ഇറാനുമായി ആണവ കരാറിലേക്ക് എത്താൻ കഴിയുമെന്ന് പ്രതീക്ഷ: ഡോണൾഡ് ട്രംപ്

ആണവ ആശങ്കകൾക്ക് പരിഹാരം കാണമെന്ന് വിവിധ ഗൾഫ് രാഷ്ട്രങ്ങൾ

Update: 2025-06-26 16:56 GMT

റിയാദ്: ഇറാനുമായി ആണവ കരാറിലേക്ക് എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള ചർച്ചകൾക്കുള്ള ശ്രമം യുഎസ് സജീവമാക്കിയിട്ടുണ്ട്. ഇതിനിടെ ആണവ ആശങ്കകൾക്ക് പരിഹാരം കാണമെന്ന് വിവിധ ഗൾഫ് രാഷ്ട്രങ്ങൾ ആവർത്തിച്ചു.

അതേസമയം, അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം റദ്ദാക്കാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകി. ഇനി സുപ്രീം കൗൺസിലും പരമോന്നത നേതാവും അംഗീകാരവും നൽകിയാൽ തീരുമാനം പ്രാബല്യത്തിലാകും. ഉത്തരവ് നടപ്പാക്കും മുന്നേ അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക് മുന്നിൽ ഇറാൻ ഉപാധികൾ വെക്കും. അംഗീകരിച്ചില്ലെങ്കിൽ സഹകരിക്കാതെ പോകാനാണ് ഇറാന്റെ നീക്കം. ഇതോടെ ഇറാന്റെ ആണവ പദ്ധതി ആർക്കും മനസ്സിലാക്കാനാകില്ല. ഇത് ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾക്കും കാരണമായേക്കും.

Advertising
Advertising

ഇറാൻ ആക്രമണത്തോടെ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ യുദ്ധാനന്തര പ്രതികരണവും ഇന്നെത്തി. പൂർണമായും തകർക്കപ്പെടുമെന്ന് ബോധ്യപ്പെട്ടതിനാലാണ് ഇസ്രായേൽ പേടിച്ച് യുഎസിന്റെ സഹായം നേടിയതെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. യുദ്ധത്തിൽ നിന്ന് അവർക്കൊന്നും കിട്ടിയില്ല. യുഎസിന്റെ മുഖത്തടിക്കാൻ ഞങ്ങൾക്ക് അവസരം ലഭിക്കുകയാണ് ചെയ്തത്. ഞങ്ങളെ ആക്രമിച്ചാൽ മിഡിലീസ്റ്റിലെ യുഎസ് താവളങ്ങൾ ആക്രമിക്കുമെന്നും അദ്ദേഹം അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ വ്യോമപാത ഇന്ന് ഭാഗികമായി തുറന്നിട്ടുണ്ട്. ഇസ്രായേലിലും ജനജീവിതം സാധാരണ നിലയിലായി. 3,300 ലേറെ പേർക്കാണ് യുദ്ധത്തിൽ ഇസ്രായേലിൽ പരിക്കേറ്റത്. പതിനൊന്നായിരത്തിലേറെ പേർ ഭവനരഹിതരായെന്നും ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News