വാഷിങ്ടൺ: വെനസ്വേലയ്ക്കെതിരായ അധിനിവേശ നടപടിയിൽ വിമർശനമുനയിൽ നിൽക്കുന്നതിനിടെ ക്യൂബയ്ക്കെതിരെയും കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെനസ്വേലയിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾ നിലയ്ക്കുമെന്നും അധികം വൈകാതെ അമേരിക്കയുമായി ധാരണയിലെത്തുന്നതാണ് ക്യൂബയ്ക്ക് നല്ലതെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. യുഎസും ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം വഷളാകുന്നതിനിടെയാണ് ട്രംപിന്റെ പുതിയ ഭീഷണി.
വെനസ്വേലയിൽ നിന്ന് ഇനി എണ്ണയോ പണമോ ക്യൂബയ്ക്ക് ലഭിക്കില്ലെന്ന് ട്രംപ് തന്റെ സമൂഹമാധ്യമ പോസ്റ്റിൽ വ്യക്തമാക്കി. ട്രംപിന്റെ ഭീഷണിക്ക് തൊട്ടുപിന്നാലെ ശക്തമായ മറുപടിയുമായി ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനൽ രംഗത്തെത്തി. ക്യൂബ ഒരു പരമാധികാര രാഷ്ട്രമാണെന്നും എന്ത് ചെയ്യണമെന്ന് മറ്റൊരു രാജ്യവും തങ്ങളോട് ആജ്ഞാപിക്കേണ്ടതില്ലെന്നും അദ്ദേഹം തിരിച്ചടിച്ചു.
ക്യൂബയുടെ കാര്യത്തിൽ നിഗൂഢത നിറഞ്ഞ പ്രതികരണവുമായി കഴിഞ്ഞദിവസവും ട്രംപ് എത്തിയിരുന്നു. 'മാർകോ റൂബിയോ ക്യൂബ പ്രസിഡന്റാവുമോ?' എന്ന എക്സ് പോസ്റ്റ് പങ്കുവച്ച് തനിക്ക് അതിന് സമ്മതമാണ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ക്യൂബ എത്രയും വേഗം യുഎസുമായി കരാറിലെത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. വെനസ്വേലയിൽ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ 32 ക്യൂബൻ സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. മദൂറോയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ക്യൂബൻ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
വെനസ്വേലയുടെ അടുത്ത സഖ്യകക്ഷിയായ ക്യൂബ വർഷങ്ങളായി വിവിധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സൈന്യത്തെയും പൊലീസിനെയും അവിടേക്ക് അയയ്ക്കാറുണ്ട്. വെനസ്വേലയിൽ ഈ മാസം മൂന്നിന് പുലർച്ചെ നടത്തിയ ആക്രമണത്തിലാണ് നിരവധി പേർക്ക് ജീവൻ നഷ്ടമായത് കൊല്ലപ്പെട്ടത്. അമേരിക്കൻ ആക്രമണത്തിൽ മദൂറോയുടെ സുരക്ഷാ സംഘത്തിലെ ഭൂരിഭാഗം പേരും നിരപരാധികളായ സാധാരണക്കാരും കൊല്ലപ്പെട്ടെന്ന് വെനസ്വേലൻ പ്രതിരോധ മന്ത്രി വ്ലാദിമിർ പാഡ്രിനോ പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം ഇറാനെയും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ‘നിങ്ങൾ സമരക്കാരെ വെടിവച്ചാൽ, ഞങ്ങളും വെടിപൊട്ടിക്കും’ എന്നായിരുന്നു ട്രംപിന്റെ ഭീഷണി. പ്രക്ഷോഭകർക്കായി ഇടപെടാൻ മടിക്കില്ലെന്ന് കഴിഞ്ഞയാഴ്ച ട്രംപ് പറഞ്ഞിരുന്നു. ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇറാനെതിരായ ട്രംപിന്റെ ഭീഷണി.
എന്നാൽ, ഇതിന് തക്കമറുപടി ഇറാനിൽ നിന്നുണ്ടാവുകയും ചെയ്തു. ഇറാനിൽ അമേരിക്ക സൈനിക നടപടിക്ക് മുതിർന്നാൽ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. തങ്ങളുടെ പരമാധികാരത്തിനുമേൽ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റമുണ്ടായാൽ ഇസ്രായേലിലെ സൈനിക- ഷിപ്പിങ് കേന്ദ്രങ്ങളും യുഎസ് താവളങ്ങളും തകർക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഗാലിബാഫ് പറഞ്ഞു.
ഇറാൻ പാർലമെന്റിൽ ഞായറാഴ്ച നടന്ന സമ്മേളനത്തിനിടെയാണ് ഗാലിബാഫിന്റെ പ്രഖ്യാപനം. 'അമേരിക്കയ്ക്ക് മരണം' എന്ന് മുദ്രാവാക്യം മുഴക്കിയാണ് പാർലമെന്റ് അംഗങ്ങൾ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ആക്രമണമുണ്ടായ ശേഷം മാത്രം പ്രതികരിക്കുന്ന രീതിയായിരിക്കില്ല ഇറാന്റെ നീക്കങ്ങളെന്നും ഗാലിബാഫ് വ്യക്തമാക്കി. ട്രംപിനെ 'വ്യാമോഹി' എന്ന് വിളിച്ച സ്പീക്കർ യുഎസും സഖ്യകക്ഷികളും തെറ്റായ തീരുമാനങ്ങളെടുക്കരുതെന്ന് മുന്നറിയിപ്പ് നൽകി. വിലക്കയറ്റത്തിനെതിരായ ജനരോഷം രണ്ടാഴ്ച പിന്നിടവേ, പൊതുമുതൽ നശിപ്പിക്കുന്നതു തുടർന്നാൽ സൈന്യമിറങ്ങുമെന്ന് ഇറാൻ ഭരണകൂടം പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിൽ നിന്ന് ഭീഷണിയുണ്ടായത്.
