വീണ്ടും ട്രംപ്​ യുഗം; യുഎസ്​ ​പ്രസിഡൻറായി സത്യപ്രതിജ്​ഞ ചെയ്​ത്​​ ഡോണൾഡ്​ ട്രംപ്​

വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും സത്യപ്രതിജ്ഞ ചെയ്തു

Update: 2025-01-21 01:20 GMT

വാഷിങ്​ടൺ: യുഎസിന്റെ നാൽപത്തേഴാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു​. കാപിറ്റോൾ മന്ദിരത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. ലോകനേതാക്കളുടെയും വമ്പൻ വ്യവസായികളുടെയും സാന്നിധ്യത്തിലായിരുന്നു സ്​ഥാനാരോഹണം. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും സത്യപ്രതിജ്ഞ ചെയ്തു.

വൈറ്റ് ഹൗസിലെത്തി ജോ ബൈഡന്റെയും ഭാര്യ ജിൽ ബൈഡന്റെയും ആതിഥേയത്വത്തിലുള്ള ചായ സൽക്കാരത്തിൽ പങ്കെടുത്തതിനുശേഷമാണ് ട്രംപ് സത്യപ്രതിജ്ഞാ വേദിയിലെത്തിയത്​. ജോ ബൈഡനും മുൻ വൈസ്​ പ്രസിഡൻറ്​ കമലാ ഹാരിസടക്കമുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. യുഎസ് മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെയും തന്റെ മാതാവിന്റെയും ബൈബിളുകൾ കയ്യിലേന്തിയാണ് ട്രംപ് സത്യവാചകം ചൊല്ലിയത്​. യുഎസ്​ സുപ്രിംകോടതി ജഡ്​ജി സത്യപ്രതിജ്​ഞാ വാചകങ്ങൾ ചൊല്ലിക്കൊടുത്തു.

Advertising
Advertising

അതിശൈത്യത്തെ തുടർന്ന്​ ഇത്തവണ കാപിറ്റോൾ മന്ദിരത്തിന്​ അകത്താണ്​ ചടങ്ങുകൾ നടന്നത്​.ഡോണൾഡ് ട്രംപ് പ്രസിഡന്‍റായി അധികാരമേറ്റ് ആദ്യം നടത്തിയ പ്രസംഗം തന്നെ വിവാദങ്ങളും നിർണായക പ്രഖ്യാപനങ്ങളും നിറഞ്ഞതായിരുന്നു. കാനഡ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും ട്രാൻസ്ജെൻഡറുകളെ അംഗീകരിക്കില്ലെന്നും ട്രംപ് പറഞ്ഞു.വിശ്വാസവഞ്ചനയുടെ കാലം അവസാനിച്ചെന്ന് പറഞ്ഞ് ബൈഡനെയും ട്രംപ് വിമർശിച്ചു.

അനധികൃത കുടിയേറ്റം അവസാനിപ്പിക്കുമെന്നു പറഞ്ഞ ട്രംപ് അമേരിക്ക-മെക്സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തെക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കുമെന്നും പറഞ്ഞു. യുഎസിൽ ഇനി സ്ത്രീയും പുരുഷനും മാത്രം. മറ്റ് ലിംഗങ്ങൾ നിയമപരമായി അനുവദിക്കില്ലെന്ന് പറഞ്ഞത് വലിയ ചർച്ചയായി. പാനമ കനാലിന്‍റെ അധികാരം വിട്ടു നല്‍കിയത് മണ്ടത്തരമാണ്. കനാൽ ചൈന നിയന്ത്രിക്കുന്നുവെന്ന വാദം ട്രംപ് വീണ്ടുമുയർത്തി. പനാമ കനാലിന്‍മേലുള്ള അധികാരം തിരിച്ചുപിടിക്കുമെന്നും ട്രംപ് പറഞ്ഞു.

മെക്സിക്കൻ ഉൾക്കടലിന്റെ പേര് അമേരിക്കൻ ഉൾക്കടൽ എന്നാക്കി മാറ്റുമെന്ന അവകാശവാദവും ട്രംപ് ആവർത്തിച്ചു. ഇത് അമേരിക്കയുടെ വിമോചന ദിനമാണെന്നും അമേരിക്കയുടെ സുവർണകാലഘട്ടത്തിന് തുടക്കമായെന്നും ട്രംപ് പ്രഖ്യാപിച്ചു. സുപ്രധാന ഉത്തരവുകളിൽ ഇന്ന്​ തന്നെ ഒപ്പിടും.

സ്ഥലപരിമിതി മൂലം അകത്തെ വേദിയിൽ ഇടംകിട്ടാതെ പോകുന്ന അതിഥികൾക്കെല്ലാം ചടങ്ങു തത്സമയം കാണാൻ സൗകര്യമുണ്ടായിരുന്നു. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ചടങ്ങിൽ പങ്കെടുത്തു. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്, വാൻസിന്റെ ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസ് എന്നിവരും ചടങ്ങിൽ മുൻനിരയിൽ ഇടംപിടിച്ചു. വാഷിങ്ടൺ ഡിസിയിലെ സെന്റ് ജോൺസ് പള്ളിയിലെ കുർബാനയോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം.


Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News