യുക്രൈയിനായി റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതിടെ പിടിയിലായ മൂന്നു വിദേശികൾക്ക് വധശിക്ഷ

ഫെബ്രുവരി 24ന് യുക്രൈനിൽ റഷ്യ അധിനിവേശം തുടങ്ങിയ ശേഷം ആദ്യമായാണ് വിദേശ പൗരന്മാർക്ക് ശിക്ഷ വിധിക്കുന്നത്

Update: 2022-06-10 10:40 GMT

യുക്രൈയിനായി റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതിടെ പിടിയിലായ മൂന്നു വിദേശികൾക്ക് വധശിക്ഷ. രണ്ട് ബ്രിട്ടീഷ് പൗരന്മാർക്കും ഒരു മൊറോക്കൻ പൗരനുമാണ് റഷ്യൻ അനുകൂല വിഘടനവാദികൾ ഭരിക്കുന്ന കിഴക്കൻ യുക്രൈനിലെ കോടതി വധശിക്ഷ വിധിച്ചത്. ഫെബ്രുവരി 24ന് യുക്രൈനിൽ റഷ്യ അധിനിവേശം തുടങ്ങിയ ശേഷം ആദ്യമായാണ് വിദേശ പൗരന്മാർക്ക് ശിക്ഷ വിധിക്കുന്നത്. എയ്ഡൻ അസ്‌ലിന്, ഷോൺ പിന്നെർ എന്നീ ബ്രിട്ടീഷുകാർക്കും സാദൂൻ ബ്രാഹിം എന്ന മൊറോക്കൻ പൗരനുമാണ് ശിക്ഷ നേരിടേണ്ടിവരിക. സ്വയം പ്രഖ്യാപിത ഡോൺസ്‌റ്റെക് പീപ്പിൾസ് റിപ്പബ്ലിക്(ഡി.പി.ആർ) സുപ്രിംകോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. റഷ്യൻ വിമതർ ഭരിക്കുന്ന ഈ പ്രദേശത്തെ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടില്ല.

Advertising
Advertising

അധികാരം പിടിച്ചെടുക്കൽ, ഭീകരപ്രവർത്തന പരിശീലനം തുടങ്ങിയവക്കെതിരെയുള്ള ഡിപിആർ ലീഗൽ കോഡിന്റെ നാലാം ആർട്ടികിൾ ലംഘിച്ചതായി ചൂണ്ടിക്കാണിച്ചാണ് ശിക്ഷാനടപടി. കൂലിപ്പടയാളികളായ ഗ്രൂപ്പുകളുടെ പ്രവർത്തനം പൊതുജനങ്ങളുടെ മരണത്തിനും അവർക്ക് മുറിവേൽക്കുന്നതിനും കാരണമായിട്ടുണ്ടെന്ന് കോടതി വിലയിരുത്തി.

മൂന്ന് പേരും തങ്ങൾക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സമ്മതിച്ചതായി റഷ്യയുടെ ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഫൈറിങ് സ്‌ക്വാഡിന് മുമ്പിൽ നിന്ന് ഇവർ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. എന്നാൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതികളുടെ അഭിഭാഷകൻ പറഞ്ഞു. ഇതിനായി ഒരു മാസം സമയമുണ്ട്. വിദേശ പോരാളികളെ തേടി റഷ്യൻ പ്രസിഡൻറ് വ്‌ളാഡ്മിർ പുടിനും യുക്രൈൻ പ്രസിഡൻറ് വ്ളാദിമർ സെലൻസ്‌കിയും രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്ന് നിരവധി പേരാണ് ഇരു രാജ്യങ്ങളുടെയും പടയിൽ അണി നിരന്നത്.

എന്നാൽ പിന്നെറും അസ്‌ലിനും കൂലിപ്പടയാളികളല്ലെന്നും ദീർഘകാലമായി യുക്രൈൻ സൈനികരാണെന്നുമാണ് ബന്ധുക്കൾ അവകാശപ്പെടുന്നത്. ഏപ്രിൽ മധ്യത്തിൽ മരിയുപോൾ ആക്രമണത്തിനിടെയാണ് ഇവർ റഷ്യൻ അനുകൂലികളുടെ പിടിയിലായത്. ഇരുവരുടെയും മോചനത്തിനായി തങ്ങൾ പ്രവർത്തിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വക്താവ് അറിയിച്ചു. വോൾനോവാഖയിൽ വെച്ചാണ് സാദൂൻ കുടുങ്ങിയത്. ഡിപിആറിന് പുറമേ ലുഹാൻസ്‌ക് പീപ്പിൾ റിപ്പബ്ലിക് (എൽ.പി.ആർ) എന്ന പേരിൽ മറ്റൊരു വിമത പ്രദേശവും റഷ്യക്ക് അനുകൂല നിലപാടുമായി യുക്രൈനിൽ നിലകൊള്ളുന്നുണ്ട്.

അതിനിടെ, സോവിയറ്റ്, റഷ്യൻ നിർമിത ആയുധങ്ങൾക്ക് പകരം ഇതര സഖ്യ രാജ്യങ്ങളുടെ ആയുധം ഉപയോഗിക്കുന്നതിലേക്ക് യുക്രൈൻ മാറുകയാണെന്ന് യു.എസ് മിലിട്ടറി അറിയിച്ചു. ഇതിനായി പ്രത്യേക പരിശീലനം തുടങ്ങിയിരിക്കുകയാണ്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈന്റെ കൈവശം അവർ നിർമിച്ച ആയുധങ്ങളാണുണ്ടായിരുന്നത്. റഷ്യ അധിനിവേശം തുടങ്ങിയതോടെ അവ ഉപയോഗിച്ചു കഴിഞ്ഞിരിക്കുകയാണ്. ചിലതൊക്കെ നശിപ്പിക്കപ്പെട്ടിരിക്കുകയുമാണ്.




Execution For three foreigners who came to fight for Ukraine

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News