നേരത്തെ ഗ്രീൻലാൻഡിനെയും അമേരിക്ക നോട്ടമിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഗ്രീന്‍ലാന്‍ഡില്‍ അധിനിവേശത്തിനൊരുങ്ങിയാല്‍ കര്‍ശനമായ സൈനികനടപടിയുണ്ടാകുമെന്ന് യുഎസിന് ഡെന്മാര്‍ക്ക് മുന്നറിയിപ്പ് നൽകി. അധിനിവേശക്കാര്‍ക്കെതിരെ ഉന്നതരുടെ അനുമതി കാത്തുനില്‍ക്കാതെ വെടിവെക്കണമെന്ന 1952ലെ നിയമമനുസരിച്ചാണ് തീരുമാനമെടുക്കുകയെന്നും ഡെന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
നാറ്റോ അധീനതയിലുള്ള ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ക്ക് ട്രംപ് തുടക്കംകുറിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു ഡെന്മാര്‍ക്കിന്റെ പ്രസ്താവന. ആര്‍ട്ടിക്ക് ദ്വീപ് പിടിച്ചെടുക്കണമെന്ന തന്റെ ആഗ്രഹത്തിന് സൈനികനീക്കം മാത്രമാണ് ഉപാധിയെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുകയെന്നത് ദേശസുരക്ഷയ്ക്ക് പ്രധാനമാണെന്നാണ് പ്രസിഡന്റ് കരുതുന്നത്.
എന്നാല്‍, യുഎസ് പ്രസിഡന്റും നേതാക്കളും ഗ്രീന്‍ലാന്‍ഡിലേക്ക് കണ്ണുവച്ചിട്ടുണ്ടെങ്കിലും ദ്വീപ് വില്‍പ്പനയ്ക്കുള്ളതല്ലെന്നും എന്തെങ്കിലും നീക്കത്തിന് മുതിര്‍ന്നാല്‍ മുന്നറിയിപ്പ് കൂടാതെ വെടിവെക്കുമെന്ന നിലപാടിലാണ് ഡെന്മാര്‍ക്ക്. നേരത്തെ, ഗ്രീന്‍ലാന്‍ഡിനും ഡെന്മാര്‍ക്കിനുമെതിരായ നീക്കത്തിനെതിരെ യൂറോപ്യന്‍ രാജ്യങ്ങളും യുഎസിനെതിരെ രംഗത്തെത്തിയിരുന്നു.
കൊളംബിയക്കെതിരെയും ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. കൊളംബിയയിൽ സൈനിക നീക്കത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് അത്തരം ഒരു നീക്കം തനിക്ക് നന്നായി തോന്നുന്നുവെന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. 'കൊളംബിയ തീർത്തും രോഗാതുരമാണ്, കൊക്കെയ്ൻ ഉണ്ടാക്കി അമേരിക്കയ്ക്ക് വിൽക്കുന്ന ഒരു രോഗിയായ മനുഷ്യനാണ് ഇത് ഭരിക്കുന്നത്, എന്നാൽ അധികകാലം ഇത് തുടരില്ല' എന്നായിരുന്നു പ്രസിഡന്റ് ഗുസ്താവോ പെട്രോയെ ഉദ്ദേശിച്ചുള്ള ട്രംപിന്റെ വാക്കുകൾ.
ഈ മാസം ആദ്യം വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മദൂറോയെയും ഭാര്യയേയും കസ്റ്റഡിയിലെടുക്കുകയും ന്യൂയോർക്കിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. ജനുവരി മൂന്നിന് യുഎസ് സമയം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ ഏഴിടങ്ങളിൽ ആക്രമണം. ഇതിനിടെ പ്രസിഡന്റിന്റെ വസതിയിൽ അതിക്രമിച്ചുകയറിയ യുഎസ് സൈന്യം കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന നിക്കോളാസ് മദൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനേയും വലിച്ചിഴച്ച് പുറത്തുകൊണ്ടുപോവുകയായിരുന്നു. തുടർന്നാണ് ന്യൂയോർക്കിലേക്ക് കൊണ്ടുപോയത്.
പിടികൂടിയ മദൂറോയ്‌ക്കെതിരെ നാർകോ ടെററിസം, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നാണ് അറ്റോർണി ജനറൽ പാം ബോണ്ടി പുറത്തുവിട്ട കുറ്റപത്രത്തിൽ പറയുന്നത്. അമേരിക്കൻ സൈന്യത്തിന്റെ എലൈറ്റ് വിഭാഗമായ ഡെൽറ്റ ഫോഴ്‌സ്, എഫ്ബിഐയുടെ പിന്തുണയോടെയാണ് ഏകപക്ഷീയ ആക്രമണം നടത്തിയത്.