ട്രംപിനെതിരെ ചുമത്തിയത് 34 കുറ്റങ്ങള്‍; വാദത്തിനു ശേഷം വിട്ടയച്ചു

കുറ്റപത്രം വായിച്ചുകേട്ട ട്രംപ് ആരോപണങ്ങൾ നിഷേധിച്ചു

Update: 2023-04-05 01:46 GMT

ന്യൂയോര്‍ക്ക്: ലൈംഗികബന്ധം മറച്ചുവെയ്ക്കാന്‍ പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വാദം പൂര്‍ത്തിയായി. കുറ്റപത്രം വായിച്ചുകേട്ട ട്രംപ് ആരോപണങ്ങൾ നിഷേധിച്ചു. ട്രംപിനെതിരെ 34 കുറ്റങ്ങളാണ്  ചുമത്തിയത്. കോടതി നടപടിക്ക് മുന്നോടിയായി ട്രംപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും വാദം പൂർത്തിയാക്കിയ ശേഷം വിട്ടയച്ചു.

ഫ്ലോറിഡയിലെ വസതിയിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ട്രംപ് ന്യൂയോർക്കിലെത്തിയത്. മുതിർന്ന ഉപദേഷ്ടാവ് ജാസൻ മില്ലർ, വക്താവ് സ്റ്റീവൻഷെങ് എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു. ന്യൂയോർക്കിലെ ട്രംപ് ടവറിൽ നിന്ന് മാൻഹാട്ടൻ കോടതിയിലേക്ക് കനത്ത സുരക്ഷയിലായിരുന്നു ട്രംപിന്റെ യാത്ര. കോടതി പരിസരത്തും വൻ​തോതിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.

Advertising
Advertising

കോടതി നടപടി ക്രമങ്ങളുടെ ഭാഗമായാണ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കുറ്റപത്രം വായിക്കല്‍ ഉള്‍പ്പെടെയുള്ള നടപടിയ്ക്കു ശേഷം ട്രംപിനെ വിട്ടയച്ചു. തനിക്ക് മേല്‍ ചുമത്തിയ 34 കുറ്റങ്ങളും നിഷേധിച്ച ട്രംപ്, താൻ നിരപരാധിയാണെന്ന് ആവർത്തിച്ചു. വാദം പൂര്‍ത്തിയായതിന് പിന്നാലെ ട്രംപ് കോടതിയില്‍ നിന്ന് മടങ്ങി. എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. കേസില്‍ ഡിസംബര്‍ നാലിന് വീണ്ടും വാദം കേൾക്കും. വിചാരണ 2024 ജനുവരിയില്‍ ആരംഭിക്കും.

പോണ്‍ താരം സ്റ്റോമി ഡാനിയേൽസുമായുള്ള ലൈംഗികബന്ധം മറച്ചുവെക്കാൻ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുൻപ് 1.30 ലക്ഷം ഡോളർ നൽകിയെന്നാണു ട്രംപിനെതിരായ കേസ്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ട്രംപ് പണം നൽകിയതെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞയാഴ്ചയാ​ണ് മൻഹാട്ടൻ ഗ്രാൻഡ് ജൂറി ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

Summary- Donald Trump becomes the first American president in history to face criminal charges

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News