'ഹമാസിനെ മാറ്റിനിര്‍ത്തും'; ഗസ്സയില്‍ ട്രംപിന്റെ പദ്ധതിക്ക് ബദലുമായി ഈജിപ്ത്

പാശ്ചാത്യ രാജ്യങ്ങള്‍ നിയന്ത്രിക്കുന്ന ഇടക്കാല ഭരണ സംവിധാനം കൊണ്ടുവരാന്‍ നീക്കം

Update: 2025-03-04 06:25 GMT
Editor : നബിൽ ഐ.വി | By : Web Desk

കെയ്​റോ: ഗസ്സ പിടിച്ചെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിക്ക് ബദല്‍ നീക്കങ്ങളുമായി ഈജിപ്ത്. ഗസ്സയിൽനിന്ന്​ ഹമാസിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള പദ്ധതിയാണ്​ ഈജിപ്​ത്​ അവതരിപ്പിച്ചത്​. നിലവിലെ ഭരണകര്‍ത്താക്കളായ ഹമാസിനുപകരം അറബ്, പാശ്ചാത്യ രാജ്യങ്ങള്‍ നിയന്ത്രിക്കുന്ന ഇടക്കാല ഭരണ സംവിധാനം ഗസ്സയില്‍ കൊണ്ടുവരുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനു ലഭിച്ച കരട് രേഖയില്‍ വ്യക്​തമാക്കുന്നു.

ഇന്ന് കെയ്‌റോയില്‍ ചേരുന്ന അടിയന്തര അറബ് ഉച്ചകോടിയില്‍ ബദല്‍ പദ്ധതിയുടെ കരട് അവതരിപ്പിക്കും. സൗദി അറേബ്യ, യുഎഇ, ജോര്‍ഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ ബദല്‍ പദ്ധതിയുടെ ചര്‍ച്ചയിലായിരുന്നു. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണങ്ങളെത്തുടര്‍ന്ന് ആരംഭിച്ച യുദ്ധം അവസാനിച്ചതിനുശേഷമോ സമാധാനം പുനസ്ഥാപിച്ചതിനു ശേഷമോ ആയിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.

Advertising
Advertising

ഫലസ്തീന്‍ ജനതയെ ഒഴിപ്പിച്ചശേഷം ഗസ്സ ഏറ്റെടുത്ത് ഉല്ലാസകേന്ദ്രമാക്കി മാറ്റുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഒഴിപ്പിക്കുന്ന ഫലസ്തീനി ജനതയെ ജോര്‍ഡനും ഈജിപ്തും ഏറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് അറബ് രാജ്യങ്ങള്‍ക്കു യോജിപ്പില്ലാത്ത സാഹചര്യത്തിലാണ് ഗസ്സയില്‍ ഒരു ബദല്‍ പദ്ധതി ഒരുക്കുന്നത്.

'ഒരു കൊല്ലത്തിലധികമായി നടന്നുവരുന്ന യുദ്ധത്തെ തുടര്‍ന്ന് അതിദാരുണമായ ജീവിതമാണ് ഫലസ്തീനികള്‍ നയിക്കുന്നത്. അതിനാല്‍ ഗസ്സ വിടുന്നതില്‍ അവര്‍ക്ക് സന്തോഷമേ ഉണ്ടാകുകയുള്ളൂ. തകര്‍ന്നു വീഴുന്നതും വീഴാന്‍ തുടങ്ങിയതുമായ കെട്ടിടങ്ങളുടെ കീഴിലാണ് അവര്‍ താമസിക്കുന്നത്. അവിടുത്തെ അവസ്ഥ ഭീകരമാണ്. ലോകത്ത് മറ്റൊരിടത്തും ഗസ്സയിലേക്കാള്‍ മോശമായ സാഹചര്യങ്ങള്‍ ഉണ്ടായിരിക്കില്ല. ഗസ്സയില്‍ നിലവിലുള്ള ഫലസ്തീന്‍കാര്‍ അവിടം വിട്ട് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയിക്കോട്ടെ. ഗസ്സയെ സമ്പൂര്‍ണമായി പുനര്‍നിര്‍മിക്കാം. ഗസ്സയ്ക്കുമേല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശമാണ് യുഎസ് ലക്ഷ്യമിടുന്നത്'- എന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്.

ഗസ്സ പുനര്‍നിര്‍മാണത്തിന്റെ ചെലവ് ആരു വഹിക്കുമെന്ന് ബദല്‍ പദ്ധതിയുടെ കരടില്‍ ഈജിപ്ത് പരാമര്‍ശിക്കുന്നില്ല. ഹമാസിനെ മാറ്റിനിര്‍ത്തി ഗസ്സയുടെ ഭരണനിര്‍വഹണം എങ്ങനെ സാധ്യമാകുമെന്നും വ്യക്തമല്ല. ഈജിപ്തിന്റെ പദ്ധതിക്ക് മറ്റു അറബ് രാജ്യങ്ങളുടെ പിന്തുണയുണ്ടോയെന്നതും രേഖയില്‍ പറയുന്നില്ല.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News