകാശം ഉറപ്പുവരുത്തുന്നതാണ് സി.എ.എയെന്നും ഇത് മുസ്ലിം വിരുദ്ധമല്ലെന്നും ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News