'എട്ട് യുദ്ധം അവസാനിപ്പിച്ചു, ലോകത്തിൻ്റെ സമ്പൂര്‍ണ നാശം തടഞ്ഞു, എന്നേക്കാള്‍ അര്‍ഹത മറ്റാര്‍ക്കുമില്ല'; ട്രംപിൻ്റെ കണ്ണ് വീണ്ടും നൊബേലില്‍

സമാധാന നൊബേല്‍ പുരസ്‌കാരത്തിന് തന്നേക്കാള്‍ അര്‍ഹനായ മറ്റൊരാള്‍ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് ട്രംപ്

Update: 2026-10-08 04:56 GMT

വാഷിങ്ടണ്‍ ഡിസി: നൊബേല്‍ സമാധാന പുരസ്‌കാരത്തിനായുള്ള അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്നും നിരവധി സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് 2026ലെ നൊബേല്‍ സമാധാന പുരസ്‌കാരം തനിക്ക് ലഭിക്കണമെന്ന് ട്രംപ് പറഞ്ഞത്. വൈറ്റ് ഹൗസ് ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. മറ്റാരും ചെയ്യാത്ത കാര്യങ്ങളാണ് ചെയ്തത്' എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. പുരസ്‌കാരം ലഭിച്ചില്ലെങ്കിലും താന്‍ ഇതിനകം ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും നൊബേല്‍ കമ്മിറ്റി തന്നെ പരിഗണിച്ചില്ലെങ്കില്‍ അത് കമ്മിറ്റിക്ക് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. 'നൊബേല്‍ പുരസ്‌കാരത്തിന് എന്നേക്കാള്‍ അര്‍ഹനായ മറ്റൊരാള്‍ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഞാന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. ലോകത്തിന്റെ സമ്പൂര്‍ണ നാശം തടഞ്ഞു.' -ട്രംപ് പറഞ്ഞു. 

Advertising
Advertising


ഇസ്രയേല്‍-ഹമാസ് യുദ്ധം, ഇസ്രയേല്‍-ഇറാന്‍, ഇന്ത്യ-പാകിസ്താന്‍, ഈജിപ്ത്-എത്യോപ്യ, സെര്‍ബിയ-കൊസോവോ, റുവാണ്ട-കോംഗോ, അര്‍മേനിയ-അസര്‍ബൈജാന്‍, കംബോഡിയ-തായ്ലന്‍ഡ് തുടങ്ങിയ സംഘര്‍ഷങ്ങളാണ് ട്രംപ് നേരത്തെ 'എട്ട് യുദ്ധങ്ങള്‍' എന്ന അവകാശവാദത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

മുന്‍ പ്രസിഡന്റ് ബറാക് ഒബാമയെക്കാള്‍ നൊബേല്‍ പുരസ്‌കാരത്തിന് താന്‍ അര്‍ഹനാണെന്നും ട്രംപ് പറഞ്ഞു. 2009ല്‍ ഒബാമയ്ക്ക് പുരസ്‌കാരം ലഭിച്ചതിന്റെ കാരണം ഒബാമയ്ക്ക് പോലും അറിയില്ലായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. 2025ലെ നൊബേല്‍ സമാധാന പുരസ്‌കാര ജേതാവ് മരിയ കൊറീന മച്ചാഡോ തന്റെ മെഡല്‍ തനിക്ക് കൈമാറിയ സംഭവവും അദ്ദേഹം പരാമര്‍ശിച്ചു. 2026ലെ നൊബേല്‍ സമാധാന പുരസ്‌കാരം ഒക്ടോബര്‍ ഒന്‍പതിനാണ് പ്രഖ്യാപിക്കുക.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News