'ഞാനായിരുന്നു യു.എസ് പ്രസിഡന്റെങ്കിൽ പുടിൻ കുടുങ്ങിയേനെ...'; യുക്രൈൻ യുദ്ധത്തിൽ നിലപാട് പറഞ്ഞ് ഡൊണാൾഡ് ട്രംപ്

നിലവിലെ യു.എസ് പ്രസിഡൻറ് അവർക്ക് ആണവായുധമുണ്ടെന്ന് പറയുകയാണെന്നും എന്നാൽ നമുക്ക് അതിനേക്കാൾ മികച്ച ആയുധങ്ങളുണ്ടെന്നും ചരിത്രത്തിലെ ഏറ്റവും വലിയ സബ്മറൈൻ ശക്തിയുണ്ടെന്നും ട്രംപ്

Update: 2022-04-26 12:44 GMT
Advertising

യുക്രൈൻ യുദ്ധകാലത്ത് താനായിരുന്നു യു.എസ് പ്രസിഡന്റെങ്കിൽ റഷ്യൻ പ്രസിഡൻറ് വ്‌ളാഡ്മിർ പുടിൻ കുടുങ്ങിയേനെയെന്നും ആണവായുധം പറഞ്ഞ് അദ്ദേഹം അടക്കടി ഭീഷണിപ്പെടുത്തുന്നത് നിർത്തുമായിരുന്നെന്നും റഷ്യയേക്കാൾ മികച്ച ആയുധങ്ങൾ തങ്ങൾക്കുണ്ടെന്ന് പറയുമായിരുന്നുവെന്നും മുൻ യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. പിയേർസ് മോർഗൻ അൺസെൻസേർഡ് എന്ന പരിപാടിയിൽ സംസാരിക്കവേയാണ് മുൻ യു.എസ് പ്രസിഡൻറ് യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ നിലപാട് പറഞ്ഞത്.


ന്യൂക്ലിയർ ഭീഷണി പുടിൻ നിത്യവും ഉയർത്തുകയാണെന്നും എല്ലാവരും ഭയപ്പെടുന്നത് കൊണ്ടാണ് വീണ്ടും വീണ്ടും ഉപയോഗിക്കുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത് തുടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉക്രൈനിൽ റഷ്യ അധിനിവേശം നടത്തുമ്പോൾ നിലവിലെ യു.എസ് പ്രസിഡൻറ് അവർക്ക് ആണവായുധമുണ്ടെന്ന് പറയുകയാണെന്നും എന്നാൽ നമുക്ക് അതിനേക്കാൾ മികച്ച ആയുധങ്ങളുണ്ടെന്നും ചരിത്രത്തിലെ ഏറ്റവും വലിയ സബ്മറൈൻ ശക്തിയുണ്ടെന്നും ട്രംപ് പറഞ്ഞു. അധിനിവേശം നിർത്തിയില്ലെങ്കിൽ യു.എസ്സിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് താൻ റഷ്യൻ നേതാവിനോട് പറഞ്ഞിരുന്നുവെന്നും അപ്പോൾ അദ്ദേഹം ശരിക്കും അങ്ങനെയാകുമോയെന്ന് ചോദിച്ചുവെന്നും അതേയെന്ന് മറുപടി നൽകിയെന്നും ട്രംപ് പറഞ്ഞു.

ആണവ പ്ലാൻറിന് മുകളിലൂടെ താഴ്ന്നു പറന്ന് റഷ്യൻ മിസൈലുകൾ

തെക്കൻ യുക്രൈനിലുള്ള യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് മുകളിലൂടെ റഷ്യൻ മിസൈലുകൾ ചൊവ്വാഴ്ച താഴ്ന്നു പറന്നതായി യുക്രൈൻ ഗവൺമെൻറിന്റെ ആറ്റോമിക് എനർജി കമ്പനി അറിയിച്ചു. റഷ്യയുടെ അധിനിവേശം ഒരു ആണവ ദുരന്തത്തിന് കാരണമാകുമെന്ന മുന്നറിയിപ്പും അവർ ആവർത്തിച്ചു. സപോറിഷ്യാ ആണവപ്ലാൻറിന് മുകളിലൂടെയാണ് റഷ്യയുടെ ക്രൂയിസ് മിസൈലുകൾ പറന്നതെന്നും ഇവ പതിച്ച വാണിജ്യ കെട്ടിടം തകർന്ന് ഒരാൾ മരിച്ചുവെന്നും കമ്പനി അറിയിച്ചു.



മാർച്ച് നാലുമുതൽ പ്ലാൻറ് കയ്യടക്കിയ റഷ്യ വലിയ ഉപകരണങ്ങളും വെടിക്കോപ്പുകളും അവിടെ സൂക്ഷിച്ചിരിക്കുകയാണെന്നും 'എനർജ്‌ഗോട്ടം' അറിയിച്ചു. ലോകത്തിലെ ഏറ്റവും അപകടകരമായ ആണവദുരന്തത്തിന്റെ 36ാം വാർഷികത്തിലെത്തി നിൽക്കുന്ന ചെർണോബിലിൽ റഷ്യൻ യുദ്ധം കൂടുതൽ അത്യാപത്തുകൾ വിതച്ചേക്കുമെന്ന് 'എനർജ്‌ഗോട്ടം' മുന്നറിയിപ്പ് നൽകി. യുക്രൈൻ അധിനിവേശത്തെ തുടർന്ന് ചെർണോബിൽ കയ്യടക്കുകയുംപിന്നീട് അവിടുന്ന് വിടുകയും ചെയ്ത റഷ്യ കമ്പനിയുടെ ആരോപണങ്ങളിൽ പ്രതികരിച്ചിട്ടില്ല.

അതേസമയം, യുനൈറ്റഡ് നാഷൻസ് സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു.

Donald Trump speaks out on Ukraine war, n-word

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News