ഇസ്രായേലിലെ യുഎസ് എംബസിയിൽ ബോംബ് സ്‌ഫോടനം നടത്താന്‍ ശ്രമം; അമേരിക്കന്‍ പൗരന്‍ അറസ്റ്റില്‍

സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് എംബസി കെട്ടിടം നശിപ്പിക്കാന്‍ ശ്രമിച്ച ജോസഫ് ന്യൂമയറാണ് പിടിയിലായത്

Update: 2025-05-26 05:39 GMT

ന്യൂയോര്‍ക്ക്: ഇസ്രായേലില്‍ യുഎസ് എംബസിക്ക് നേരെ ബോംബ് സ്‌ഫോടനം നടത്താന്‍ ശ്രമിച്ച അമേരിക്കന്‍ പൗരന്‍ അറസ്റ്റില്‍. ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍ വെച്ചാണ് യുഎസ്-ജര്‍മ്മന്‍ ഇരട്ട പൗരത്വമുള്ളയാളെ എഫ്ബിഐ (ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ ) അറസ്റ്റ് ചെയ്തത്. ജോസഫ് ന്യൂമയര്‍ (28) എന്ന വ്യക്തിയാണ് എഫ് ബി ഐയുടെ പിടിയിലായത്. ഇസ്രായേലിലെ ടെല്‍ അവീവിലുള്ള യുഎസ് എംബസി ബ്രാഞ്ച് ഓഫീസിലാണ് ബോംബ് സ്‌ഫോടനം നടത്താന്‍ ശ്രമിച്ചത്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് എംബസി കെട്ടിടം നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കേസ്.

Advertising
Advertising

പ്രതിയെ കോടതിയില്‍ ഹാജരാക്കി. യുഎസിലെ കൊളറാഡോ സ്വദേശിയായ ജോസഫ് ന്യൂമേയര്‍ ഏപ്രിലിലാണ് ഇസ്രായേലില്‍ എത്തിയത്. ഒരു കറുത്ത ബാക്ക്പാക്കുമായാണ് ജോസഫ് ടെല്‍ അവീവ് എംബസിയില്‍ എത്തിയത്. എംബസി ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബാഗ് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് മൊളോടോവ് കോക്ടെയിലുകള്‍ എന്നറിയപ്പെടുന്ന മൂന്ന് നൂതന തീപിടുത്ത ഉപകരണങ്ങള്‍ ബാഗില്‍ കണ്ടെത്തിയത്. ആക്രമണത്തിന് എത്തുന്നതിന് മുമ്പ് ജോസഫ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. 'ടെല്‍ അവീവിലെ എംബസി കത്തിക്കുന്നതിന് എന്നോടൊപ്പം ചേരൂ', എന്നായിരുന്നു സന്ദേശം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജീവന് ഭീഷണി ഉയര്‍ത്തുന്ന പോസ്റ്റുകളും നേരത്തെ ജോസഫ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

'ഇത്തരം അക്രമങ്ങള്‍ ഒരിക്കലും അനുവദിക്കില്ല, പ്രതിക്കെതിരെ പരമാവധി ശിക്ഷ ഉറപ്പാക്കും,' അറ്റോര്‍ണി ജനറല്‍ പമേല ബോണ്ടി പറഞ്ഞു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ജോസഫ് ന്യൂമെയര്‍ക്ക് അഞ്ച് മുതല്‍ 20 വര്‍ഷം വരെ തടവും 250,000 ഡോളര്‍ വരെ പിഴയും ലഭിക്കുമെന്ന് കോടതി അറിച്ചു. കഴിഞ്ഞദിവസമാണ് വാഷിംഗ്ടണിലെ ജൂത മ്യൂസിയത്തിന് സമീപമുണ്ടായ വെടിവെപ്പില്‍ രണ്ട് ഇസ്രായേല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News