തന്റെ സ്വകാര്യ ജെറ്റ് വിമാനം ട്രാക്ക് ചെയ്യുന്നത് നിർത്തണം; ഇലോൺ മസ്‌ക് കൗമാരക്കാരന് വാഗ്ദാനം ചെയ്തത് 5,000 ഡോളർ

50,000 ഡോളർ ലഭിക്കുമെങ്കിൽ നോക്കാമെന്ന് 19 കാരൻ

Update: 2022-01-30 10:45 GMT
Editor : Lissy P | By : Web Desk

തന്റെ സ്വകാര്യ ജെറ്റ് വിമാനത്തിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നത് നിർത്താൻ വേണ്ടി ടെസ്‍ല സിഇഒ ഇലോൺ മസ്‌ക് കൗമാരക്കാരന് വാഗ്ദാനം ചെയ്തത് 5,000 ഡോളർ. കഴിഞ്ഞ നവംബറിലാണ് 19 കാരനായ ജാക്ക് സ്വീനിയെ ഇലോൺ മസ്‌ക് സമീപിക്കുന്നത്. @ElonJet എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ജാക്ക് മസ്‌കിന്റെ വിമാന യാത്ര വിവരങ്ങൾ പങ്കുവെക്കുന്നത്. ഏകദേശം 1.64 ലക്ഷം പേരാണ് ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നത്.

ജനുവരി 26ന് ഈലോൺ മസ്‌ക് ടെസ്ലയുടെ നിക്ഷേപകരുമായി ഓൺലൈനിൽ സംവദിച്ചിരുന്നു. ഈലോൺ മസ്‌കിന്റെ വിമാനം ടെക്സാസിൽ എത്തിയതിന്റെ വിവരങ്ങളും അന്ന് ട്വിറ്ററിൽ പങ്ക് വെച്ചിരുന്നു. തുടർന്നാണ് ഇലോൺ ട്വിറ്ററിലൂടെ നേരിട്ട് ജാക്കിന് സന്ദേശം അയച്ചത്. തന്റെയും കുടുംബത്തിന്റെയും വിമാനയാത്രാ വിവരങ്ങൾ പരസ്യമാവുന്നതിന് എതിരെ നേരത്തെയും മസ്‌ക് രംഗത്ത് വന്നിരുന്നു.

Advertising
Advertising

സാധാരണ ഒരാൾക്കും ട്വിറ്ററിലൂടെ മറുപടി നൽകാത്ത വ്യക്തിയാണ് ഇലോൺ മസ്‌ക്. പക്ഷേ യു.എസിലെ സെൻട്രൽ ഫ്ളോറിഡ സർവ്വകലാശാലയിലെ ഐ.ടി വിദ്യാർഥിയായ ജാക്ക് സ്വീനിക്ക് അദ്ദേഹം മെസേജ് അയച്ചു. 'ഈ അക്കൗണ്ട് നിർത്താമോ ? ഇത്  സുരക്ഷാ ഭീഷണിയാണെന്നാണ്'  മസ്‌ക്ക് മെസേജ് അയച്ചത്. പുലർച്ചെ 12.13ന് ലഭിച്ച മെസേജിന് നേരം വെളുത്തപ്പോഴാണ് ജാക്ക് മറുപടി നൽകിയത്. ഞാൻ അക്കൗണ്ട് നിർത്താം. പക്ഷേ ടെസ്‍ല  മോഡൽ 3 കാറിന്റെ വിലവരുമെന്നായിരുന്നു ജാക്ക് മറുപടി കൊടുത്തത്.ട്വിറ്റർ ബോട്ടിനെ ഡിലീറ്റ് ചെയ്താൽ 5000 ഡോളർ (3.75 ലക്ഷം രൂപ) നൽകാമെന്നാണ് മസ്‌ക് വാഗ്ദാനം ചെയ്തത്. പ്രതിമാസം 20 ഡോളർ മാത്രമാണ് ബോട്ടിൽ നിന്ന് വരുമാനമായി ലഭിക്കുന്നതെന്ന് ജാക്ക് മസ്‌കിന് മറുപടിയും അയച്ചു. 5000ത്തിന് പകരം 50,000 ഡോളർ ലഭിക്കുമോ?. അത് എന്റെ കോളേജ് പഠനത്തെ സഹായിക്കും. ടെസ്‍ലയുടെ മോഡൽ3 കാർ വാങ്ങാൻ കഴിയും. ജാക്ക് മെസേജ് അയച്ചു.

ജനുവരി 26നാണ് ജാക്ക് മസ്‌കിന് അവസാനമായി മെസേജ് അയച്ചത്. നിങ്ങളുടെ കാഴ്ച്ചപാട് എനിക്ക് മനസിലാവുന്നുണ്ട്. ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ഞാൻ ബോട്ട് നിർമിക്കുന്നു. ഒരുപാട് പരിശ്രമിച്ചാണ് ബോട്ടുകളെ നിർമിക്കുന്നത്. പണത്തിന് പകരം ടെസ്‍ലയിൽ ഇന്റേൺഷിപ്പ് നൽകിയാലും മതിയാവുമെന്നും ജാക്ക് തന്റെ അവസാന മെസേജിൽ മസ്‌കിനോട് പറഞ്ഞു. പറയുന്നു.പിന്നീട് മസ്‌കിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നുമുണ്ടായിട്ടില്ലെന്ന് ജാക്ക് പറയുന്നു.

പണം നൽകുന്നതിന് പകരം ജാക്കിന്റെ ട്രാക്കിങ് രീതി പൊളിക്കാൻ മസ്‌ക് പലശ്രമങ്ങളും നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ലോകത്തിലെഏറ്റവും സമ്പന്നനായ വ്യക്തിയായ ഈലോൺ മസ്‌ക്. ടെസ്‍ല, സ്പേസ് എക്സ് കമ്പനികളുടെ സി.ഇ.ഒ യാണ്.  7.2 കോടി പേർ അദ്ദേഹത്തെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നുണ്ട്.

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് എന്നിവരടക്കമുള്ള അതിസമ്പന്നരുടെ സ്വകാര്യജെറ്റ് വിമാനങ്ങളെയും ജാക്ക് ട്രാക്ക് ചെയ്യുന്നുണ്ട്. ജാക്ക് സ്വീനിയുടെ ട്വിറ്റർ അക്കൗണ്ട് നിയമവിരുദ്ധമല്ലെന്നാണ് വിദഗ്ധർ പറയുന്നത്.വ്യോമയാന മേഖലയിൽ ജോലിയെടുക്കുന്ന പിതാവിൽ നിന്നാണ് ഈ മേഖലയിലെ പലകാര്യങ്ങളും ജാക്ക് മനസിലാക്കിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News