ഗസ്സയിൽ പട്ടിണിമരണം വ്യാപകം; ഇസ്രായേലിന് മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ

ഭക്ഷണം കാത്തുനിൽക്കുന്നവർക്കു നേരെയുള്ള ഇസ്രായേൽ ക്രൂരതകളിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 1,054 ആയി

Update: 2025-07-24 11:09 GMT

ഗസ്സ: പട്ടിണിമരണം വ്യാപകമായ ഗസ്സയിൽ ഇസ്രായേലിന് മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ. ഭക്ഷ്യവിതരണം തടസ്സപ്പെടുത്തിയാൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇയു വിദേശനയ മേധാവി വ്യക്തമാക്കി. മനുഷ്യനിർമ്മിത പട്ടിണിയും ക്ഷാമവും ഗസയെ ഭൂമിയിലെ നരകമാക്കി മാറ്റിയതായി ആഗോള ആരോഗ്യസംഘടനാ മേധാവി തെദ്രോസ് കുറ്റപ്പെടുത്തി. ഇന്ന് മാത്രം എട്ട് പേർ കൂടി ഗസയിൽ കൊല്ലപ്പെട്ടു

കൊടും പട്ടിണി ആയുധമാക്കി ഗസ്സയിൽ ഫലസ്തീൻ വംശഹത്യ തുടരുന്ന ഇസ്രായേലിനെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായാണ് യൂറോപ്യൻ യൂണിയൻ രംഗത്തുവന്നിരിക്കുന്നത്. കുഞ്ഞുങ്ങൾ ഉൾപ്പെടെ ഇതിനകം നൂറിലേറെ പേർ പട്ടിണി മൂലം മരിച്ച സാഹചര്യത്തിലാണ് ഇയു മുന്നറിയിപ്പ്. ഉടൻ സഹായം ഉറപ്പാക്കാൻ തയാറാകണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു.

Advertising
Advertising

ഇസ്രായേൽ വാക്കു പാലിച്ചില്ലെങ്കിൽ എല്ലാ സാധ്യതകളും മുന്നിലുണ്ടെന്ന് ഇയു വിദേശനയ മേധാവി കാജ കല്ലാസ് വ്യക്തമാക്കി. ഗസ്സയിൽ അടിയന്തര സഹായമെത്തിക്കണമെന്ന ആവശ്യവുമായി 111 ആഗോള സംഘടനകളും രംഗത്തുണ്ട്. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്, ഓക്‌സ്ഫാം ഇന്റർനാഷനൽ, ആംനസ്റ്റി തുടങ്ങിയ സംഘടനകളാണ് രംഗത്തു വന്നത്. ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്ന പേരിൽ ഇസ്രായേൽ ഒരുക്കിയ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ മരണക്കെണികളായി മാറുകയാണെന്ന് സംഘടനകൾ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം ബ്രിട്ടനും കാനഡയുമടക്കം 29 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ അടിയന്തരമായി കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് ഇസ്രായേലിന് കത്തെഴുതിയിരുന്നു. അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗസ്സ വെടിനിർത്തൽ ചർച്ചകൾക്കായി മേഖലയിലേക്ക് പുറപ്പെടും. റോമിൽ ഇസ്രായേൽ നയകാര്യ മന്ത്രി റോൺ ഡെർമറുമായി കൂടിക്കാഴ്ചക്കുശേഷം അദ്ദേഹം ദോഹയിലെത്തുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.

എന്നാൽ ഗസ്സയിൽ നിർണായക പോരാട്ടമാണ് സൈന്യം ഇപ്പോൾ തുടരുന്നതെന്നും ലക്ഷ്യം നേടും വരെ പിൻവാങ്ങില്ലെന്നും ഇസ്രായേൽ സൈനിക മേധാവി പ്രതികരിച്ചു.ഗസ്സയിൽ ഇന്നലെ മാത്രം 77 പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. ഇവരിൽ ഭക്ഷണത്തിന് കാത്തുനിന്ന 25 പേരും ഉൾപ്പെടും. ഭക്ഷണം കാത്തുനിൽക്കുന്നവർക്കു നേരെയുള്ള ഇസ്രായേൽ ക്രൂരതകളിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 1,054 ആയി. ഇസ്രായേൽ വംശഹത്യയിൽ ഇതുവരെ 59,029 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News